
തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ ജനങ്ങളുടെ ആശങ്ക അകറ്റാനും സഹായം ലഭ്യമാക്കാനും തദ്ദേശ സ്ഥാപനങ്ങൾ രംഗത്തിറങ്ങണമെന്ന് മന്ത്രി എം.ബി രജേഷ് നിർദ്ദേശിച്ചു. ജനപ്രതിനിധികളും ജീവനക്കാരും ഇടപെടണം. ജനവാസ കേന്ദ്രങ്ങളും നിർമ്മിതികളും പൂർണമായി ഒഴിവാക്കി കൊണ്ടുള്ള ഭൂപടമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതിൽ ഏതൊക്കെ സർവേ നമ്പറുകൾ ഉൾപ്പെട്ടിട്ടുണ്ടെന്ന വിവരം ഒരാഴ്ചയ്ക്കുള്ളിൽ ലഭ്യമാക്കും. ഏതെങ്കിലും നിർമ്മിതി ഇനിയും ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ഒഴിവാക്കാനാവശ്യമായ സഹായം തദ്ദേശ സ്ഥാപനങ്ങൾ ഒരുക്കി നൽകണം. ജനുവരി 7 നുള്ളിൽ ഈ വിവരങ്ങൾ വനംവകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തണം. ഫീൽഡ് തല പരിശോധന നടത്തി വിവരങ്ങൾ സ്ഥിരീകരിക്കുന്നതിന് പ്രത്യേക ജനകീയ കമ്മിറ്റിയും വാർഡ് തലത്തിൽ പ്രവർത്തിക്കും. സമിതി രൂപീകരിക്കാൻ തദ്ദേശ സ്ഥാപന സെക്രട്ടറിക്കാണ് ചുമതല. സമിതി വിലയിരുത്തൽ നടത്തി സ്ഥിരീകരിക്കുന്ന വിവരങ്ങൾ കെ.എസ്.ആർ.ഇ.സി വികസിപ്പിച്ച മൊബൈൽ ആപ്പിൽ ജിയോടാഗ് ചെയ്ത് അപ്‌ലോഡ് ചെയ്യും.