കത്ത് വിവാദത്തിലെ പ്രതിപക്ഷ സമരം കനക്കുന്നു

തിരുവനന്തപുരം: കത്ത് വിവാദത്തിലെ സമരം കടുപ്പിക്കാൻ ജനുവരി ഏഴിന് നഗരസഭ പരിധിയിൽ ഹർത്താൽ പ്രഖ്യാപിച്ച് ബി.ജെ.പി. ഇന്നലെ ചേർന്ന് ജില്ലാ ഭാരവാഹികളുടെ യോഗത്തിലാണ് ഹർത്താൽ ഉൾപ്പെടെയുള്ള സമര പരമ്പരയുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചത്. ഇതോടെ കത്ത് വിവാദത്തിൽ ഭരണസമിതി കൂടുതൽ പ്രതിരോധത്തിലാകും.

ഹർത്താലിന് മുന്നോടിയായി ജനുവരി ആറിന് ബി.ജെ.പി പ്രവർത്തകർ നഗരസഭ വളയും. ഉപരോധ സമരത്തിന് ജില്ലയിലെ പരമാവധി പ്രവർത്തകരെ പങ്കെടുപ്പിക്കാനാണ് തീരുമാനം. അവശ്യ സാധനങ്ങൾക്ക് മാത്രം ഇളവുനൽകി രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ നഗരസഭ വാർഡുകളിലാണ് ഹർത്താൽ ആചരിക്കുന്നത്. സമരങ്ങൾക്ക് പുറമെ 28 മുതൽ നഗരസഭയിലെ നിയമന വിവാദം, അഴിമതിക്കഥകൾ, ഭരണത്തിലെ പാളിച്ചകൾ എന്നിവയുൾപ്പെടുത്തി ലഘുലേഖ തയ്യാറാക്കി വിതരണം ചെയ്യും. ബി.ജെ.പി പ്രവർത്തകർ ബൂത്തുതലത്തിൽ ആരംഭിക്കുന്ന ഗൃഹസമ്പർക്കത്തിന് വാർഡ് കൗൺസിലർമാർ നേതൃത്വം നൽകും.

ജനുവരി 2 മുതൽ 5 വരെ യുവമോർച്ചയുടെയും മഹിളാമോർച്ചയുടെയും നേതൃത്വത്തിൽ എല്ലാ വാർഡുകളിലും പദയാത്ര നടത്തും. നിയമനതട്ടിപ്പ് വിവാദത്തിൽ മേയർ ആര്യാ രാജേന്ദ്രനും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡി.ആർ. അനിലും രാജിവയ്ക്കും വരെ പ്രതിഷേധം ശക്തമാക്കും.

സമരം അടിച്ചമർത്താൻ

നോക്കുന്നു:വി.വി.രാജേഷ്

പൊലീസിനെ ഉപയോഗിച്ച് സമരത്തെ അടിച്ചമർത്താൻ സർക്കാർ നോക്കുകയാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് പറഞ്ഞു. ഡി.ആർ. അനിലിന്റെ ഓഫീസിലേക്ക് മഹിളാമോർച്ചയും ബി.ജെപി.യും നടത്തിയ മാർച്ചിൽ ഓഫീസിലെ വാതിലിന്റെ ഗ്ലാസ് പൊട്ടിച്ചത് പൊലീസാണ്. എന്നിട്ട് പ്രവർത്തകരുടെ മേൽ രണ്ടുലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതിയിൽ റിപ്പോർട്ട് നൽകി. കള്ളക്കണക്കാണ് പൊലീസ് നൽകിയതെന്ന് കോടതിക്കും ബോദ്ധ്യമായതോടെ കുറച്ച് തുക കെട്ടിവയ്പ്പിച്ച് ജാമ്യം നൽകുകയായിരുന്നെന്നും രാജേഷ് പറഞ്ഞു.

യുവമോർച്ച മാർച്ച്

മേയർ ആര്യാ രാജേന്ദ്രനും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡി.ആർ. അനിലും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച നഗരസഭയിലേയ്ക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർക്കുനേരെ പൊലീസ് മൂന്നുവട്ടം ജിലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകർ പിരിഞ്ഞുപോകാത്തതിനെ തുടർന്ന് ലാത്തിചാർജിലേക്ക് പൊലീസ് നീങ്ങിയെങ്കിലും മുതിർന്ന പ്രവർത്തകർ ഇടപെട്ട് തടഞ്ഞു. ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് ആർ.എസ്. രാജീവ് മാർച്ച് ഉദ്ഘാടനം ചെയ്തു. യുവമോർച്ചാ ജില്ലാ പ്രസിഡന്റ് സജിത്, നന്ദു, അഭിജിത്, നീശാന്ത്, രാമേശ്വരം ഹരി തുടങ്ങിയവർ നേതൃത്വം നൽകി.

സ്റ്റാൻഡിംഗ് കമ്മിറ്റി

യോഗത്തിലും പ്രതിഷേധം

മരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി യോഗത്തിൽ ബി.ജെ.പി കൗൺസിലർമാർ പ്രതിഷേധിച്ചു. ചെയർമാൻ ഡി.ആർ. അനിൽ കൗൺസിൽ യോഗത്തിൽ നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തെ തുടർന്നായിരുന്നു പ്രതിഷേധം. തുടർന്ന് യോഗം മേയറുടെ ഓഫീസിലേക്ക് മാറ്റിയെങ്കിലും അവിടെയും പ്രതിഷേധിച്ച ബി.ജെ.പി അംഗങ്ങൾ ഇറങ്ങിപ്പോയി. ബി.ജെ.പി അംഗങ്ങളായ തിരുമല അനിൽ, ചെമ്പഴന്തി ഉദയൻ, ഷീജാമധു, മഞ്ജു .പി.വി. എന്നിവരാണ് പ്രതിഷേധിച്ചത്. തുടർന്ന് നഗരസഭാ കവാടത്തിൽ സമരം നടത്തുകയായിരുന്ന ബി.ജെ.പിയിലെ മറ്റ് കൗൺസിലർമാർ മേയറുടെ ഓഫീസിനു മുന്നിൽ ധർണ നടത്തി.