
തിരുവനന്തപുരം: ലഹരിക്കെതിരെ പോരാടാൻ ഇനി കില്ലാഡിയും. വിദ്യാഭ്യാസ വകുപ്പ് ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീമാണ് ലഹരിവിരുദ്ധ പ്രചാരണ പദ്ധതിക്കു വേണ്ടി കില്ലാഡിയെന്ന കൊച്ചു പാവ തയാറാക്കിയത്. ലഹരിക്കെതിരെ പോരാടുന്ന, കോട്ടകാക്കുന്ന യോദ്ധാവായാണ് കില്ലാഡിയെ അവതരിപ്പിച്ചിരിക്കുന്നത്. ടൂത്ത്പിക്കുകളും ചുവപ്പും കറുപ്പും നിറമുള്ള ചരടുകളും പശയും ഉപയോഗിച്ച് ഗോത്രവർഗ രീതിയിലാണ് നിർമ്മാണം. പാവയുടെ നാല് കൈകൾ കില്ലാഡിയെ അതിശക്തനാക്കുന്നു. ചുവപ്പ് നിറം അപാര ഊർജ്ജത്തോടെയുള്ള, സന്ധിയില്ലാ പോരാട്ടത്തിന്റെയും, കറുപ്പ് നിറം പ്രതിരോധത്തിന്റെയും പ്രതീകമാണ്. ആർക്കും എളുപ്പത്തിൽ ഉണ്ടാക്കാവുന്നതും തീർത്തും പുതുമയുള്ളതുമാണ് കില്ലാഡി പാവ. 'നോ ടു ഡ്രഗ്സി'ന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പായ 'വെളിച്ചം 2022' ൽ 14 ലക്ഷം ലഹരി വിരുദ്ധ കില്ലാഡി പാവകൾ നിർമ്മിച്ച് പൊതുസമൂഹത്തിൽ വിതരണം ചെയ്യും.