തിരുവനന്തപുരം: മനുഷ്യർക്ക് ഈശ്വരനിലേക്ക് വഴികാട്ടി തരുന്ന മഹത് ഗ്രന്ഥമാണ് ഭാഗവതമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്രത്തിന്റെ സമാപന സഭ കോട്ടയ്‌ക്കകം വൈകുണ്ഡം കല്യാണമണ്ഡപത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മനുഷ്യനെ മനുഷ്യനായി കാണുമ്പോഴാണ് ഈശ്വരനിലേക്ക് എത്തുന്നതെന്നും ആന്റണിരാജു പറഞ്ഞു. ഗുരുവായൂർ ക്ഷേത്ര തന്ത്രി മുഖ്യൻ ചേന്നാസ് ദിനേശൻ നമ്പൂതിരി ഭദ്രദീപം തെളിച്ചതോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ലുലുഗ്രൂപ്പ് ചെയർമാൻ യൂസഫലി മുഖ്യാതിഥിയായിരുന്നു. സത്ര നിർവഹണ സമിതി ചെയർമാൻ ആർ. രാമചന്ദ്രൻ നായർ അദ്ധ്യക്ഷനായ ചടങ്ങിൽ വർക്കിംഗ് ചെയർമാൻ ജി.രാജ്‌മോഹൻ ആമുഖ പ്രഭാഷണം നടത്തി.
അയ്യപ്പ സേവാസംഘം മുഖ്യ രക്ഷാധികാരി തെന്നല ബാലകൃഷ്‌ണപിള്ള, കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ ചെയർമാൻ ജസ്റ്റിസ്റ്റ് സി.കെ.റഹീം എന്നിവർ ചേർന്ന് സത്രത്തിന്റെ ഭാഗമായുള്ള വിവിധ പുരസ്‌കാരങ്ങൾ വിതരണം ചെയ്‌തു. എസ്.എൻ. രഘുചന്ദ്രൻ നായർ, കൗൺസിലർ ജാനകി അമ്മാൾ, ട്രഷറർ എസ്.ശ്രീനി, മീഡിയ കമ്മിറ്റി ചെയർമാൻ ആർ.അജിത് കുമാർ, ഫിനാൻസ് കമ്മിറ്റി ചെയർമാൻ പി.എസ് ശ്രീകുമാർ, സത്ര സമിതി ജനറൽ സെക്രട്ടറി ടി.ജി.പദ്മനാഭൻ നായർ തുടങ്ങിയവർ പങ്കെടുത്തു.
മാതാപിതാക്കളെ പരിചരിക്കാതെ
ഒന്നും ചെയ്‌തിട്ട് കാര്യമില്ല: എം.എ. യൂസഫലി
മാതാപിതാക്കളെ പരിചരിക്കാതെ ഒന്നും ചെയ്‌തിട്ട് കാര്യമില്ലെന്ന് ചടങ്ങിൽ പങ്കെടുത്ത ലുലുഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു. മാതൃദേവോ ഭവ:,പിതൃ ദേവോ ഭവ; അതിഥി ദേവോ ഭവ എന്നാണ് എല്ലാമതങ്ങളും പഠിപ്പിച്ചിട്ടുള്ളത്. ലോകത്തെ എല്ലാവരുടെയും ദൈവം ഒന്നാണ്. മാർഗങ്ങൾ പലതായിരിക്കും. മാതാവിനെ സ്‌നേഹിക്കാനും സംരക്ഷിക്കാനുമാണ് എല്ലാ മതങ്ങളും പറയുന്നത്. നന്മ കൊണ്ട് മാത്രമേ എല്ലാവർക്കും വിജയിക്കാനാകുകയുള്ളൂ. സനാതന ധർമ്മത്തിന്റെ പേരിലാണ് ഭാരതം അറിയപ്പെടുന്നത്. അടുത്ത തലമുറയെ കൂടി സത്രത്തിലെത്തിക്കാനും അതിലൂടെ ഭാരതത്തിന്റെ മഹിമ മനസിലാക്കാനുമുള്ള സൗകര്യം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.