inauguration

ചിറയിൻകീഴ്: ലോകത്തെ ഒന്നായി കണ്ടുകൊണ്ടുള്ള പ്രവർത്തന ശൈലിയുടെ ഭാഗമായാണ് ശ്രീനാരായണഗുരു മുരുക്കുംപുഴയിൽ ഓം സത്യം, ധർമ്മം, ദയ, ശാന്തി എന്ന് ആലേഖനം ചെയ്ത പ്രഭ ഫലകം സ്ഥാപിച്ചതെന്നും, ഇതുപോലെ മറ്റൊരു ക്ഷേത്ര പ്രതിഷ്ഠയും കേരളത്തിലോ ഭാരതത്തിലോ ലോകത്തോ ഇല്ലന്നുള്ള സത്യം നാം മനസ്സിലാക്കണമെന്നും, ഇതു ദൈവത്തിന്റെ സ്വരൂപ ലക്ഷണമാണെന്നും ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ പറഞ്ഞു. ഫലക പ്രതിഷ്ഠയുടെ 101-ാം വാർഷികത്തോടനുബന്ധിച്ച് മുരുക്കുംപുഴയിലെ മതേതര കൂട്ടായ്മയായ ഗുരുദേവ ദർശന പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഓംകാരമെന്നത് ഈശ്വരനാമമാണ്. ആമീൻ,ആമേൻ എന്നതെല്ലാം ഓംകാരത്തിന്റെ വകഭേദങ്ങളാണ്. അവർണ്ണ വിഭാഗത്തിൽ പെട്ട ശാന്തിക്കാർക്ക് ഇന്നും അമ്പലത്തിൽ പൂജ നടത്താൻ കഴിയാത്ത സാഹചര്യമാണ് കേരളത്തിൽ. 110 വർഷങ്ങൾക്ക് മുമ്പ് അയിത്തജാതിക്കാരെ ശിവഗിരിയിൽ ശാന്തിക്കാരായി നിയോഗിച്ച് ഗുരു നവോത്ഥാനം പ്രാവർത്തികമാക്കിയ സത്യം ഇന്നത്തെ നവോത്ഥാനക്കാർ മനസ്സിലാക്കണം. ശിവഗിരി സന്ദർശിച്ച ബ്രാഹ്മണനായ സി. രാജഗോപാലാചാരിയുൾപ്പെടെയുള്ളവർ ദളിത് പൂജാരിയിൽ നിന്നാണ് പ്രസാദം സ്വീകരിച്ചത്. ഇതായിരുന്നു ഗുരുവിന്റെ ആദ്ധ്യാത്മിക വിപ്ലവമെന്നും അദ്ദേഹം കൂട്ടിചേർത്തു. ഗുരുദേവ ദർശനപഠനകേന്ദ്രം പ്രസിഡന്റ് മുരുക്കുംപുഴ സി.രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രതിമാസ പഠന ക്ലാസിന്റെ ഉദ്ഘാടനം കേരള സർവ്വകലാശാല ശ്രീനാരായണ അന്തർദ്ദേശീയപഠന കേന്ദ്രം ഡയറക്ടർ ഡോ. എം.എ. സിദ്ദിഖ് നിർവഹിച്ചു. പാണൂർ മുസ്ലിം ജമാഅത്ത് ചീഫ് ഇമാം എച്ച്.ഷഹീർ മൗലവി, ഗുരുദേവ ദർശനം പഠനകേന്ദ്രം സെക്രട്ടറി എ. ലാൽ സലാം, വൈസ് പ്രസിഡന്റ് മേഴ്സി ജോസഫ്, റജിൻ ഗിരി എന്നിവർ സംസാരിച്ചു. യോഗത്തിൽ സ്വാമി സച്ചിദാനന്ദ 101-ാം വാർഷിക സ്മരണികയായ ഗുരുദർശനം എസ്.ജയനും, ഡോ.എം.എ.സിദ്ദിഖ് എഡിറ്റ് ചെയ്ത ശ്രീനാരായണ ഗുരു ജീവിതവും കൃതികളും എന്ന പുസ്തകം ഫ്രാൻസിസ് ഏണസ്റ്റിനും, ഗുരുദേവൻ മുരുക്കുംപുഴയിൽ എന്ന ഡോക്യുമെന്ററിയുടെ സി.ഡി വിപിൻ മിരാന്റെയ്ക്കും സുരേഷ് അമ്മൂസിനും നൽകി. 101-ാം വാർഷികം പ്രമാണിച്ച് ഗുരു സ്മൃതി എന്ന പേരിലുള്ള 101 പ്ലാവിൻ തൈകളുടെ വിതരണോദ്‌ഘാടനം ഡോ.എം.എ സിദ്ദിഖ് സ്കൂൾ മാനേജർ അഡോൾഫ് ലോപ്പസ്സിനു കൈമാറി നിർവഹിച്ചു.