1

പൂവാർ: ആളും ആരവവുമായി പുതുവർഷപ്പുലരിയെ വരവേല്ക്കാനൊരുങ്ങുകയാണ് പൂവാർ തീരം. നെയ്യാർ നദിയുടെ സംഗമ ഭൂമിയായ പൂവാർ പൊഴിക്കരയാണ് ഇക്കുറി ആഘോഷങ്ങൾക്കായി തയാറെടുക്കുന്നത്. ക്രിസ്മസ്, നവവത്സര ദിനങ്ങൾ ആഘോഷിക്കാൻ വിദേശികളടക്കം ദിവസവും നൂറുകണക്കിന് ടൂറിസ്റ്റുകളാണ് ഇപ്പോൾ ഇവിടെ വന്നുപോകുന്നത്. കോവളം കഴിഞ്ഞാൽ ടൂറിസ്റ്റുകൾ തമിഴ് നാട്ടിലേക്ക് പോകുന്നതിന് മുമ്പുള്ള ഇടത്താവളമാണ് പൂവാർ. 'നെയ്യാർ' ഇവിടെ എത്തുന്നതോടെ 'പൂവാർ' ആകും. ഇത് നാടിന്റെ ചരിത്രം. ലോഡ്ജുകൾ, ഹോട്ടലുകൾ, റസ്‌റ്റോറന്റുകൾ, ഫ്ലോട്ടിംഗ് റസ്‌റ്റോറന്റുകൾ, ഐസ്ക്രീം പാർലറുകൾ, ചെറുകിട വ്യാപാര സ്ഥാപനങ്ങൾ തുടങ്ങിയവ ഇവിടെ സജീവമായിരിക്കുന്നു. പുതുവർഷം ആഘോഷമാക്കാൻ എത്തുന്ന ടൂറിസ്റ്റുകൾക്കായി ഹോട്ടലുകളും റസ്‌റ്റോറന്റുകളും വർണ്ണവിതാനങ്ങളൊരുക്കുന്ന തിരക്കിലാണ്. ബോട്ടുകൾ മോഡി കൂട്ടി സഞ്ചാരികളെ കാത്തുനിൽക്കുന്നു. ചെറുകച്ചവടക്കാർ കൂടുതൽ വിഭവങ്ങളും സൗകര്യങ്ങളുമൊരുക്കിക്കഴിഞ്ഞു. ബോട്ട് ഡ്രൈവേഴ്സ്, ഹോട്ടൽ തൊഴിലാളികൾ, ടാക്സി, ആട്ടോ ഡ്രൈവേഴ്സ് തുടങ്ങി നൂറുകണക്കിന് തൊഴിലാളികളുടെ കാത്തിരിപ്പ് സഭലമാകുന്ന ദിനങ്ങളാണ് ഇനി വരാൻ പോകുന്നത്.

കരുതൽ വേണം

പൊഴിക്കരയിൽ പൂവാർ കോസ്റ്റൽ പൊലീസ് സ്റ്റേഷനും, ടൂറിസം ഡിപ്പാർട്ട്മെന്റിന്റെ 2 ലൈഫ് ഗാഡുകളും മാത്രമാണുള്ളത്. കൂടാതെ പൂവാർ, പൊഴിയൂർ പൊലീസ് സ്റ്റേഷനുകളും.13 കോസ്റ്റൽ വാർഡന്മാരും. ഇവിടത്തെ പുതുവർഷാഘോഷങ്ങളെ നിയന്ത്രിക്കാൻ കൂടുതൽ കരുതൽ വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

നടപടി വേണം

സഞ്ചാരികൾക്ക് പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ സ്ഥിരം സംവിധാനങ്ങളൊന്നും തീരത്തില്ല. അടിയന്തരമായി താത്കാലിക സംവിധാനം ഏർപ്പെടുത്തണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. തിര തല്ലിപ്പൊളിച്ച ഓഖി പാർക്കും, ഒരു ചരിത്രസ്മാരകം പോലെ അപകട ഭീഷണി ഉയർത്തി നിൽക്കുന്ന ആയോധനകലാ പരിശീലന കേന്ദ്രവും അപകടക്കെണിയാണ്. ജനങ്ങളുടെ ഭീതി ഒഴിവാക്കാൻ നടപടി അനിവാര്യമാണ്. തീരം വൃത്തിഹീനമാക്കാതിരിക്കാനും, പ്ലാസ്റ്റിക്ക് മാലിന്യങ്ങളിൽ നിന്ന് സംരക്ഷിക്കാനും നടപടി വേണം.