തിരുവനന്തപുരം: ഒരു സംവിധായകന്റെ പേരിൽ ഒരു മാസം ഏറ്റവും കൂടുതൽ സിറ്റ്കോം എപിസോഡുകൾ ടെലിവിഷനിൽ സംപ്രേക്ഷണം ചെയ്തതിനുള്ള വേൾഡ് റെക്കാർഡ്സ് യൂണിയൻ പുരസ്‌കാരം രാജേഷ് തലച്ചിറയ്ക്ക്. കൗമുദി ടി.വിയിൽ സംപ്രേക്ഷണം ചെയ്യുന്ന അളിയൻസ്,ലേഡീസ് റൂം,ഫ്ലവേഴ്സ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന സുരഭിയും സുഹാസിനിയും എന്നീ പരമ്പരകളിലൂടെയാണ് രാജേഷ് ഈ നേട്ടം കൈവരിച്ചത്. ഒരു മാസം എഴുപതോളം എപിസോഡുകളാണ് വിവിധ പ്രോഗ്രാമുകളിലായി സംപ്രേക്ഷണം ചെയ്തത്. അയ്യങ്കാളി ഹാളിൽ നടന്ന മീഡിയ സിറ്റി മാദ്ധ്യമ സിനിമ ടെലിവിഷൻ പുരസ്കാര വേദിയിൽ വച്ച് മന്ത്രി ആർ.ബിന്ദു പുരസ്കാരം വിതരണം ചെയ്തു. ഏഷ്യ ബുക്ക് ഒഫ് റെക്കാർഡ്സ്,ഇന്ത്യൻ ബുക്ക് ഒഫ് റെക്കാർഡ്സ്,വേൾഡ് റെക്കാർഡ്സ് യൂണിയൻ എന്നിവയാണ് രാജേഷ് കരസ്ഥമാക്കിയ മൂന്ന് പുരസ്കാരങ്ങൾ.
ചുരുങ്ങിയ കാലം കൊണ്ട് വലിയ ആരാധകനിര സ്വന്തമാക്കിയ പ്രോഗ്രാമുകളാണ് കൗമുദി ടി.വിയിലെ അളിയൻസും ലേഡീസ് റൂമും. ഒരുപാട് സന്തോഷവും അഭിമാനവവും നൽകുന്നതാണ് സംവിധായകൻ രാജേഷ് തലച്ചിറയ്ക്ക് ഈ പുരസ്കാരം. കൂട്ടായ പ്രയത്നത്തിന്റെ ഫലമാണ് സീരീയലിന്റെ വിജയരഹസ്യം. കൗമുദി ടി.വി ചീഫ് പ്രൊഡ്യൂസർ എന്റർടെയ്ൻമെന്റ് രാംജി കൃഷ്ണൻ ആറും കൗമുദി ടി.വിയിലെ സഹപ്രവർത്തകരും നൽകിയ പിന്തുണയാണ് ഓരോ എപ്പിസോഡും മെച്ചപ്പെടുത്താൻ സഹായിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.