j

തിരുവനന്തപുരം: സൗജന്യ ഭക്ഷ്യധാന്യങ്ങൾ ഉൾപ്പെടെ മറിച്ചു വിൽക്കുന്നു എന്ന പരാതിയെത്തുടർന്ന് 'ഓപ്പറേഷൻ സുഭിക്ഷ' എന്ന പേരിൽ റേഷൻ കടകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ വൻ ക്രമക്കേടുകൾ കണ്ടെത്തി. 64 കടകളിലായിരുന്നു പരിശോധന. കാർഡുടമകൾ വാങ്ങാത്ത റേഷൻ സാധനങ്ങൾ ബില്ലിൽ ഉൾപ്പെടുത്തിയശേഷം കൂടുതൽ തുകയ്ക്ക് മറിച്ച് വിൽക്കുന്നതായി കണ്ടെത്തി. ചില കടകളിൽ ബില്ലിലെ അളവിൽ ഗുണഭോക്താക്കൾക്ക് സാധനങ്ങൾ നൽകുന്നില്ല. സ്റ്റോക്കുകളിലും വ്യത്യാസമുണ്ട്.

റേഷൻ കാർഡില്ലാത്ത അന്യസംസ്ഥാന തൊഴിലാളികൾക്ക് ഉയർന്ന നിരക്കിൽ സാധനങ്ങൾ മറിച്ചുവിൽക്കുന്നു. തിരുവനന്തപുരം പ്രശാന്ത് നഗറിലെ കടയിൽ നിന്ന് അന്യസംസ്ഥാന തൊഴിലാളിക്ക് 20 കിലോ ചമ്പാവരി കൂടിയ വിലയ്ക്ക് വി​റ്റത് കൈയോടെ പിടികൂടി. കോട്ടയം തൃക്കൊടിത്താനത്തെ കടയിൽ സ്റ്റോക്ക് രേഖയിലെക്കാൾ 553 കിലോ പച്ചരി അധികം. 425കിലോ പുഴുക്കലരി, 83കിലോ ചമ്പാവരി, 44 പാക്കറ്റ് ആട്ട എന്നിവ കുറവ്.

നെടുങ്കുന്നത്ത് ഓട്ടോയിൽ കടത്താൻ ശ്രമിച്ച നാല് ചാക്ക് അരി പിടിച്ചു. ആർപ്പൂക്കരയിൽ കാർഡില്ലാത്തയാൾക്ക് കിലോയ്ക്ക് 20രൂപയ്ക്ക് അരി വിറ്റു. വർക്കലയിലെ ഒരു കടയിൽ 117 കിലോ പച്ചരിയും, 7 കിലോ ആട്ടയും കൂടുതൽ. കോട്ടയം കറുകച്ചാൽ, കൊഴുവനാൽ, ഇളംകുളം എന്നിവിടങ്ങളിൽ വാങ്ങാത്ത സാധനങ്ങൾ ബില്ലിൽ ഉൾപ്പെടുത്തി. മലപ്പുറം തച്ചിനടത്ത് സീൽചെയ്യാത്ത അളവുതൂക്ക സാധനങ്ങൾ പിടിച്ചെടുത്തു. തിരുവനന്തപുരം പുന്നമൂട്ടിൽ കാർഡുടമയ്ക്ക് നൽകിയ 6കിലോ അരി വിജിലൻസ് തൂക്കി നോക്കിയപ്പോൾ 900ഗ്രാമിന്റെ കുറവ് കണ്ടെത്തി. 5കിലോ ഗോതമ്പിൽ 800ഗ്രാം കുറവ്.