
തീരുമാനം സ്‌മാർട്ട് സിറ്റി ബോർഡ് യോഗത്തിൽ
തിരുവനന്തപുരം: തലസ്ഥാന നഗരത്തിന് വിവാദങ്ങൾ സമ്മാനിച്ച സ്‌മാർട്ട് സിറ്റി പദ്ധതിയുടെ കൺസൾട്ടൻസിക്ക് കെ-റെയിലിനെ നിയമിച്ചു. ഇന്നലെ ചേർന്ന സ്‌മാർട്ട് സിറ്റി ബോർഡ് യോഗത്തിലാണ് തീരുമാനം. പദ്ധതിക്ക് കേന്ദ്രം നൽകിയ കാലാവധി തീരാൻ ആറുമാസം ബാക്കിയുള്ളപ്പോഴാണ് പുതിയ കൺസൾട്ടൻസിക്ക് കരാർ നൽകുന്നത്. റെയിൽവേ സംബന്ധമായ വിഷയങ്ങൾ മാത്രം കൈകാര്യം ചെയ്യുന്ന കെ-റെയിൽ പദ്ധതി എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്ന ചോദ്യമാണുയരുന്നത്.
സമയപരിധിയും സംസ്ഥാന സർക്കാർ ഏജൻസി എന്നീ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് സിംഗിൾ ബിഡായിട്ടുപോലും കെ-റെയിലിനു തന്നെ കൺസൾട്ടൻസി നൽകാൻ തീരുമാനിച്ചത്. സ്‌മാർട്ട് റോഡ് നിർമ്മാണം ഉൾപ്പെടെയുള്ള പദ്ധതികൾ സമയബന്ധിതമായി നടക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി 2018ൽ നിയമിച്ച ആദ്യ കൺസൾട്ടൻസിയായ ഐ.പി.ഇ ഗ്ളോബലുമായുള്ള കരാർ അവസാനിപ്പിച്ചിരുന്നു. ഇതിനുശേഷം പുതിയ ടെൻഡർ ക്ഷണിക്കുകയായിരുന്നു.
ആദ്യ ഘട്ടത്തിൽ കെ-റെയിൽ ഉൾപ്പെടെ ടെൻഡറിൽ 10 പേർ അപേക്ഷിച്ചെങ്കിലും സ്‌മാർട്ട് സിറ്റിയുടെ ടെൻഡർ മാനണ്ഡങ്ങളിൽ പലരും പുറത്തുപോയി. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അംഗീകൃത കമ്പനികൾ അപേക്ഷ സമർപ്പിച്ചാൽ സ്‌മാർട്ട് സിറ്റി മാനദണ്ഡങ്ങൾ നോക്കേണ്ടതില്ല. കെ-റെയിലിനെ കൺസൾട്ടന്റാക്കുന്നതിൽ ബോർഡിനും എതിർപ്പില്ലായിരുന്നു
സേവനത്തിന് ആനുപാതികമായി തുക
സാധാരണ രീതിയിൽ നിന്ന് വ്യത്യസ്തമായി സേവനം നടത്തുന്നതിന് ആനുപാതികമായാണ് തുക. 30 ദിവസം ജോലി ചെയ്‌താൽ വിവിധ ഉദ്യോഗസ്ഥർക്ക് ഇത്ര രൂപ എന്ന രീതിയിലാണ് കെ റെയിലിന് തുക നൽകുക. ആദ്യ കൾസൾട്ടന്റായ ഐ.പി.ഇ ഗ്ളോബലിന് പ്രതിമാസം 35 ലക്ഷം വച്ച് 17.15കോടിയാണ് നൽകിയത്. ഇവർ 1000 കോടി രൂപയുടെ പദ്ധതിയുടെ ഡി.പി.ആർ തയ്യാറാക്കി. പുതിയ കൺസൾട്ടൻസിയായ കെ റെയിലിന് ബാക്കി വരുന്ന 538 കോടിയുടെ പദ്ധതിയുടെ ഡി.പി.ആർ തയ്യാറാക്കിയാൽ മതി.
മിനി കരാറുകൾ
സ്‌മാർട്ട് റോഡ് പദ്ധതികളുടെ ടെൻഡർ നീക്കം ചെയ്‌തതിന് ശേഷം പുതിയ ടെൻഡറുകൾ വരാത്ത സാഹചര്യത്തിൽ മിനി ടെൻഡറുകൾ നൽകും. സിവിൽ, ഇലക്ട്രിക്കൽ ജോലികൾ പ്രത്യേകം കരാറുകാർക്ക് നൽകാനാണ് പദ്ധതി. സ്‌മാർട്ട് റോഡുകൾക്ക് ഒരു കിലോമീറ്റർ, രണ്ട് കിലോമീറ്റർ തുടങ്ങിയ ചെറിയ ടെൻഡറുകൾ വിളിച്ച് പൂർത്തിയാക്കാനാണ് ശ്രമം.