
നിറഞ്ഞാടുന്ന പൃഥ്വിരാജ്, മികച്ച പ്രകടനത്തിൽ ആസിഫ്
കടുവ എന്ന ഇൗവർഷത്തെ ഏറ്റവും പണം വാരിയ ചിത്രത്തിനുശേഷം ഷാജി കൈലാസും പൃഥ്വിരാജും ഒരുമിക്കുന്ന കാപ്പ തിയേറ്ററുകളിൽ കൊടുങ്കാറ്റായി മാറുന്നു. മാസ് ഗിമിക്കുകളില്ലാത്ത വൃത്തിയും വെടിപ്പുമുള്ള ആക്ഷൻ സിനിമയാണ് കാപ്പ. തിരുവനന്തപുരം നഗരത്തിൽ ഒരുകാലത്ത് അഴിഞ്ഞാടിയിരുന്ന ക്വട്ടേഷൻ ഗ്യാങുകളുടെ തീരാത്ത കുടിപ്പകയുടെ കഥയാണ് കാപ്പ പറയുന്നത്.
കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട് അഥവാ കാപ്പ എന്ന നിയമം ഏറെ പരിചിതമാണ് താനും. കഥയ്ക്ക് ഏറെ അനുയോജ്യമായ ടൈറ്റിൽ.യുവാവായും മദ്ധ്യവയ്സകനായും രണ്ട് ഗെറ്റപ്പുകളിൽ പൃഥ്വിരാജ് ചിത്രത്തിൽ നിറഞ്ഞുനിൽക്കുന്നു. വെട്ടാനും കുത്താനും നടന്ന യുവാവായ കൊട്ടമധുവും മദ്ധ്യവയസ്കനായ കൊട്ടമധുവും. പൃഥ്വിരാജിന്റെ മികച്ച പ്രകടനം തന്നെയാണ് ചിത്രത്തിന്റെ നട്ടെല്ല് .ആക്ഷൻ രംഗങ്ങളിലെ കൈയടക്കം കൊട്ടമധുവിനെ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവനാക്കുന്നു.ഈ വർഷം വേറിട്ട വേഷങ്ങളിൽ തിളങ്ങുന്ന ആസിഫ് അലിയുടെ മികച്ച പ്രകടനമായി ആനന്ദ് എന്ന കഥാപാത്രം അടയാളപ്പെടുത്തുന്നു. അപർണ ബാലമുരളിയുടെ പ്രമീളയും അന്നബെന്നിന്റെ ബിനു ത്രിവിക്രമനും മികവുറ്റവരാണ്. ജഗദീഷും ദിലീഷ് പോത്തിനും തികച്ചും വ്യത്യസ്തമായ കഥാപാത്രങ്ങളായി എത്തി.റോഷാക്കിനുശേഷം എത്തുന്ന ജഗദീഷിന്റെ മികച്ച കഥാപാത്രമാണ്. ജി.ആർ. ഇന്ദുഗോപന്റെ ശംഖുമുഖി എന്ന ലഘു നോവലിനെ ആസ്പദമാക്കിയാണ് ഷാജി കൈലാസ് കാപ്പ ഒരുക്കിയത്. ചിത്രത്തിന് തിരക്കഥ ഒരുക്കിയതും ഇന്ദുഗോപൻ തന്നെ. മനോഹര ദൃശ്യങ്ങളാൽ സമ്പന്നമാണ് ജോമോൻ ടി. ജോണിന്റെ കാമറ. ജേക് സ് ബിജോയ് യുടെ പശ്ചാത്തല സംഗീതം കഥ പറച്ചലിന് ശക്തി പകരുന്നു.
ഫെഫ്ക റൈറ്റേഴ്സ് യൂണിയന്റെ പങ്കാളിത്തത്തിലുള്ള ആദ്യ നിർമ്മാണ സംരംഭമാണ് കാപ്പ.
അംഗങ്ങളുടെ ക്ഷേമ പ്രവർത്തനത്തിനുള്ള ഫണ്ട് സ്വരൂപിക്കുന്നതിന്റെ ഭാഗമായി ഡോൾവിൻ കുര്യാക്കോസ്, ജിനു വി. എബ്രഹാം, ദിലീഷ് നായർ എന്നിവർ പങ്കാളികളായ തിയേറ്റർ ഒഫ് ഡ്രീംസ് സരിഗമ പ്രൈവറ്റ് ലിമിറ്റഡുമായി ചേർന്നാണ് നിർമ്മാണം.ക്രിസ്മസ് കാലത്തിന്റെ ആഘോഷത്തിലേക്ക് കാപ്പ പ്രേക്ഷകനെ കൂട്ടി കൊണ്ടുപോവും എന്ന് ഉറപ്പിക്കാം.