
വിഴിഞ്ഞം: കുടുംബ കലഹത്തിനിടെ 80 വയസുകാരിയെ ഭർത്താവ് കുത്തിക്കൊന്നു. തിരുവല്ലം തിരുവഴിമുക്ക് ടി.സി 57/1276 സൗമ്യ ക്വാർട്ടേഴ്സിൽ ജഗദമ്മയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് ബാലാനന്ദനെ (84) തിരുവല്ലം പൊലീസ് അറസ്റ്റു ചെയ്തു. തടയാനെത്തിയ മകൾ സൗമ്യയ്ക്ക് (38) കാലിൽ പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് 2.45 ഓടെയായിരുന്നു സംഭവം.
ബാലാനന്ദൻ വഴക്കുണ്ടാക്കി മർദ്ദിക്കുന്നതിനിടെ ജഗദമ്മ മുറ്റത്തേക്ക് ഇറങ്ങി. പിറകെ കത്തിയുമായി എത്തിയ പ്രതി ഇവരുടെ വയറ്റിലുൾപ്പെടെ കുത്തുകയായിരുന്നു. പിടിച്ചു മാറ്റാനെത്തിയ സൗമ്യയ്ക്ക് കാലിൽ കത്തികൊണ്ട് പരിക്കേറ്റതായി ബന്ധുക്കൾ പറഞ്ഞു. ഇവരുടെ നിലവിളികേട്ട് ഓടിയെത്തിയ സമീപത്തെ യുവാക്കളെയും പ്രതി ആക്രമിക്കാൻ ശ്രമിച്ചതിനാൽ കുത്തേറ്റ് പിടഞ്ഞ ജഗദമ്മയെ ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞില്ലെന്ന് സമീപവാസികൾ പറഞ്ഞു. തുടർന്ന് പ്രതിയെ യുവാക്കൾ തടഞ്ഞുവച്ച് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പ്രതിയുടെ രണ്ടാമത്തെ ഭാര്യയാണ് ജഗദമ്മ. ഇവർക്ക് മക്കളില്ല. ആദ്യ ഭാര്യയിലെ മകളാണ് പരിക്കേറ്റ സൗമ്യ. സൗമ്യ കാൻസർ ബാധിതയാണ്. സംഭവത്തെ തുടർന്ന് കുഴഞ്ഞുവീണ സൗമ്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജഗദമ്മയ്ക്ക് തുടയിലും വയറ്റിലും മുതുകിലും കഴുത്തിലും കുത്തേറ്റു. വയറ്റിലേറ്റ രണ്ട് കുത്തുകളാണ് മരണകാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
വഴക്കിനിടെ വീട്ടിലെ ഒന്നാം നിലയിലെ ഗ്ലാസുകൾ പ്രതി അടിച്ചുതകർത്തിരുന്നു. മുറ്റത്ത് നടന്ന കൊലപാതകത്തിന്റെ ദൃശ്യങ്ങൾ വീട്ടിലെ സി.സി.ടിവിയിൽ പതിഞ്ഞതായാണ് നിഗമനം. ചികിത്സയിലുള്ള സൗമ്യ വീട്ടിൽ എത്തിയ ശേഷം ദൃശ്യങ്ങൾ ശേഖരിക്കുമെന്ന് തിരുവല്ലം എസ്.ഐ സതീഷ് പറഞ്ഞു. പ്രതി കുത്താൻ ഉപയോഗിച്ച സ്റ്റീൽ കത്തി പൊലീസ് കണ്ടെടുത്തു. ഫോറൻസിക് വിഭാഗവും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ശിവൻകുട്ടി, ലതകുമാരി, ജയചന്ദ്രൻ എന്നിവർ പ്രതിയുടെ ആദ്യ ഭാര്യയിലെ മറ്റു മക്കളാണ്. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് കൈമാറും