
വർക്കല: വർക്കല ടൂറിസം മേഖലയിൽ വർക്കല പൊലീസും ഡാൻസാഫ് ടീമും നടത്തിയ മിന്നൽ പരിശോധനയിൽ വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന മദ്യശേഖരവുമായി മൂന്ന് പേരെ അറസ്റ്റ് ചെയ്തു.
വർക്കല പെരുംകുളം പുതുവൽ വീട്ടിൽ കണ്ണൻ എന്നുവിളിക്കുന്ന വിനോദ് (31), പെരുംകുളം പുത്തൻവീട്ടിൽ മുഹമ്മദ് (26), കോവളം പനത്തുറ വെളിവിളാകം വീട്ടിൽ മുഹമ്മദ് ഹാജ (22) എന്നിവരാണ് പിടിയിലായത്. 7 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവും 37 കുപ്പി ബിയറും മയക്കുമരുന്ന് ഉപയോഗിക്കുന്ന ഉപകരണവും പുകയില ഉത്പന്നങ്ങളും കണ്ടെടുത്തു. നോർത്ത് ക്ലിഫിൽ പ്രവർത്തിക്കുന്ന ഗോഡ്സ് ഓൺ കൺട്രി കിച്ചൺ റസ്‌റ്റോറന്റിലെ ജീവനക്കാരാണ് ഇവർ. ഇവർ താമസിക്കുന്ന മംഗ്ലാവ് മുക്കിന് സമീപത്തെ വീട്ടിൽ നിന്നാണ് ലഹരിവസ്തുക്കൾ പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി ഡാൻസാഫ് ടീമിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഡാൻസാഫ് ടീമും പൊലീസും സംയുക്തമായി റസ്റ്റോറന്റിലും ജീവനക്കാരുടെ താമസസ്ഥലത്തും റെയ്ഡ് നടത്തുകയായിരുന്നു. റിസോർട്ട് നടത്തിപ്പുകാർക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
ഗോഡ്സ് ഓൺ കൺട്രി കിച്ചൺ റസ്റ്റോറന്റിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുമതി ഇല്ലാതെ മദ്യം ഉൾപ്പെടെ വിളമ്പി നിശാപാർട്ടി നടന്നിരുന്നു. ക്രിമിനൽ പശ്ചാത്തലമുള്ളവർ ഇവിടെ സ്ഥിരമായി എത്താറുണ്ടെന്നും അക്രമം നടത്തുന്നുവെന്നും ഡാൻസാഫ് ടീമിന് രഹസ്യവിവരം ലഭിച്ചിരുന്നു. താമസസ്ഥലത്ത് സൂക്ഷിച്ചശേഷമാണ് ആവശ്യക്കാർക്ക് റസ്റ്റോറന്റിൽ മദ്യമെത്തിച്ചിരുന്നത്. വർക്കല ഇൻസ്പെക്ടർ എസ്.സനോജ്, എസ്.ഐ പി.ആർ.രാഹുൽ, ഡാൻസാഫ് എസ്.ഐ ബിജു ഹക്ക്, എ.എസ്.ഐ ബിജു, സി.പി.ഒമാരായ വിനീഷ്, സുനിൽരാജ് എന്നിവരടങ്ങുന്ന സംഘമാണ് റെയ്ഡ് നടത്തിയത്. ക്രിസ്മസ് പുതുവത്സരാഘോഷ സമയത്ത് വർക്കലയിൽ പരിശോധന ശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചു.