k

തിരുവനന്തപുരം: അദ്ധ്യാപക പരിശീലനത്തിനായി യു.ജി.സി പുറപ്പെടുവിച്ച ഇന്ത്യൻ നോളജ് സിസ്റ്റം സംബന്ധിച്ച കരട് മാർഗ്ഗനിർദ്ദേശങ്ങൾ പഠിക്കാൻ സമിതിയെ നിയോഗിച്ചു. പ്രൊഫ. റൊമിലാ ഥാപ്പർ (ജെ.എൻ.യു), ഡോ. എം.എസ് വല്യത്താൻ (മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ്), പ്രൊഫ. പി.പി ദിവാകരൻ (മുൻ പ്രൊഫസർ ടി.ഐ.എഫ്.ആർ, മുംബയ്,), പ്രൊഫ. ശ്രീനിവാസ വരാകെഡി (വൈസ് ചാൻസർ, കവികുലഗുരു കാളിദാസ സംസ്കൃത സർവകലാശാല, റാംടെക്) എന്നിവരാണ് സമിതിയിലുള്ളത്..

കോളേജ് അദ്ധ്യാപകരുടെ സ്ഥാനക്കയറ്റത്തിന് ഹിന്ദു മതപഠനമടക്കം റിഫ്രഷർ കോഴ്സുകൾ നിർബന്ധമാക്കിയുള്ളതാണ് കരട് മാർഗ്ഗനിർദ്ദേശം. നിലവിൽ മനുഷ്യാവകാശത്തിലടക്കമാണ് സ്ഥാനക്കയറ്റത്തിനുള്ള റിഫ്രഷർ കോഴ്സുകൾ. ഇതേക്കുറിച്ച് വിശദമായി പഠിച്ച് റിപ്പോർട്ട് നൽകാനാണ് സമിതി. മന്ത്രി ആർ.ബിന്ദുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതവിദ്യാഭ്യാസ കൗൺസിൽ ഗവേണിംഗ് ബോഡി യോഗത്തിലാണ് തീരുമാനം.

സർവകലാശാലകളിലെയും കോളേജുകളിലെയും പുതുതലമുറ കോഴ്സുകൾക്ക് തുല്യതയും അംഗീകാരവും നൽകുന്നത് പി.എസ്.സിയുമായി ചർച്ച നടത്തും. സെന്റർ ഒഫ് എക്സലൻസ്, നോളഡ്ജ് ട്രാൻസ്ലേഷൻ റിസർച്ച് എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങൾ പ്ലാനിംഗ് ബോർഡുമായി ചർച്ച നടത്തും. സർവകലാശാലകളിൽ പ്രഗത്ഭരുടെ അനുസ്മരണ പ്രഭാഷണങ്ങൾ സംഘടിപ്പിക്കും. ആരോഗ്യം, മലയാളം സർവകലാശാലകളിൽ ഡോ.പല്പ്പു, കണ്ണൂരിൽ ഡോ.ജാനകി അമ്മാൾ, കേരളയിൽ ഡോ. താണു പദ്മനാഭൻ, കുസാറ്റിൽ ഡോ. ഡി രാമചന്ദ്രൻ, കാലിക്കറ്റിൽ ഡോ. എം. വിജയൻ, എം.ജിയിൽ ഡോ. ഇ.സി.ജി സുദർശൻ അനുസ്മരണ പ്രഭാഷണങ്ങളാണ് നടത്തുക.

കോൺസ്റ്റിറ്റുവന്റ് കോളേജുകൾ സ്ഥാപിക്കാനുള്ള കരട് നിയമം തയ്യാറാക്കും. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ട്രാൻസ്ജെൻഡർ വിദ്യാർത്ഥികൾക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കാനുള്ള മാർഗ്ഗ നിർദ്ദേശം പുറപ്പെടുവിക്കാൻ സർക്കാരിനോട് യോഗം ശുപാർശ ചെയ്തു. പാഠ്യപദ്ധതി പരിഷ്കരണത്തിനായി സർവകലാശാലാ, കോളേജ് അദ്ധ്യാപകർക്ക് പരിശീലനം നൽകും. വിദ്യാർത്ഥികൾക്ക് വിദേശത്തെ സമ്മേളനങ്ങളിൽ പങ്കെടുക്കാൻ സ്റ്റുഡന്റ് മൊബിലിറ്റി ഫണ്ട് രൂപീകരിക്കാനും കൗൺസിൽ ശുപാർശ ചെയ്തു.