തിരുവനന്തപുരം: തിരുവിതാംകൂർ-കൊച്ചി-മലബാർ എന്നിവിടങ്ങളിലെ രാഷ്ട്രീയ-സാമൂഹിക വിവരങ്ങളടങ്ങിയ താളിയോലകളുടെ അപൂർവ ശേഖരമാണ് കോട്ടയ്‌ക്കകത്ത് സജ്ജമായ താളിയോല മ്യൂസിയത്തിൽ പുരാരേഖ വകുപ്പ് ഒരുക്കിയിരിക്കുന്നത്. കേരളത്തിന്റെ പഴമയിലേക്കും സാംസ്കാരിക ചരിത്രത്തിലേക്കും തിരിഞ്ഞുനടക്കാനുള്ള അവസരമാണ് എട്ട് ഗാലറികളിലായി സജ്ജമാക്കിയ താളിയോല മ്യൂസിയം.ഒരു കോടിയോളം താളിയോല രേഖകളടങ്ങിയ വിപുലശേഖരത്തിൽ നിന്ന് വിഷയാടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത 187 രേഖകളാണ് 6000 ചതുരശ്ര അടി വിസ്തീർണമുള്ള ഗാലറിയിൽ വിന്യസിച്ചിരിക്കുന്നത്. ആദ്യ ഒരുമാസം പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്.
ചരിത്രം മാറ്രിമറിച്ച ഉത്തരവുകൾ
തലസ്ഥാനത്ത് പുത്തൻചന്ത സ്ഥാപിക്കാൻ 1817ൽ ഇറങ്ങിയ വിളംബരം,തിരുവിതാംകൂറിൽ സ്ത്രീശാക്തീകരണത്തിന് 'വേലക്കടകൾ' തുടങ്ങുന്നതിന് രാജാവ് 300 രൂപ അനുവദിച്ച് ഇറക്കിയ ഉത്തരവ്, ഉള്ളൂരിൽനിന്ന് വടക്കോട്ട് വഴിവെട്ടുന്നതിന് നിലങ്ങൾ ഏറ്റെടുക്കാൻ 1817ൽ പുറപ്പെടുവിച്ച ഉത്തരവ്, ടൗൺ പൊലീസ് രൂപവത്കരിച്ച് 1843ൽ ഇറക്കിയ ഉത്തരവ്, തൈക്കാട് സുറിയാനിപ്പള്ളി പണിയാൻ അനുവാദം നൽകിയുള്ള 1739ലെ ഉത്തരവ്,നേമം പള്ളിയിൽ ലബ്ബയായി കമ്മതു മൈതീയനെ നിയമിച്ചുള്ള ഉത്തരവ്,നെയ്യാറ്റിൻകര ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രം പണിയാൻ സഹായം നൽകിയത് തുടങ്ങി നിരവധി ഉത്തരവുകൾ താളിയോല മ്യൂസിയത്തിലുണ്ട്.
ആയുധം വാങ്ങിയ കഥ
തിരുവിതാംകൂർ രാജ്യം ആയുധം വാങ്ങിയതിന്റെ രേഖകൾ മ്യൂസിയത്തിൽ പ്രത്യേകം ക്രമീകരിച്ചിട്ടുണ്ട്.1780ൽ കൊച്ചിയിൽനിന്ന് 2000 തോക്ക് വാങ്ങിയതിന്റെ രേഖകളാണ് പ്രധാനം. തോക്ക് വാങ്ങിയ വകയിലെ പണം കൊച്ചി കോട്ടയിൽനിന്ന് കുരുമുളകിന്റെ പണത്തിൽ വരവു വയ്‌ക്കാനാണ് ഉത്തരവിൽ പറയുന്നത്. കൊച്ചി സർക്കാരിന്റെ തോക്കുകൾ കേടുപാടുകൾ തീർക്കുന്നതിന് 1822ൽ ഇറക്കിയ ഉത്തരവുമുണ്ട്. പൊലീസുകാർക്ക് ഉടുപ്പും തലപ്പാവും വാങ്ങിയതും സെക്രട്ടേറിയറ്റിലെ ഇംഗ്ലീഷ് എഴുത്തുകുത്തുകൾക്കായി ഡെപ്യൂട്ടി സെക്രട്ടറിയെ നിയമിച്ചതുമുൾപ്പെടെയുള്ള രേഖകളും ഇവിടെയുണ്ട്.
സർക്കാർ ജീവനക്കാർക്ക് പെൻഷൻ
സർക്കാർ ജീവനക്കാർക്ക് പെൻഷൻ അനുവദിച്ചുള്ള 1864ലെ ഉത്തരവാണ് പ്രധാനം. സെക്രട്ടേറിയറ്റിൽ രാവിലെ 11ന് എത്താത്തവർക്ക് പിഴ ഏർപ്പെടുത്തി 1857ൽ ഇറക്കിയ ഉത്തരവും കൗതുകമാണ്.
മ്യൂസിയം മുൻ തടവറ
താളിയോല മ്യൂസിയം നിലകൊള്ളുന്ന കെട്ടിടം ആദ്യകാലത്ത് നായർ പടയാളികളുടെ താവളമായിരുന്നു. 200 കൊല്ലം മുമ്പ് കുറ്റവാളികളെ പാർപ്പിക്കുന്ന തടവറയായി.1887ൽ പൂജപ്പുരയിൽ ജയിൽ സമുച്ചയം യാഥാർത്ഥ്യമായതോടെ തിരുവിതാംകൂറിന്റെ ഔദ്യോഗിക രേഖാലയമായ ഹജൂർ വെർണാക്കുലർ റെക്കോഡ്സ് ഈ മന്ദിരത്തിൽ പ്രവർത്തിച്ചുതുടങ്ങി.1964ൽ പുരാരേഖ വകുപ്പ് രൂപപ്പെട്ടപ്പോൾ അതിന് കീഴിൽ താളിയോല ശേഖരം സൂക്ഷിക്കുന്ന മേഖല ഓഫീസായി മാറി.
'പതിമ്മൂന്നാം നൂറ്റാണ്ട് മുതലുള്ള ചരിത്രമടങ്ങിയ താളിയോലകളാണ് മ്യൂസിയത്തിലുള്ളത്. ഗവേഷകർ മാത്രമല്ല പൊതുജനങ്ങളും താളിയോലകളെപ്പറ്റി അറിയുകയും പഠിക്കുകയും വേണമെന്നാണ് മ്യൂസിയം വഴി ലക്ഷ്യമിടുന്നത്.'
രജികുമാർ.ജെ
പുരാരേഖ വകുപ്പ് ഡയറക്‌ടർ