തിരുവനന്തപുരം:അരുവിക്കരയിൽ നിന്ന് മൺവിള ടാങ്കിലേക്ക് ജലം എത്തിക്കുന്ന 900 എം.എം പൈപ്പ് പൊട്ടിയതിനെ തുടർന്ന് തടസപ്പെട്ട ജലവിതരണം പുനസ്ഥാപിച്ചു.ഇന്നലെ രാത്രിയോടെ ജലവിതരണം പുനസ്ഥാപിക്കാനാവുമെന്ന് കരുതിയതെങ്കിലും പുലർച്ചെ 5.30 ഓടെ തന്നെ പണികൾ പൂർത്തിയാക്കി കുടിവെള്ള വിതരണം തുടങ്ങുകയായിരുന്നെന്ന് എക്സിക്യുട്ടീവ് എൻജിനിയർ എൻ.ആർ.ഹരി പറ‌ഞ്ഞു. താഴ്ന്ന പ്രദേശങ്ങളിൽ ഇന്നലെ വൈകിട്ടോടെ വെള്ളമെത്തി.ഉയർന്ന പ്രദേശങ്ങളിൽ ഇന്ന് ഉച്ചയോടെ ജലവിതരണം പൂർവാവസ്ഥയിലാകുമെന്നും വാട്ടർ അതോറിട്ടി അറിയിച്ചു. അതേസമയം, അറ്റകുറ്റപ്പണിയെ തുടർന്ന് അടച്ച അമ്പലമുക്ക് - മുട്ടട റോഡ് ഇന്ന് ഗതാഗതത്തിനായി തുറന്നുനൽകും.