തിരുവനന്തപുരം: തമ്പാനൂരിലെ ബി.എസ്.എൻ.എൽ എൻജിനിയേഴ്സ് സഹകരണ സംഘത്തിന്റെ മറവിൽ നിക്ഷേപകരുടെ പണം തട്ടിയ കേസുമായി ബന്ധപ്പെട്ട് ഇടപാടുകാരെ കണ്ടെത്താൻ അന്വേഷണസംഘം. ഇതിനായി സംഘത്തിൽ നിക്ഷേപ്പിച്ചവർ അന്വേഷണ സംഘത്തെ സമീപിക്കാൻ മാദ്ധ്യമങ്ങളിലൂടെ പരസ്യം നൽകി.

ഇന്ന് മുതൽ 2023 ജനുവരി 23വരെ നിക്ഷേപകർക്ക് നിക്ഷേപിച്ചതിന്റെയും അംഗത്വത്തിന്റെയും അസൽ രേഖകളുമായി ഹാജരാകാം. വിശദമായി പരിശോധിച്ചശേഷമേ എത്ര തുക തട്ടിയെന്ന് കണ്ടെത്താനാകൂ. കോടികളുടെ തട്ടിപ്പെന്ന് പരാതിക്കാർ പറയുമ്പോഴും കൃത്യമായ കണക്ക് നൽകാൻ അന്വേഷണസംഘത്തിനു കഴിയുന്നില്ല. സഹകരണസംഘം രജിസ്ട്രാർ നിയോഗിച്ച മൂന്നംഗ അന്വേഷണസംഘം കഴിഞ്ഞ ദിവസം ഓഫീസിലെത്തി തെളിവെടുത്തിരുന്നു.

ഇവർക്ക് നിക്ഷേപങ്ങളോ വായ്‌പകളോ സംബന്ധിച്ച രേഖകളൊന്നും ലഭിക്കാത്തതോടെ കൃത്യമായ കണക്കെടുക്കാൻ സാധിച്ചില്ല. ഇവിടെ കമ്പ്യൂട്ടറൈസ്ഡ് സംവിധാനം കാര്യക്ഷമമല്ലെന്നും കണ്ടെത്തിയിട്ടുണ്ട്. നെടുമങ്ങാട് സഹകരണവകുപ്പിലെ ഉദ്യോഗസ്ഥൻ എ.പി.അജിത് കുമാറാണ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നത്. മൂന്നുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് സഹകരണസംഘം രജിസ്ട്രാറുടെ ഉത്തരവ്. 200 കോടിയോളം രൂപയുടെ നിക്ഷേപമുണ്ടെന്നാണ് പരാതിക്കാരുടെ ആരോപണം. 40 കോടിക്ക് മുകളിലാണ് നിക്ഷേപമെന്ന് സംഘം ഭാരവാഹികൾ കഴിഞ്ഞ ദിവസം പൊലീസിനോട് പറഞ്ഞു. സംഘത്തിൽ ഒരാൾ മാത്രമാണ് സ്ഥിരം ഉദ്യോഗസ്ഥൻ,​ ബാക്കിയെല്ലാവരും വിരമിച്ചവരാണ്. ഭരണസമിതിയുടെ കാലാവധി ബുധനാഴ്ച അവസാനിച്ചതോടെ അഡ്മിനിസ്‌ട്രേറ്റർക്കോ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിക്കോ സംഘത്തിന്റെ ചുമതല കൈമാറും. തിരഞ്ഞെടുപ്പിനായി ആരും പത്രിക നൽകാത്തതിനാൽ അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഏർപ്പെടുത്തണമെന്നുകാണിച്ച് സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ, രജിസ്ട്രാർക്ക് കഴിഞ്ഞദിവസം റിപ്പോർട്ട് അയച്ചിരുന്നു. സംഘത്തിന്റെ പരിധി കേരളമൊട്ടാകെയുള്ളതിനാൽ സ്വന്തമായി തീരുമാനമെടുക്കാൻ കഴിയില്ല. ഇതോടെയാണ് രജിസ്ട്രാർക്ക് റിപ്പോർട്ട് സമർപ്പിച്ചത്.

പ്രശ്‌നങ്ങൾ ചർച്ചചെയ്യാൻ വഞ്ചിയൂർ എസ്.എച്ച്.ഒ ദിപിന്റെ നേതൃത്വത്തിൽ ബി.എസ്.എൻ.എൽ എൻജിനിയേഴ്സ് സഹകരണസംഘം ഭാരവാഹികളുടെയും പരാതിക്കാരുടെയും യോഗം 27ന് ചെങ്കൽച്ചൂള സഹകരണ അസി.രജിസ്ട്രാർ ഓഫീസിൽ ചേരും. നിലവിലെ ഭരണസമിതി അംഗങ്ങളും നിക്ഷേപകരും സഹകരണവകുപ്പ് ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുക്കും.