
തിരുവനന്തപുരം: എക്‌സിക്യുട്ടീവ് നോളജ് ലൈനിന്റെയും തിരുവനന്തപുരം ചേംബർ ഒഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സെന്റർ ഫോർ ഇന്നവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ (സിസ), ഫെഡറേഷൻ ഒഫ് ഇന്റലിജൻസ് അപ്പികൾച്ചറിസ്റ്റ്സ് (ഫിയ), മിത്രനികേതൻ കൃഷി വിജ്ഞാനകേന്ദ്രം, സൗത്ത് കേരള ഹോട്ടലിയേഴ്സ് ഫോറം ( എസ്.കെ.എച്ച്.എഫ് ), കേരള ടൂറിസം ഡെവലപ്പ്മെന്റ് അസോസിയേഷൻ ( കെ.ടി.ഡി.എ ) എന്നിവയുടെ സഹകരണത്തോടെ കർഷക ദിനം ആഘോഷിച്ചു.
കർഷക ദിനാഘോഷങ്ങളുടെ ഉദ്ഘാടനം തിരുവനന്തപുരം ചേംബർ ഒഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡന്റ് എസ്എൻ. രഘുചന്ദ്രൻ നായർ നിർവഹിച്ചു. കെ.ടി.ഡി.എ ജനറൽ സെക്രട്ടറി കോട്ടുകാൽ കൃഷ്ണകുമാർ മുഖ്യപ്രഭാഷണം നടത്തി. ഡോ.സി.സുരേഷ് കുമാർ, ഡോ.സ്റ്റീഫൻ ദേവനേശൻ, സൗത്ത് കേരള ഹോട്ടലിയേഴ്സ് ഫോറം (എസ്.കെ.എച്ച്.എഫ്) മെട്രോ മാരട്ട് മാനേജിംഗ് ഡയറക്ടർ സിജി നായർ എന്നിവർ പങ്കെടുത്തു.
കർഷക ദിനാഘോഷങ്ങളുടെ ഭാഗമായി കാർഷിക ഉത്പന്ന വിപണന മേളയും നടീൽ വസ്തുക്കളുടെ പ്രദർശനവും നടന്നു. വിവിധ വിഷയങ്ങളെ ആസ്പദമാക്കി വിദഗ്ദ്ധർ പങ്കെടുക്കുന്ന ചർച്ചകളും സെമിനാറുകളും നടത്തി. 'ഓരോ വീട്ടിലും ഒരു തേനീച്ച കൂട്" എന്ന വിഷയത്തെ ആസ്പദമാക്കി ഡോ.സ്റ്റീഫൻ ദേവനേശനും'മീൻ വളർത്തലിന്റെ സാധ്യതകൾ " എന്ന വിഷയത്തിൽ പ്രശാന്ത് കെ.ജി.യും പ്രഭാഷണം നടത്തി. കാർഷിക അനുബന്ധ മേഖലയിൽ പ്രവർത്തിക്കുന്ന വിദഗ്ദ്ധ കർഷകരെയും ഗവേഷകരെയും സ്ഥാപനങ്ങളെയും ചടങ്ങിൽ അവാർഡുകൾ നൽകി ആദരിച്ചു.