k

തിരുവനന്തപുരം: എട്ടാം ക്ലാസുകാരിയെ നിരന്തരം പീഡിപ്പിച്ച് ഗർഭിണിയാക്കിയ രണ്ടാനച്ഛന് മരണം വരെ കഠിന തടവ്. പള്ളിച്ചൽ ഞാറയിൽകോണം സ്വദേശിയാണ് പ്രതി. പോക്സോ,ഐ.പി.സി വകുപ്പുകൾ പ്രകാരം അഞ്ച് ജീവപര്യന്തം കഠിനതടവും 2.5ലക്ഷം പിഴയും വിധിച്ചു. പിഴയടച്ചില്ലെങ്കിൽ 5വർഷം അധിക തടവ് അനുഭവിക്കണം. പിഴയൊടുക്കിയാൽ 2ലക്ഷം രൂപ ഇരയായ പെൺകുട്ടിക്ക് നൽകണമെന്നും പോക്‌സോ കോടതി ജഡ്ജി എം.പി. ഷിബു ഉത്തരവിട്ടു.

കുട്ടിക്ക് ആറുവയസുള്ളപ്പോഴാണ് പ്രതിയെ കുട്ടിയുടെ മാതാവ് വിവാഹം ചെയ്തത്. അന്നുമുതൽ കുട്ടിയെ പ്രതി ഉപദ്രവിച്ചിരുന്നു. കുട്ടിയുടെ അമ്മ കടുത്ത രക്തസമ്മർദ്ദത്തിനും ഹൃദ്രോഗത്തിനും ചികിത്സയിലായിരുന്നു. അമ്മ മരിച്ചുപോവുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതി കുട്ടിയെ പീഡിപ്പിച്ചിരുന്നത്.

പനിയും ഛർദ്ദിയും ബാധിച്ച് 2021ൽ ആശുപത്രിയിലെത്തിച്ചപ്പോൾ ഡോക്ടറോടാണ് കുട്ടി പീഡനവിവരം പറഞ്ഞത്. പ്രതിക്ക് ജാമ്യം പോലും നൽകാതെ,കോടതി വിചാരണാ നടപടികൾ അതിവേഗം പൂർത്തിയാക്കുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം ജെ. കെ. അജിത് പ്രസാദ് ഹാജരായി.