
വിതുര: പ്രമുഖ നാടകകലാകാരനും വിതുര സുഹൃത്ത്നാടകകളരി ആൻഡ് ബാലഭവൻ ചെയർമാനുമായ വിതുര ആർ.സുധാകരൻ ബുക്ക് ഒഫ് റിക്കാർഡ്സിൽ ഇടം നേടി.ഏകത എന്ന ഏകാംഗനാടകത്തിൽ 12ഭാഷകളിൽ 13കഥാപാത്രങ്ങളെ അവതരിപ്പിച്ചതിനാണ് സുധാകരനെ ബുക്ക് ഒഫ് റിക്കാർഡ്സിൽ ഉൾപ്പെടുത്തിയത്.ഇന്ത്യയിലെ പ്രശസ്തരായ 10ൽപരം നാടകപ്രതിഭകളുടെ നാടകങ്ങളിലെ പ്രസക്തഭാഗങ്ങൾ ഉൾപ്പെടുത്തി അതാത് ഭാഷകളിൽ പതിമൂന്നോളം വേഷപ്പകർച്ചകളിൽ അവതരിപ്പിക്കുന്ന ഏകപാത്രനാടകമാണ് ഏകത.ഇന്ത്യയിൽ ആദ്യമായാണ് ഇങ്ങിനെയൊരു ഏകാംഗനാടകം പുറത്തിറങ്ങിയത്.
കലാരംഗത്തെ മികച്ച പ്രകടനത്തിന് കേരള സംസ്ഥാന സംഗീതനാടക അക്കാഡമി കലാശ്രീ പുരസ്കാരം സുധാകരന് സമ്മാനിച്ചിരുന്നു.കാൽനൂറ്റാണ്ട് മുൻപ് വിതുരയിൽ സുധാകരൻ സ്ഥാപിച്ച സുഹൃത്ത് നാടകകളരിയിൽ ഇന്ത്യയിൽ നിന്നും വിദേശരാജ്യങ്ങളിൽ നിന്നുമായി കുട്ടികളടക്കം നൂറുകണക്കിന് പേർ വർഷംതോറും നാടകാഭിനയം അഭ്യസിക്കുവാനെത്തുന്നുണ്ട്.ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥനായിരുന്ന സുധാകരൻ സമയമീയാത്ര എന്ന സിനിമയും നിർമ്മിച്ചിട്ടുണ്ട്.