
കൊല്ലം: ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം ഇന്നലെ കണ്ടെത്തി. നല്ലില പാലസിൽ ജോയിയുടെയും മിനിയുടെയും മകൻ ആശിഷാണ് (22) മരിച്ചത്.ഇൻഡിഗോയിൽ ഫയർ ആൻഡ് സേഫ്ടി ജീവനക്കാരനാണ് . വ്യാഴാഴ്ച രാത്രിയായിരുന്നു അപകടം. വാളകത്തെ ബന്ധുവിട്ടിൽ പോയ ശേഷം രാത്രി ഒൻപതോടെയാണ് ആശിഷും സഹോദരൻ ഏബലും അടക്കം ബന്ധുക്കളായ അഞ്ച് യുവാക്കൾ ബീച്ചിലെത്തിയത്. ഏറെ നേരെ ബീച്ചിൽ കളിച്ചതോടെ ശരീരത്താകെ മണൽപറ്റി. രാത്രി പതിനൊന്നരയോടെ കാൽ കഴുകാനായി ആശിഷും ബന്ധുവായ ബിപിനും തിരയ്ക്കടുത്തേക്ക് എത്തി. അപ്പോൾ തിരയ്ക്ക് കാര്യമായ ശക്തി ഉണ്ടായിരുന്നില്ല. ഇതിനിടയിൽ എത്തിയ ശക്തമായ തിരയിൽ ആശിഷ് പെടുകയായിരുന്നു. രക്ഷപെടാൻ ആശിഷ് ബിപിന്റെ ഷർട്ടിൽ പിടിച്ചെങ്കിലും കീറിപ്പോയി. തിരയിൽ ബിപിൻ നീന്തി കരയ്ക്കെത്തിയെങ്കിലും ആശിഷിനെ കാണാതാവുകയായിരുന്നു.രാത്രി തന്നെ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ രാവിലെ ഏഴരയോടെ കൊല്ലം പോർട്ടിൽ നിന്ന് രണ്ടുകിലോ മീറ്റർ അകലെ നിന്ന് കോസ്റ്റൽ പൊലീസ് മൃതദേഹം കണ്ടെത്തി. പിതാവ് ജോയി വിദേശത്ത്.