വർക്കല: ശ്രീനാരായണഗുരുദേവന്റെ പ്രിയശിഷ്യനായിരുന്ന നടരാജഗുരു സ്ഥാപിച്ച നാരായണ ഗുരുകുല പ്രസ്ഥാനത്തിന്റെ 72-ാമത് വാർഷിക കൺവെൻഷന് ഇന്ന് തുടക്കമാകും.
1923ൽ ഊട്ടിയിൽ കൂനൂരിലെ ഒരു തേയിലഫാക്ടറി കെട്ടിടത്തിലായിരുന്നു നാരായണഗുരുകുലപ്രസ്ഥാനത്തിന്റെ തുടക്കം. അതുപ്രകാരം ഗുരുകുലപ്രസ്ഥാനം നൂറാം വയസിലേക്ക് കടക്കുകയാണ്. നാരായണഗുരുകുലത്തിന്റെ ഒരുവർഷം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷത്തിന്റെ ഔപചാരിക ഉദ്ഘാടനം പിന്നീട് നടക്കും. 1971ലും 72ലും എഴിമലയിലും ശാസ്താംകോട്ടയിലുമായി നടത്തിയ ലോകസമാധാന സമ്മേളനത്തിന്റെ കനകജൂബിലിയും ശതാബ്ദിആഘോഷത്തോടൊപ്പം നടത്തുമെന്ന് നാരായണഗുരുകുലാദ്ധ്യക്ഷൻ ഗുരുമുനിനാരായണപ്രസാദ് പറഞ്ഞു.
ഇന്ന് രാവിലെ 9ന് ഡോ.പീറ്റർമൊറാസ് (യു.എസ്.എ) പതാക ഉയർത്തും. 9.10ന് ഹോമം, ഉപനിഷത്ത് പാരായണം, പ്രവചനം എന്നിവയ്ക്കു ശേഷം 10ന് ഗുരു മുനിനാരായണ പ്രസാദ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. സ്വാമി ത്യാഗീശ്വരൻ അദ്ധ്യക്ഷത വഹിക്കും. സനൽമാധവ് (ഇംഗ്ലണ്ട്), ഡോ.പീറ്റർ ഓപ്പൻഹൈമർ എന്നിവർ സംസാരിക്കും. നടരാജഗുരു രചിച്ച ലോകസമാധാനം ഏകാത്മകതാബോധം വഴി, നടരാജഗുരു- ഗുരുത്വത്തെ പുനഃപ്രതിഷ്ഠിച്ച ബ്രഹ്മജ്ഞാനി എന്നീ പുസ്തകങ്ങളുടെ പ്രകാശനം നടത്തും. 11.30ന് സെമിനാർ -ഗുരുകുലം ശതാബ്ദി വർഷത്തിൽ. മോഡറേറ്റർ- ഡോ.പ്രഭാവതി പ്രസന്നകുമാർ. നടരാജഗുരുവിന്റെ ഗുരുവരുളിലൂടെ എന്ന പ്രബന്ധം ഡോ.എസ്.കെ.രാധാകൃഷ്ണനും സമൂഹം കണ്ട നാരായണഗുരുവും നടരാജഗുരു കണ്ടെത്തിയ നാരായണഗുരുവും എന്ന പ്രബന്ധം ഡോ.പി.കെ.സാബുവും അവതരിപ്പിക്കും.
വൈകിട്ട് 3.30ന് ഗ്രൂപ്പ് ചർച്ചയും 4.30ന് സമാപന ചർച്ചയും. 7ന് പ്രാർത്ഥനായോഗം. പ്രവചനം: ഗുരു മുനിനാരായണ പ്രസാദ്, സ്വാമി വിദ്യാധിരാജ. 9.30ന് വയലിൻ കച്ചേരി. തുടർന്ന് ഗുരുദേവകൃതികളുടെ സംഗീതാവിഷ്കരണം. ഒരാഴ്ചക്കാലത്തെ കൺവെൻഷനിൽ ഗൃഹസ്ഥശിഷ്യരുടെ കൂട്ടായ്മയായ പീതാംബരസൗഹൃദത്തിലെ അംഗങ്ങളും മറ്റു ജിജ്ഞാസുക്കളും ഗുരുകുലത്തിൽ സഹവസിക്കും.
നാരായണഗുരു ദർശനം പാശ്ചാത്യ പൗരസ്ത്യ ദർശനങ്ങളുമായുള്ള താരതമ്യപഠനമാണ് നാരായണഗുരുകുലത്തിൽ നടക്കുന്നത്. ഇത്തരത്തിൽ 350ൽപരം പുസ്തകങ്ങളും പുറത്തിറങ്ങിയിട്ടുണ്ട്. ഇന്ത്യക്കകത്തും പുറത്തുമായി 17 ആശ്രമങ്ങളും പ്രവർത്തിച്ചു വരുന്നു. അമേരിക്കയിൽ രണ്ടും ഫിജിയിലും സിംഗപ്പൂരിലുമായി ഒരോ ആശ്രമങ്ങളും ഉൾപ്പെടെ നാല് ആശ്രമങ്ങളാണ് വിദേശത്തുളളത്. അമേരിക്കയിൽ പോർട്ട്ലാൻഡിലുളള ആശ്രമം ഗുരുകുലത്തിന്റെ പാശ്ചാത്യ ആസ്ഥാനവും വർക്കല നാരായണഗുരുകുലം പൗരസ്ത്യ ആസ്ഥാനവുമാണ്. ഈസ്റ്റ്‌വെസ്റ്റ് യൂണിവേഴ്സിറ്റി ഒഫ് ബ്രഹ്മവിദ്യ എന്ന പേരിൽ ഗുരുകുലത്തിന്റേതായി ബ്രഹ്മവിദ്യാലയവും വർക്കല ഗുരുനാരായണഗിരിയിൽ പ്രവർത്തിക്കുന്നുണ്ട്. വലിയൊരു ലൈബ്രറിയും ഇതോടനുബന്ധിച്ചുണ്ട്. ഇവിടെയാണ് സെമിനാറുകൾ നടക്കുന്നത്. ആറ് സെമിനാറുകളാണ് ഇത്തവണ കൺവെൻഷൻ പരിപാടികളിൽ ഉൾപ്പെടുത്തിയിട്ടുളളത്.