
ശിവഗിരി: ശ്രീനാരായണ ഗുരുവിന്റെ ചിന്തയിലെ ശാസ്ത്രീയത ഉപനിഷത്തുകളിലും ഭഗവദ് ഗീതയിലും പാശ്ചാത്യ ലോകത്തെ തത്വചിന്തകനായിരുന്ന സോക്രട്ടീസിലും കാണാമെന്ന് ഗുരു മുനി നാരായണ പ്രസാദ് പറഞ്ഞു. നാരായണ ഗുരുകുല പ്രസ്ഥാനത്തിന്റെ ശതാബ്ദിയോടനുബന്ധിച്ച് ഇന്നലെ ആരംഭിച്ച നാരായണ ഗുരുകുല കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശ്രീനാരായണ ഗുരുവിന്റെ അദ്ധ്യാത്മ ശാസ്ത്രത്തിന്റെ ശാസ്ത്രീയതിലേക്ക് കടക്കാനുള്ള ധൈര്യവും ഉൾക്കാഴ്ചയും നമുക്കുണ്ടാകണം . ഗുരുവിന്റെ പ്രിയ ശിഷ്യനായിരുന്ന നടരാജ ഗുരു അവതരിപ്പിച്ച ശാസ്ത്രത്തിന്റെ തലത്തിലേക്ക് കടന്നു ചെല്ലാനും നമ്മൾ മടിക്കുകയും ഭയക്കുകയുമാണ്. നടരാജ ഗുരുവിന്റെ ആൻ ഇന്റഗ്രേറ്റഡ് സയൻസ് ഒഫ് ദ അബ്‌സൊല്യൂട്ട് എന്ന ഗ്രന്ഥത്തിൽ ഈ ശാസ്ത്രീയ ചിന്ത സുവ്യക്തമാണ്.
സാധാരണ ശാസ്ത്രം കൈകാര്യം ചെയ്യുന്നത് ഭൗതികതയാണ്. എന്നാൽ, അദ്ധ്യാത്മ ശാസ്ത്രം ഭൗതികത്തിനതീതമായി ജീവചൈതന്യത്തെ കണ്ടെത്തുകയാണ് .
സകലതിനെയും സമഗ്രമായി വീക്ഷിക്കുന്ന ശാസ്ത്രീയ ചിന്താലോകമാണ് അദ്ധ്യാത്മ ശാസ്ത്രത്തിന്റേത്. പരിചിതമായ ശാസ്ത്രത്തിന് സമാനമായോ സമാന്തരമായോ വരുന്ന ഒന്നല്ല അത്. ആ ശാസ്ത്രീയതയുടെ വെളിച്ചത്തിൽ ഗുരുവിന്റെ ദർശനത്തെ എങ്ങനെ വീക്ഷിക്കാൻ കഴിയുമെന്ന് പരിശോധിക്കണം. അതിനുള്ള മാർഗനിർദ്ദേശം ലഭിക്കേണ്ടത് നടരാജ ഗുരുവിൽ നിന്നാണ്. നടരാജ ഗുരു മാത്രമാണ് ഈ സത്യദർശനത്തിന്റെ ശാസ്ത്രീയ സ്വഭാവം കണ്ടെത്തിയിട്ടുള്ളത്. ഏവരും ശാസ്ത്രീയമായി ചിന്തിക്കുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നത്. അതിനുമപ്പുറത്തുള്ള ശാസ്ത്രത്തിന്റെ പേരാണ് അദ്ധ്യാത്മ ശാസ്ത്രം. ആധുനിക ഭൗതികശാസ്ത്രം കണ്ടെത്തിയിട്ടുള്ള നിഗമനങ്ങളോട് ചേർന്നുപോകുന്നതാണ് ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങൾ. എന്നാൽ, മറ്റൊന്നിന്റേതുമല്ലാത്ത ഒരു ശാസ്ത്രീയത ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങൾക്കുണ്ട്. മറ്റൊരു ശാസ്ത്രത്തെയും പിന്തുടരാതെ അത് വേറിട്ടുനിൽക്കുന്നു.
സത്യമാകുന്ന മഹാസൗധത്തെ 10 വശങ്ങളിൽ നിന്നാണ് ശ്രീനാരായണ ഗുരു വീക്ഷിച്ചത്. അങ്ങനെ അദ്ദേഹത്തിന് 10 ദർശനങ്ങൾ ലഭിച്ചപ്പോഴാണ് ദർശനമാല ഉണ്ടായത്. ഗുരു പറയുന്ന ഏതിലാണ് സത്യത്തിന്റെ സ്വരൂപം ഉള്ളതെന്ന് ചോദിച്ചാൽ പത്തിലും കാണുന്നത് ഒരേ സത്യത്തിന്റെ പത്ത് വശങ്ങളാണെന്ന് മനസിലാകും. ഈ വശങ്ങളെല്ലാം വച്ചുകൊണ്ട് സത്യത്തിന്റെ നിഷ്പക്ഷത നമ്മൾ ഉള്ളിൽ ദർശിക്കണം. അതിന് സാധിച്ചാൽ ഗുരു ഉദ്ദ്യേശിച്ച ഫലം ലഭിക്കും. ഗുരുദർശനങ്ങളിലുള്ള ആ ശാസ്ത്രീയതയെ നടരാജ ഗുരു നമുക്ക് മുന്നിൽ കൂടുതൽ ദൃശ്യമാക്കി. ഗുരുവിന്റെ ശിഷ്യരായ നമ്മൾ പൂർണമനസോടെ ആ ശാസ്ത്രീയ ഉൾക്കൊണ്ടാൽ നമ്മൾ വിജയിച്ചെന്ന് പറയാം. അതിനാൽ ഭയന്ന് പിന്മാറാതെ നടരാജ ഗുരുവിന്റെ തുറന്ന ലോകത്തേക്ക് തന്റേടത്തോടെ കടന്നുചെല്ലണമെന്നും മുനി നാരായണപ്രസാദ് പറഞ്ഞു.
സ്വാമി ത്യാഗീശ്വരൻ അദ്ധ്യക്ഷനായി. അമേരിക്കയിൽ നിന്നുള്ള ഡോ.പീറ്റർ മൊറാസ്, ഡോ.പീറ്റർ ഒപ്പൻഹൈമർ, ഇംഗ്ളണ്ടിൽ നിന്നുള്ള സനൽ മാധവ് തുടങ്ങിയവർ സംസാരിച്ചു.