തിരുവനന്തപുരം: വിഴിഞ്ഞം സമരം ഒത്തുതീർപ്പാക്കിയതിന്റെ ഭാഗമായി സർക്കാർ ലത്തീൻ അതിരൂപതയ്ക്ക് നൽകിയ ഉറപ്പുകളുടെ അടിസ്ഥാനത്തിൽ മുട്ടത്തറയിൽ 400 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ഫ്ളാറ്റ് നിർമ്മിക്കാൻ 81 കോടി രൂപ അനുവദിച്ചതോടെ പുനർഗേഹം പദ്ധതിയുടെ ഗുണഭോക്താക്കളുടെ എണ്ണം ജില്ലയിൽ 4500 കടന്നു. മുട്ടത്തറയിൽ അനുവദിച്ച 400 ഫ്ലാറ്റുകളുടെ നിർമ്മാണം ഒന്നരവർഷത്തിനകം പൂർത്തിയാക്കാനാണ് ഫിഷറീസ് വകുപ്പിന്റെ തീരുമാനം. തീരദേശത്ത് വേലിയേറ്റ രേഖയിൽനിന്നും 50 മീറ്ററിനുള്ളിൽ താമസിക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളെ മാറ്റി സുരക്ഷിത മേഖലയിൽ പുനരധിവസിപ്പിക്കുന്ന പദ്ധതിയാണ് പുനർഗേഹം. സ്വീവേജ്‌ ട്രീറ്റ്‌മെന്റ്‌ പ്ലാന്റ്‌,ചുറ്റുമതിൽ, വൈദ്യുതി,കുടിവെള്ള കണക്ഷൻ ഉൾപ്പെടെ താമസിക്കാൻ പൂർണ സജ്ജമാക്കിയ ഫ്ലാറ്റാണ്‌ മുട്ടത്തറയിൽ നിർമ്മിച്ച്‌ കൈമാറുക. രണ്ട് ബെഡ്റൂം,ഹാൾ,അടുക്കള അടക്കം 636 ചതുരശ്രയടിയിലാണ്‌ ഓരോ ഫ്ലാറ്റും. എട്ട്‌ യൂണിറ്റുകൾ വീതമുള്ള 50 ഫ്ലാറ്റ്‌ സമുച്ചയങ്ങളാണുണ്ടാകുക.ഓരോ യൂണിറ്റിലും 86 ചതുരശ്രയടി പൊതുഇടമായുണ്ടാകും. ഫ്ളാറ്റിന്റെ ഡിസൈൻ ചീഫ് സെക്രട്ടറിയും തുറമുഖ വകുപ്പ് സെക്രട്ടറിയും അംഗമായ മോണിറ്ററിംഗ് കമ്മിറ്റി ലത്തീൻ അതിരൂപത അധികൃതരുമായി ചർച്ച ചെയ്ത് തീരുമാനിക്കും. ഹാർബർ എൻജിനിയറിംഗ് വകുപ്പിനാണ്‌ നിർമ്മാണമേൽനോട്ടം. ലിമിറ്റഡ്‌ ടെൻഡറിലൂടെയാണ്‌ പദ്ധതി നടപ്പാക്കുക. ഫ്ളാറ്റ് പരിസരത്ത് വലയും മറ്റ് ഉപകരണങ്ങളും സൂക്ഷിക്കുന്നതിന് പൊതുവായ ഇടവുമൊരുക്കും.

തലസ്ഥാനത്തെ പുരോഗതി

മാറി താമസിക്കാൻ സന്നദ്ധരായവർ 4044

ഭൂമി വില നിശ്‌ചയിച്ചവർ 1613

രജിസ്‌ട്രേഷൻ പൂർത്തീകരിച്ചവർ 959

ഭവന നിർമ്മാണം പൂർത്തിയാക്കിയവർ 490

ഭവന സമുച്ചയം കൈമാറിയത്

കാരോട് 128

ബിമാപ്പള്ളി 20

നിർമ്മാണത്തിന് അംഗീകാരം ലഭിച്ചവ

കാരോട് 24

വലിയതുറ 192

ഉടൻ ഏറ്റെടുക്കുന്നവ

സ്ഥലം ഭൂവിസ്‌തൃതി എണ്ണം

കൊച്ചുവേളി 2 ഏക്കർ 168

സെന്റ് ആന്റണീസ് 37 സെന്റ് 592

ധനസഹായം

 പദ്ധതി സഹായം പരമാവധി 10 ലക്ഷം രൂപ

 രജിസ്‌ട്രേഷൻ ഡ്യൂട്ടിയും സ്റ്റാമ്പ് ഡ്യൂട്ടിയും സർക്കാർ വഹിക്കും

 എല്ലാ ധനകാര്യ ഇടപാടുകളും ഡയറക്‌ട് ബെനിഫിക്‌ട് ട്രാൻസ്‌ഫർ മുഖേന

'എല്ലാ മത്സ്യത്തൊഴിലാളികളെയും സുരക്ഷിതമായ ഇടങ്ങളിലേക്ക് പുനരധിവസിപ്പിക്കുകയാണ് സർക്കാർ ലക്ഷ്യം. തിരുവനന്തപുരം ജില്ലയിൽ പദ്ധതിയിൽ ഇടംപിടിക്കാൻ അർഹരായവരുടെ വിപുലമായി പട്ടികയാണ് സർക്കാർ തയ്യാറാക്കുന്നത്."

വി. അബ്‌ദുറഹ്‌മാൻ

ഫിഷറീസ് മന്ത്രി