
തിരുവനന്തപുരം: സർവകലാശാലകളുടെ ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ നീക്കി പകരം അക്കാഡമിക് വിദഗ്ദ്ധരെ ചാൻസലറാക്കാനുള്ള രണ്ട് സർവകലാശാലാ നിയമഭേദഗതി ബില്ലുകൾ ഗവർണറുടെ അനുമതിക്കായി ഇന്നലെ രാജ്ഭവനിലെത്തിച്ചു. ഇവയടക്കം 5ബില്ലുകളാണ് എത്തിച്ചത്. ഗവർണർ ഒപ്പിട്ടാലേ ബില്ലുകൾ നിയമമാവൂ. ഇതോടെ നിയമസഭ പാസാക്കിയ 17ബില്ലുകളിൽ 12എണ്ണം രാജ്ഭവനിലെത്തിച്ചു. ജനുവരി ആദ്യവാരം ഗവർണർ തിരിച്ചെത്തിയ ശേഷമായിരിക്കും ബില്ലുകൾ പരിശോധിക്കുക.
വെറ്ററിനറി സർവകലാശാലാ നിയമഭേദഗതി, ആധാരമെഴുത്തുകാരുടെയും വെൻഡർമാരുടെയും ക്ഷേമനിധിയിൽ അംഗത്വം നഷ്ടമായവർക്ക് അത് പുനസ്ഥാപിക്കൽ, തോട്ടം നികുതി പിൻവലിക്കൽ നിയമം, ക്ലിനിക്കൽ സ്ഥാപനങ്ങളുടെ രജിസ്ട്രേഷനും നിയന്ത്രണവും, ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻ പ്രായം ഏകീകരണം, ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡ് ഭേദഗതി, പ്രവാസി ഭാരതീയർ കമ്മിഷൻ ഭേദഗതി, കാലഹരണപ്പെട്ട കേരള കർഷക കടാശ്വാസ നിയമം, കാർഷികാദായ നികുതി നിയമം റദ്ദാക്കൽ എന്നീ ബില്ലുകളാണ് രാജ്ഭവനിലെത്തിച്ചത്.
വിദേശമദ്യത്തിന്റെ കെ.ജി.എസ്.ടി നാലു ശതമാനം വർദ്ധിപ്പിക്കാനുള്ള കേരള പൊതുവിൽപന നികുതി (ഭേദഗതി) ബില്ലിൽ ഗവർണർ നേരത്തേ ഒപ്പിട്ടിരുന്നു.