general

ബാലരാമപുരം: ബാലരാമപുരം ദേശീയപാതയിൽ ഓടകളിലെ സ്ലാബുകൾ തകർന്നിട്ടും അധികൃതർ തിരിഞ്ഞു നോക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. ദേശീയപാതയുടെ രണ്ടാംഘട്ട വികസനത്തോടനുബന്ധിച്ച് കൊടിനട ബാലരാമപുരം ജംഗ്ഷനിലേക്ക് താത്കാലികമായി തീർത്ത ഓടയിലെ സ്ലാബുകളാണ് തകർന്നത്. ഓടനിർമ്മിതിയിലെ അശാസ്ത്രീയതയാണ് ഓട പൊളിയാൻ കാരണമെന്ന് കച്ചവടക്കാർ പറയുന്നു. ദേശീയപാതയിൽ ബസ് സ്റ്റോപ്പിന് വിളിപ്പാടകലെയും കൊടിനട ഭാഗത്തും ഓടകളിലെ മേൽമൂടികൾ തകർന്നിരിക്കുകയാണ്. ആഴ്ചകൾക്ക് മുൻപ് കൊടിനട ഭാഗത്തെ ഓടയ്ക്ക് മീതെ സ്ഥാപിച്ചിരുന്ന സ്ലാബുകൾ മോഷണം പോയിരുന്നു. നാട്ടുകാർ പൊലീസിൽ പരാതി അറിയിച്ചിട്ടും മോഷ്ടാവിനെ ഇതുവരെയും പൊലീസ് പിടികൂടിയിട്ടില്ല. ബാലരാമപുരം ജംഗ്ഷനിൽ തന്നെയാണ് പൊലീസ് എയിഡ് പോസ്റ്റുള്ളത്. പൊലീസ് സ്റ്റേഷന് വിളിപ്പാടകലെയാണ് സ്ലാബുകൾ മോഷണം പോയിരിക്കുന്നത്. ജംഗ്ഷനിൽ കൂടുതൽ സി.സി.ടി.വി കാമറകൾ സ്ഥാപിച്ചാൽ മാത്രമേ ബാലരാമപുരത്ത് ക്രമസമാധാനപാലനം കൂടുതൽ കാര്യക്ഷമമാവുകയുള്ളൂവെന്നാണ് വ്യാപാര സംഘടനകൾ പറയുന്നത്.

 ഓട തകരാൻ കാരണമേറെ

മതിയായ രീതിയിൽ മണ്ണിട്ട് ഉറപ്പ് വരുത്താതെയും കോൺക്രീറ്റ് വേണ്ടവിധം ഉപയോഗിക്കാതെയുമാണ് ഓടയുടെ നിർമ്മാണം പൂർത്തീകരിച്ചത്. മഴയത്ത് വെള്ളം കെട്ടിനിൽക്കുന്നത് നടപ്പാതയിലെ സ്ലാബുകൾ കൂടുതൽ ഇളകി വീഴുന്നതിന് കാരണമായി. നിർമ്മിതി കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞതും ഓടയുടെ മേൽമൂടികൾ പൊട്ടിപ്പൊളി‌ഞ്ഞത് വൻ പ്രതിഷേധത്തിനിടയാക്കിയിരുന്നു. നിലവിൽ ഓടകളിൽ വലിയ കുഴികൾ രൂപപ്പെട്ട് മേൽമൂടിപോലും സ്ഥാപിക്കാൻ കഴിയാത്ത അവസ്ഥയാണ്. ഓട തകർന്നതോടെ വിദ്യാർത്ഥികളുൾപ്പെടെയുള്ള വഴിയാത്രക്കാർ ദേശീയപാതയിലൂടെയാണ് നടന്നു പോകുന്നത്. ഇത് കൂടുതൽ അപകടം ക്ഷണിച്ചുവരുത്തുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. ഹോട്ടൽ മാലിന്യവും അജൈവമാലിന്യവുമെല്ലാം അടിഞ്ഞുകൂടുന്നതു കാരണം ബാലരാമപുരം കാട്ടാക്കട റോഡിലും ഓടയിലെ സ്ലാബുകൾ തകർന്ന നിലയിലാണ്. തിരക്കേറിയ സമയങ്ങളിൽ ഫുട്ട് പാത്തിലൂടെയും ഇരുചക്രവാഹനങ്ങൾ കടന്നുപോകുന്നത് ഓടയിലെ സ്ലാബുകൾ തകരാൻ കാരണമായിട്ടുണ്ട്.

 ഓടനിർമ്മിക്കാൻ പുതിയ ഫണ്ടില്ല

ദേശീയപാതയുടെ മൂന്നാംഘട്ടമായ കൊടിനട - വഴിമുക്ക് വികസനത്തിന്റെ പ്രാരംഭ ജോലികൾ ആരംഭിച്ചതിനാൽ പ്രത്യേക ഫണ്ട് അനുവദിച്ച് ഓടനവീകരണം നടക്കില്ലെന്നാണ് ദേശീയപാത അധികൃതർ പറയുന്നത്. എന്നാൽ പൊട്ടിപ്പൊളിഞ്ഞ ഭാഗത്തെ ഓടയിലെ സ്ലാബുകൾ മാറ്റി പുതിയത് സ്ഥാപിക്കണമെന്നാണ് വഴിയാത്രക്കാരും സമീപ കച്ചവടക്കാരും ആവശ്യപ്പെടുന്നത്. ഭാഗികമായി തകർന്ന ഫുട്ട്പാത്തിലെ സ്ലാബുകളുടെ നവീകരണം അടിയന്തരമായി നടന്നില്ലെങ്കിൽ ഓടയിലെ സ്ലാബുകൾ പൂ‌ർണമായും തകരും. ദേശീയപാതയിൽ നിന്ന് അനുമതി തേടി ബാലരാമപുരം പഞ്ചായത്തിലെ കരാർ കോൺട്രാക്ടർമാരെക്കൊണ്ട് താത്കാലിക ഫണ്ട് അനുവദിച്ച് ഓടനവീകരിക്കണമെന്ന ആവശ്യം ശക്തമാണ്.