തിരുവനന്തപുരം : പുതുതലമുറയ്ക്ക് ആദ്ധ്യാത്മിക വിദ്യ പകർന്നുനൽകാൻ എല്ലാവരും തയ്യാറാകണമെന്ന് സ്വാമി ശ്രീമദ് അഭയാനന്ദ തീർത്ഥപാദ പറഞ്ഞു. മഹാസത്രത്തിന്റെ പത്താം ദിവസം ദാർശനിക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. തലസ്ഥാന നഗരത്തെ ഗോകുലമാക്കിമാറ്റിയ അഖില ഭാരത ശ്രീമദ് ഭാഗവത സത്രം ഇന്ന് സമാപിക്കും. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തോടെ ചടങ്ങുകൾ അവസാനിക്കും.
ഇന്നലെ ഗോശാല വാസുദേവൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ ഗണപതി ഹോമത്തിന് ശേഷം നടന്ന സത്ര പ്രഭാഷണത്തിൽ പുല്ലയിൽ ഉണ്ണിക്കൃഷ്ണൻ അവധൂത ഗീതയും ചെങ്കൽ സുധാകരൻ ബദ്ധ മുക്ത ലക്ഷണവും ഗുരുവായൂർ പ്രഭാകർജി സത്സംഗ മഹിമയും ഡോ. പൂജപ്പുര കൃഷ്ണൻ നായർ ഹംസഗീതയും കെ.ജയചന്ദ്ര ബാബു ഭക്തിയോഗവും വിജയലക്ഷ്മി വിഭൂതി യോഗവും ഗുരുവായൂർ ശ്രീറാം നമ്പൂതിരി ജ്ഞാനകർമ്മഭക്തിയോഗങ്ങളും, റാന്നി ഹരിങ്കർ ഭിക്ഷുഗീതയും ഡോ. ധർമ്മാനന്ദ സ്വാമികൾ സാംഖ്യയോഗവും പറവൂർ ജ്യോതിസ് ലളിതാസഹസ്രനാമത്തിന്റെ സാരവും വിവരിച്ചു. മുന്നോക്ക കമ്മീഷൻ ചെയർമാൻ ജസ്റ്റിസ്റ്റ് സി. എൻ രാമചന്ദ്രൻ നായരും സത്രവേദിയിലെത്തി.
യുവഭാഗവതപ്രതിഭാ പുരസ്‌കാരം മാളിക ശ്രീഹരിഗോവിന്ദിന്
യുവ പ്രഭാഷകരിൽ ശ്രദ്ധേയമായ പ്രഭാഷണം നടത്തിയതിന് അഖിലഭാരത ഭാഗവതസത്ര സമിതിയുടെ ഈ വർഷത്തെ യുവഭാഗവതപ്രതിഭാ പുരസ്‌കാരം മാളിക ശ്രീഹരിഗോവിന്ദിന് നൽകും. 10,001 രൂപയും കീർത്തിപത്രവുമാണ് പുരസ്‌കാരം.