വിഴിഞ്ഞം: ജഗദമ്മയുടെ കൊലപാതകം നാടിനെ നടുക്കിയിരിക്കെ, കൂസലില്ലാതെ മരിച്ചത് നന്നായെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. ബാലാനന്ദൻ വീട്ടിൽ വഴക്കുണ്ടാക്കുന്നത് നിത്യ സംഭവമാണെങ്കിലും ജഗദമ്മ പ്രതികരിക്കാറില്ലായിരുന്നെന്നും പാവം സ്ത്രീയായിരുന്നു ഇവരെന്നും അയൽവാസികൾ പറയുന്നു.
ഇയാൾ വീട്ടിൽ ഉച്ചത്തിൽ അസഭ്യം വിളിക്കുകയും മർദ്ദിക്കുകയുമൊക്കെ ചെയ്യുമെങ്കിലും ജഗദമ്മയുടെ ശബ്ദം കേൾക്കാറില്ലെന്ന് അയൽവാസിയും ബന്ധുവുമായ സ്ത്രീ പറഞ്ഞു.
40 വർഷത്തിലേറെയായി ജഗദമ്മയെ ബാലാനന്ദൻ വിവാഹം കഴിച്ചിട്ട്. ബാലാനന്ദൻ വഴക്കുണ്ടാക്കുമെങ്കിലും അത് കൊലപാതകത്തിൽ കലാശിക്കുമെന്ന് നാട്ടുകാർ കരുതിയില്ല. കൊല്ലപ്പെട്ട വൃദ്ധയ്ക്ക് കാഴ്ചക്കുറവ് ഉണ്ടായിരുന്നതു കൊണ്ടാകാം പ്രതിയുടെ കത്തിമുനയിൽ നിന്ന് രക്ഷപ്പെടാതെ പോയതെന്നും ഇവർ കരുതുന്നു. മുൻപ് ചാരായഷാപ്പ് ജീവനക്കാരനായിരുന്നു ബാലാനന്ദൻ.
ബഹളം കേട്ട് ഓടിക്കൂടിയ അയൽവാസികൾ കണ്ടത് കുത്തേറ്റ് തറയിൽ വീണ് പിടയുന്ന ജഗദമ്മയെയാണ്.
സമീപത്തു തന്നെ കത്തിയുമായി പ്രതിയും ഉണ്ടായിരുന്നു. ഓടിക്കൂടിയവരെയും പ്രതി ആക്രമിക്കാൻ ശ്രമിച്ചു. ഒടുവിൽ യുവാക്കളുടെ നിർബന്ധത്തെ തുടർന്ന് പ്രതി കത്തി താഴെയിട്ട് വീടിനു മുന്നിലെ കാർപോർച്ചിന് മുന്നിലേക്ക് നീങ്ങിനിന്നു. ഇയാൾ രക്ഷപ്പെടാതിരിക്കാൻ ഇവർ കാവൽ നിന്നു. പൊലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ എത്തിച്ചശേഷം ജഗദമ്മ മരിച്ച വിവരം അറിയിച്ചപ്പോൾ തൊഴുതുകൊണ്ട് 'മരിച്ചത് നന്നായി' എന്നായിരുന്നു പ്രതിയുടെ വാക്കുകൾ.