
കിളിമാനൂർ: കുഞ്ഞ് മനസുകളിലെ ശാസ്ത്രാഭിരുചികൾക്ക് കരുത്തേകാൻ വഴിയൊരുക്കി രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജി രംഗത്ത്. ആസ്പയർ യംഗ് സ്റ്റുഡന്റ് സയന്റിസ്റ്റ് പ്രോഗ്രാമിലൂടെയാണ് 8 മുതൽ 12 വരെ ക്ലാസുകളിലുള്ള കുട്ടികൾക്ക് അഞ്ച് ദിവസം നീളുന്ന സൗജന്യ പരിശീലന കളരി സംഘടിപ്പിക്കുന്നതെന്ന് കോളേജ് പ്രിൻസിപ്പൽ ഡോ.എസ്.സുരേഷ് ബാബു പത്രസമ്മേളനത്തിൽ അറിയിച്ചു.
ഇതിനുള്ള ഐഡിയ ലാബ് സൗകര്യം ഉൾപ്പെടെ ഏർപ്പെടുത്തുന്നതിനായി കേന്ദ്ര സർക്കാർ 1.2 കോടി രൂപ അനുവദിച്ചിട്ടുണ്ട്.തിരുവനന്തപുരം കൊല്ലം ജില്ലകളിലെ വിദ്യാലയങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 150 വിദ്യാർത്ഥികൾക്കാണ് ഭക്ഷണവും താമസവുമൊക്കെയായി പൂർണമായും സൗജന്യമായ പദ്ധതി നടപ്പാക്കുന്നത്.
യോഗ പരിശീലനം, ലാബോറട്ടറി സന്ദർശനം, കലാകായിക പ്രവർത്തനങ്ങൾ എന്നിവയും ഇതോടൊപ്പം നടക്കും. 26ന് രാവിലെ 9.30ന് സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ജോയിന്റ് ഡയറക്ടർ ഡോ.അജിത് പ്രഭു ഉദ്ഘാടനം ചെയ്യും.റോബിൻ ടോമി(ടി.സി.എസ്),ഡോ.അലക്സാണ്ടർ ജേക്കബ് ഐ.പി.എസ്, ഡോ.ശശികുമാർ (വി.എസ്.എസ്.സി),ഡോ.സാബു (മോട്ടിവേഷണൽ സ്പീക്കർ) തുടങ്ങിയവർ പങ്കെടുക്കും.പരിശീലനത്തിനൊടുവിൽ നടത്തുന്ന പരീക്ഷയിൽ മികച്ച വിജയം നേടുന്ന മൂന്ന് പേർക്ക് കാഷ് അവാർഡും പങ്കെടുത്ത മുഴുവൻ പേർക്കും സർട്ടിഫിക്കറ്റും നൽകും.എല്ലാവർഷവും പരിശീലന കളരി നടത്തുമെന്ന് പ്രിൻസിപ്പൽ ഡോ.എസ്.സുരേഷ് ബാബു പറഞ്ഞു പത്രസമ്മേളനത്തിൽ ഡോ.ജുബി, ഡോ.നളന്ത്,പ്രൊഫ.നന്ദു എന്നിവർ പങ്കെടുത്തു.