തിരുവനന്തപുരം: നഗരസഭ ഭരണം മൂന്നാം വർഷത്തിലേക്ക് കടക്കുമ്പോൾ വെട്ടുകാട് വാർഡിലെ ഈന്തിവിളാകത്തെ വെള്ളക്കെട്ടിന് അറുതി വരുത്താനുള്ള പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം മന്ത്രി ആന്റണി രാജു നിർവഹിച്ചു.
വാർഡ് ഉപ തിരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് നൽകിയ വാക്കാണിതെന്നും വാഗ്ദാനം പാലിച്ച് തന്നെ മുന്നോട്ട് പോകുമെന്നും ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച മേയർ ആര്യാ രാജേന്ദ്രൻ പറഞ്ഞു. നഗരസഭ വാർഷിക പദ്ധതിയിൽ നിന്ന് ഒരുകോടി രൂപയും എം.എൽ.എ ഫണ്ടിൽ 50 ലക്ഷം രൂപയും വകയിരുത്തി ഓട നിർമ്മിച്ച് റോഡ് പുനർ നിർമ്മിക്കുന്നതാണ് പദ്ധതി. ഏകദേശം ഒരു കിലോമീറ്റർ ഉപറോഡുകൾ ഉൾപ്പെടെ പദ്ധതിയുടെ ഭാഗമായി നവീകരിക്കും. ചടങ്ങിൽ ഡെപ്യൂട്ടി മേയർ പി.കെ. രാജു, സ്ഥിരംസമിതി അദ്ധ്യക്ഷന്മാർ കൗൺസിലർമാർ, മറ്റ് രാഷ്ട്രീയ നേതാക്കൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.