തിരുവനന്തപുരം: രാഷ്ട്രീയക്കാർ ഓരോ കാര്യങ്ങളെക്കുറിച്ചും വ്യക്തമായ ധാരണയില്ലാതെയാണ് അഭിപ്രായം പറയുന്നതെന്ന് മാദ്ധ്യമ പ്രവർത്തകനും പ്രമുഖ അഭിഭാഷകനുമായ അഡ്വ.എ. ജയശങ്കർ പറഞ്ഞു.സൂര്യ ഫെസ്റ്റിവലിന്റെ ഭാഗമായി ഗണേശത്തിൽ സംഘടിപ്പിച്ച സുഗതകുമാരി അനുസ്മരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.എന്തു സംഭവിച്ചാലും സത്യത്തിനൊപ്പം മാത്രമേ നിൽക്കൂവെന്ന് നിലപാടെടുക്കുന്ന,കാര്യങ്ങളെക്കുറിച്ച് അപഗ്രഥിക്കുന്ന പി.ടി.തോമസിനെപ്പോലെയുള്ള നേതാക്കളെയാണ് നാടിനാവശ്യം.സുഗതകുമാരിയെപ്പോലെ നാടിന്റെ നന്മയെ ലക്ഷ്യമാക്കി മുന്നോട്ടുവന്ന വ്യക്തികൾ വിരളമാണ്.ഒരുപാട് ആക്ഷേപങ്ങൾ കേൾക്കേണ്ടി വന്നെങ്കിലും പരിസ്ഥിതിയ്ക്കായി ലാഭേച്ഛയില്ലാതെ പ്രവർത്തിച്ചു.പരിസ്ഥിതിയെപ്പറ്റി ജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ സൈലന്റ് വാലിക്ക് കഴിഞ്ഞു.പൂയംകുട്ടി പദ്ധതിയും അതിരപ്പള്ളിയും പരാജയമായത് ജനങ്ങൾ ബോധവാന്മാരായി മുന്നോട്ടുവന്നതുകൊണ്ടാണ്.

നേതാക്കൾ സീറ്റുറപ്പിക്കുന്നതിൽ പ്രതിജ്ഞാബദ്ധരാണ് അതുകൊണ്ട് ജാതി, മത, വർഗ മേധാവികളുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കേണ്ട പരിതാപകരമായ അവസ്ഥയാണ് നമുക്കുള്ളത്.അതുമാറേണ്ട കാലം അതിക്രമിച്ചുവെന്നും അഡ്വ.ജയശങ്കർ പറഞ്ഞു.