
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി ജനസമ്പർക്കം കൂട്ടാനുള്ള ഭവനസന്ദർശനത്തിന് പുറമേ കേന്ദ്ര രസർക്കാരിനെതിരെ വിപുലമായ പ്രചാരണം സംഘടിപ്പിക്കാനും സി.പി.എം സംസ്ഥാനസമിതി തീരുമാനിച്ചു. കേന്ദ്രസർക്കാരിന്റെ സാമ്പത്തിക രാഷ്ട്രീയ സമീപനങ്ങൾക്കെതിരെ ജനുവരി 20 മുതൽ 30 വരെ സംസ്ഥാനത്തെ മുഴുവൻ വില്ലേജുകളിലും ലോക്കലുകളിലും പ്രക്ഷോഭ, പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് സി.പി.എം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു.
ജനുവരി ഒന്ന് മുതൽ 21 വരെ പൊളിറ്റ്ബ്യൂറോ അംഗങ്ങൾ മുതൽ ബ്രാഞ്ച് അംഗങ്ങൾ വരെ വീടുകൾ സന്ദർശിച്ച് ജനങ്ങളോട് സംവദിക്കും. ബൂത്തടിസ്ഥാനത്തിലാകും ഇത് സംഘടിപ്പിക്കുക. സർക്കാരിന്റെ ജനോപകാരപ്രദമായ പരിപാടികളെപ്പറ്റിയും കേന്ദ്രത്തിന്റെ ജനവിരുദ്ധനയങ്ങളെപ്പറ്റിയും ജനങ്ങളോട് വിശദീകരിക്കും.
സംസ്ഥാനസർക്കാരുകളെ ശ്വാസം മുട്ടിക്കുന്ന നയമാണ് കേന്ദ്രത്തിന്റേത്. ജി.എസ്.ടി നഷ്ടപരിഹാരത്തുക അഞ്ച് വർഷത്തേക്ക് തുടർച്ചയായി നൽകണമെന്ന ആവശ്യം കേന്ദ്രം ചെവിക്കൊണ്ടില്ല. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ 24.638 കോടി വെട്ടിച്ചുരുക്കി. ബി.ജെ.പിയും കോൺഗ്രസും ചേർന്ന് എൽ.ഡി.എഫ് സർക്കാരിനെ ദുർബലപ്പെടുത്താൻ നോക്കുകയാണ്. ആർ.എസ്.എസിന്റെ നൂറാം വാർഷികത്തെ ചേർത്തുവച്ച് ഹിന്ദുരാഷ്ട്രവാദമുയർത്തുകയാണ് സംഘപരിവാർ.
മാദ്ധ്യമരംഗത്തെ തെറ്റായ പ്രവണതകൾക്കെതിരെയും ശക്തമായ പ്രചാരണം സംഘടിപ്പിക്കും. ബദൽമാദ്ധ്യമ മേഖല വികസിപ്പിക്കും. പാർട്ടി മുഖപത്രത്തിന്റെ പ്രചാരണം ശക്തിപ്പെടുത്തും. നവമാദ്ധ്യമരംഗത്ത് ശക്തമായി ഇടപെടുമെന്നും ഗോവിന്ദൻ പറഞ്ഞു.
ജനവിരുദ്ധത
അംഗീകരിക്കില്ല
തെറ്റ് തിരുത്തൽ രേഖ അംഗീകരിച്ച് സി.പി.എം
തിരുവനന്തപുരം: ജനവിരുദ്ധതയ്ക്ക് പാർട്ടി കൂട്ടുനിൽക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. പാർട്ടിയിലെ തെറ്റായ പ്രവണതകളോട് വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കുന്ന തെറ്റ് തിരുത്തൽ രേഖ സംസ്ഥാന കമ്മിറ്റി അംഗീകരിച്ചു. ജനോപകാരപ്രദമല്ലാത്ത ഒരു നടപടിയും പാർട്ടിയിൽ വച്ചു പൊറുപ്പിക്കില്ലെന്നും സംസ്ഥാന കമ്മിറ്റി തീരുമാനങ്ങൾ വിശദീകരിച്ചുള്ള വാർത്താസമ്മേളനത്തിൽ എം.വി. ഗോവിന്ദൻ പറഞ്ഞു.
തെറ്റായ പ്രവണതകളെ തുടർന്ന് എസ്.എഫ്.ഐ തിരുവനന്തപുരം ജില്ലാ ഫ്രാക്ഷൻ കമ്മിറ്റി രണ്ടാഴ്ച മുമ്പ് പിരിച്ചുവിടാൻ താൻ നിർദ്ദേശിച്ചെന്ന വാർത്ത തെറ്റാണ്.
ജനവിരുദ്ധമായ എല്ലാ പ്രശ്നങ്ങളിലും പാർട്ടി ഇടപെടും. വസ്തുതാപരമായി കാര്യങ്ങൾ പരിശോധിച്ചിട്ടുണ്ട്. പാർട്ടി കേഡർമാരുടെ പ്രവർത്തനം ഗൗരവമായി പരിശോധിക്കും. ഗൗരവമായ പ്രശ്നമായി ജനങ്ങൾ വിലയിരുത്തുന്ന ഒന്നും അംഗീകരിക്കില്ലെന്നും അതവസാനിപ്പിക്കാൻ കർശന നടപടിയുണ്ടാവുമെന്നും ഗോവിന്ദൻ വ്യക്തമാക്കി.
നേതാക്കൾ ഉത്തരവാദിത്വം വേണം
സമീപകാലത്ത് പുറത്തുവന്ന പ്രശ്നങ്ങൾ ഗൗരവപൂർവം പരിശോധിച്ച് ഫലപ്രദമായ ഇടപെടലാണ് പാർട്ടി നടത്തിയത്. തുടർഭരണത്തിന്റെ സാഹചര്യത്തിൽ സംഘടന ശക്തിപ്പെടുത്തണം. ഇതിനായി പാർട്ടിയുടെയും വർഗ ബഹുജനസംഘടനകളുടെയും നേതാക്കൾ കൂടുതൽ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കണം. ജനോപകാരപ്രദമായ രീതിയിൽ പാർട്ടിയുടെ നിലപാടുകൾക്ക് അംഗീകാരം നേടിയെടുക്കണം. പ്രാദേശിക പ്രവർത്തകരുൾപ്പെടെയുള്ളവർ പാർട്ടിയുടെ ആൾരൂപമാണ്. അവർ കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണം. തെറ്റ് തിരുത്തൽ ഏതെങ്കിലും ഒരു ദിവസം സംഭവിക്കേണ്ടതല്ല. പാർട്ടി ജീവിതത്തിലുടനീളം അതുണ്ടാവേണ്ടതുണെന്നും 'സമകാലിക രാഷ്ട്രീയസംഭവങ്ങളും സംഘടനാരംഗത്തെ അടിയന്തര കടമയും" എന്ന പാർട്ടി രേഖ നിർദ്ദേശിക്കുന്നു.
റബർ കർഷക പ്രക്ഷോഭം
ഏറ്റെടുത്ത് സി.പി.എം
തിരുവനന്തപുരം: റബറുമായി ബന്ധപ്പെട്ട കാര്യങ്ങൾ സർക്കാർ തലത്തിൽ കൈകാര്യം ചെയ്യേണ്ടെന്ന കേന്ദ്ര തീരുമാനത്തിനെതിരെ കോട്ടയത്തെ റബർ കർഷക കൂട്ടായ്മ നടത്തുന്ന പ്രക്ഷോഭം ഏറ്റെടുക്കാൻ സി.പി.എം സംസ്ഥാന സമിതിയുടെ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി റബർ കർഷകരെയുൾപ്പെടുത്തി കോട്ടയത്ത് സംഘടിപ്പിക്കുന്ന കൺവെൻഷൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. തീയതി പിന്നീട് തീരുമാനിക്കും. റബർ കർഷകരുടെ ജീവിതത്തിലെ കറുത്ത ദിനമായിരുന്നു കഴിഞ്ഞ ദിവസമെന്നും അതിനെതിരെ കോൺഗ്രസോ മാദ്ധ്യമങ്ങളോ ഒന്നും മിണ്ടുന്നില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു.
ബഫർസോൺ ജനവിരുദ്ധമാവില്ല
ബഫർസോൺ വിഷയത്തിലെ സർക്കാർ തീരുമാനം ജനവിരുദ്ധമാകില്ലെന്ന ഉറപ്പാണ് മുഖ്യമന്ത്രി നൽകിയതെന്ന് ഗോവിന്ദൻ പറഞ്ഞു. വിഴിഞ്ഞം കുത്തിപ്പൊക്കി കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിച്ചത് പോലുള്ള നിലപാടാണ് ബഫർസോണിലും യു.ഡി.എഫ് സ്വീകരിച്ചത്. 12 കിലോമീറ്റർ പരിധിയിൽ ബഫർസോണാകാമെന്ന് ശുപാർശ നൽകിയ ആളാണ് വി.ഡി. സതീശൻ. ഇപ്പോൾ എല്ലാവർക്കും തൃപ്തികരമായ നിലപാട് സർക്കാർ എടുത്തതോടെ യു.ഡി.എഫിനും മാദ്ധ്യമങ്ങൾക്കും പ്രയാസമായി. യു.ഡി.എഫിന്റെയും മാദ്ധ്യമങ്ങളുടെയും ഇടപെടൽ സർക്കാരിനുള്ള ജനപിന്തുണ വർദ്ധിപ്പിച്ചു.
സ്വപ്നയ്ക്കെതിരെ കേസ് കൊടുക്കാം
സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഉന്നയിച്ച ലൈംഗിക പീഡനാരോപണത്തിൽ പാർട്ടി നേതാക്കൾക്ക് വേണമെങ്കിൽ കേസ് കൊടുക്കാൻ അനുമതി കൊടുത്തിട്ടുണ്ടെന്ന് ഗോവിന്ദൻ വ്യക്തമാക്കി. സ്വർണക്കടത്തിൽ മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരായ ആരോപണത്തിന്റെ നിജസ്ഥിതി ജനം മനസിലാക്കിയതിനാലാണ് തിരഞ്ഞെടുപ്പിൽ അവരത് തള്ളിക്കളഞ്ഞതെന്നും ഗോവിന്ദൻ പറഞ്ഞു.