mahadevan

തിരുവനന്തപുരം: കുംഭകോണത്ത് നിന്നും തിരുവനന്തപുരത്തെ വീട്ടിലേക്കുള്ള യാത്രയ്‌ക്കിടെയായിരുന്നു കേന്ദ്ര സാഹിത്യ അക്കാഡമി ഭരണസമിതി അംഗമായി തിരഞ്ഞെടുക്കപ്പെട്ട വാർത്ത എസ്.മഹാദേവൻ തമ്പി അറിയുന്നത്. യുവപ്രതിഭകളെ വാർത്തെടുക്കുകയാണ് ലക്ഷ്യമെന്നും നിലവാരമുള്ള സാഹിത്യകൃതികൾ പ്രോത്സാഹിപ്പിക്കാനും പ്രസിദ്ധീകരിക്കാനും അക്കാഡമി അംഗത്വം ഉപയോഗിക്കുമെന്നും തമ്പുരാൻമുക്കിലെ ദേവീമന്ദിരത്തിലെത്തിയ അദ്ദേഹം കേരളകൗമുദിയോട് പറഞ്ഞു. നാല് പതിറ്റാണ്ട് നീണ്ട എഴുത്തിന്റെ തഴക്കവുമായാണ് മഹാദേവൻ തമ്പി കേന്ദ്രസാഹിത്യ അക്കാഡമിയുടെ ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.

കാഴ്‌ചകളുടെ ധാരാളിത്തത്തിൽ നിന്ന് ഉൾക്കാഴ്‌ചകളെ പുറത്തെടുക്കുന്നവയായിരുന്നു അദ്ദേഹത്തിന്റെ കഥകളും നോവലുകളും. പുതിയ ലോകക്രമത്തിലെ ചതിക്കുഴികളെയും മരണക്കെണികളെയും ചൂണ്ടിക്കാണിച്ച അവ മനുഷ്യജീവിതത്തിലെ ആന്തരികസംഘർഷങ്ങളെ വായനക്കാരിലെത്തിച്ചു. അശാന്തമായ ശ്രീലങ്കൻ സമുദ്രങ്ങളുടെ ആഴച്ചുഴികളെപ്പറ്റി പറയുന്ന അലകളില്ലാത്ത കടൽ എന്ന നോവൽ പ്രശസ്‌തമാണ്. അദ്ദേഹമെഴുതിയ ജലപർവം മലയാളത്തിലെ ആദ്യത്തെ പരിസ്ഥിതി നോവലെന്നാണ് അറിയപ്പെടുന്നത്. കാശ്‌മീരിന്റെ പശ്‌ചാത്തലത്തിലെഴുതിയ ആസാദി എന്ന നോവൽ അഞ്ച് ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. എന്റെ നീല സമുദ്രം എന്ന നോവലും ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. കണ്ടൽക്കാട്, അധിനിവേശം, അതിരുകൾ, ശിശിരത്തിലെ സൂര്യൻ, ആകാശങ്ങളുടെ അവകാശികൾ എന്നിവയാണ് കഥാസമാഹാരങ്ങൾ. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡും ഉറൂബ് അവാർഡും എഴുത്തുവഴിയിൽ മഹാദേവൻ തമ്പിയെ തേടിയെത്തി.

മുതുകുളമാണ് ജന്മദേശമെങ്കിലും ഏറെക്കാലമായി തിരുവനന്തപുരമാണ് പ്രവർത്തനമണ്ഡലം. ഡൽഹി സർവകലാശാലയിൽ നിന്നും ജേർണലിസത്തിലും ധനതത്വ ശാസ്‌ത്രത്തിലും ബിരുദം നേടിയ അദ്ദേഹം ഇൻഫർമേഷൻ വകുപ്പിൽ അഡിഷണൽ ഡയറക്‌ടറായിരുന്നു. എസ്.ബി.ഐയിൽ നിന്നും വിരമിച്ച ശ്രീകുമാരിയാണ് ഭാര്യ. മംഗലാപുരം എയർപോർട്ട് മാനേജർ അരുൺ മഹാദേവൻ, ഡോ.അമ്മു ശ്രീപാർവതി എന്നിവരാണ് മക്കൾ.