tagore

തിരുവനന്തപുരം:നഗരത്തിന്റെ സാംസ്കാരിക മുഖമായ ടാഗോർ തിയേറ്റർ നവീകരണത്തിന്റെ ഭാഗമായി അട‌ച്ചിടുന്നു.മേൽക്കൂരയിലെ ചോർച്ച ഉൾപ്പെടെയുള്ളവ പരിഹരിക്കുന്നതിനായാണ് ഫെബ്രുവരി ഒന്നു മുതൽ താത്കാലികമായി പൂട്ടുവീഴുന്നത്.രാജ്യാന്തര ചലച്ചിത്രമേള ഉൾപ്പെടെ നിരവധി സാംസ്കാരിക പരിപാടികൾക്ക് ആതിഥ്യമരുളിയ ടാഗോർ തിയേറ്റർ 2015ൽ കോടികൾ മുടക്കി നവീകരണം നടത്തിയിരുന്നു. ഏഴു വർഷം പോലും പൂർത്തിയാകുന്നതിനു മുൻപ് വീണ്ടും നവീകരണത്തിനായി അടച്ചിടുകയാണ്.

രാജ്യത്തുടനീളമുള്ള ടാഗോർ സെന്റിനറി ഹാൾ പദ്ധതിയുടെ നവീകരണത്തിന്റെ ഭാഗമായാണ് ടാഗോർ തിയേറ്ററും ഇന്നു കാണുന്ന രീതിയിലാക്കിയത്. എന്നാൽ,അന്ന് മേൽക്കൂര പഴയതുതന്നെ നിലനിറുത്തിയായിരുന്നു നവീകരണം നടത്തിയത്. കോടികൾ മുടക്കി നവീകരണം നടത്തിയതിൽ അഴിമതിയുണ്ടെന്ന ആരോപണം അന്നേ ഉയർന്നിരുന്നു. അന്ന് 3000 ചതുരശ്ര അടി വിസ്തീർണമുള്ള സ്റ്റേജും 905 പേർക്ക് ഇരിക്കാനുള്ള സൗകര്യവും മെച്ചപ്പെട്ട ഒരു ഡിജിറ്റൽ പ്രൊജക്ഷൻ സിസ്റ്റം,ലൈറ്റ്, ഓഡിയോ സിസ്റ്റം എന്നിവയും സജ്ജീകരിച്ചാണ് നവീകരണം നടത്തിയത്.

എന്നാൽ ഇന്ന് കെട്ടിടത്തിലെ ചിലയിടങ്ങളിൽ ചോർച്ച കണ്ടെത്തി. ഇവിടങ്ങളിൽ പ്ളാസ്റ്ററിംഗ് നടത്താനാണ് ഉദ്ദേശിക്കുന്നത്.സ്റ്റേജിന്റെ ഭാഗത്തും അറ്റകുറ്റപ്പണികളുണ്ട്. പെയിന്റടിച്ച് മോടി കൂട്ടുന്നുമുണ്ട്. ബാത്ത്റൂമിന്റെ അറ്റകുറ്റപ്പണികളും ലൈറ്റിന്റേതുൾപ്പെടെയുള്ള പുതുക്കിപ്പണിയലുകളും നവീകരണത്തിന്റെ ഭാഗമായി നടക്കും. പി.ഡബ്ളിയു.ഡിക്കാണ് നവീകരണച്ചുമതല.

നടപ്പുസാമ്പത്തികവർഷം തന്നെ പൂർത്തിയാക്കണമെന്ന നിർദ്ദേശമുള്ളതിനാലാണ് ഫെബ്രുവരിയിൽ നവീകരണത്തിനായി അടച്ചിടാൻ തീരുമാനിച്ചത്. ജനുവരി അവസാനം വരെയും കലാപരിപാടികൾക്കായി ടാഗോർ തിയേറ്റർ ബുക്കിംഗ് ആയിക്കഴിഞ്ഞു. അതിനു ശേഷം പുതിയ പരിപാടികളൊന്നും ഏറ്റെടുത്തിട്ടില്ല.കൾച്ചറൽ ഡെവലപ്‌മെന്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള പി.ആർ.ഡിയുടെ കൾച്ചറൽ ഡെവലപ്‌മെന്റ് ഓഫീസ് വഴിയാണ് തിയേറ്ററിന്റെ പ്രവർത്തനം നിയന്ത്രിക്കുന്നത്. ഇവന്റുകളുടെ ഹോസ്റ്റിംഗ്,ബുക്കിംഗ്,ബന്ധപ്പെട്ട കാര്യങ്ങൾ എന്നിവ മാനേജരാണ് കൈകാര്യം ചെയ്യുന്നത്.