തിരുവനന്തപുരം: കത്ത് വിവാദത്തിൽ സമരക്കാരുമായി തത്കാലത്തേക്ക് ചർച്ച വേണ്ടെന്ന നിലപാടിൽ സർക്കാർ. അത്യാവശ്യമെങ്കിൽ മാത്രം ആലോചിച്ച് ചർച്ച നടത്താമെന്ന വിലയിരുത്തലിലാണ് മന്ത്രിതല സമതിയും പാർട്ടിയും. പാർട്ടി നിർദ്ദേശത്തെ തുടർന്നാണ് തീരുമാനം.

എന്നാൽ സമരക്കാരുമായുള്ള ചർച്ച പൂർണമായും സർക്കാർ ഉപേക്ഷിച്ചിട്ടില്ല. പ്രതിപക്ഷം സമരം ശക്തമാകുന്ന സാഹചര്യത്തിൽ സമരക്കാരുമായി ചർച്ച ചെയ്‌ത് പ്രശ്‌നം പരിഹരിക്കണമെന്ന നിർദ്ദേശം ഉയരുന്നുണ്ടെങ്കിലും സമയവും സന്ദർഭവും ഒത്തുവരുമ്പോൾ മാത്രം ചർച്ച മതിയെന്നാണ് സി.പി.എം നേതൃത്വത്തിന്റെ നിലപാട്. ചർച്ച നടത്തിയാൽ പരാജയപ്പെടരുത് എന്ന നിലപാടും പാർട്ടിക്കുണ്ട്. കത്ത് വിവാദത്തിൽ ഒത്തുതീർപ്പിന്റെ വക്കോളമെത്തിയ സമരത്തിന്റെ ഗതി ഡി.ആർ . അനിലിന്റെ പരാമർശത്തിൽ വഴിമാറ്റിയതും ചർച്ച നടക്കാൻ തിരിച്ചടിയായി.

മന്ത്രിമാരായ എം.ബി. രാജേഷിന്റെയും വി. ശിവൻകുട്ടിയുടെയും നേതൃത്വത്തിൽ നടത്തിയ ആദ്യചർച്ച തീരുമാനമാകാതെ പിരിഞ്ഞെങ്കിലും തുടർ ചർച്ചകൾക്കുള്ള ശ്രമം വി. ശിവൻകുട്ടി നടത്തിയിരുന്നു.

ഹർത്താൽ നടത്താൻ ബി.ജെ.പി, അനുനയ

ചർച്ചയുടെ കാര്യം പാർട്ടി തീരുമാനിക്കും

കത്ത് വിവാദത്തിൽ ഹർത്താൽ പ്രഖ്യാപിച്ച് ബി.ജെ.പി മുന്നോട്ടുപോകുന്ന സാഹചര്യത്തിൽ അനുനയനീക്കം നടത്തുന്ന കാര്യം പാർട്ടി തീരുമാനിക്കും. സി.പി.എം സംസ്ഥാന സെക്രട്ടറി, മുഖ്യമന്ത്രി , പ്രധാനപ്പെട്ട നേതാക്കൾ എന്നിവരുടെ നേതൃത്വത്തിൽ വരും ദിവസങ്ങളിൽ ഇക്കാര്യം ചർച്ച ചെയ്യും. അവരുടെ തീരുമാനം മന്ത്രിതല സമിതിയെ അറിയിക്കും. കൂടുതൽ പ്രതിരോധം സൃഷ്ടിക്കാതെ സമരം എങ്ങനെ അവസാനിപ്പാക്കാമെന്നാണ് സി.പി.എം ആലോചിക്കുന്നത്.