തിരുവനന്തപുരം:മോഡൽ സ്‌കൂൾ ജംഗ്‌ഷൻ - അരിസ്റ്റോ ജംഗ്‌ഷൻ റോഡിലെ മാൻഹോൾ നവീകരണം നഗരത്തിലെ ക്രിസ്‌മസ് ആഘോഷം വെള്ളത്തിലാക്കി.നഗര ഹൃദയത്തിലെ പ്രധാന റോഡ് അടച്ചിട്ടിരിക്കുന്നതിനാൽ പ്രദേശത്തെ ഹോട്ടലുകൾക്കെല്ലാം ക്രിസ്‌മസ് നഷ്‌ട കച്ചവടമാണ്.ഡി.ജെ ഉൾപ്പെടെയുള്ള പാർട്ടികൾ ഒഴിവാക്കി ഡിന്നർ മാത്രമാക്കി ക്രിസ്‌മസ് ഒതുക്കാനാണ് ഇവിടെ സ്ഥിതി ചെയ്യുന്ന ഹോട്ടൽ മാനേജ്‌മെന്റുകളുടെ തീരുമാനം.പ്രതീക്ഷിക്കുന്നത്ര ജനം ക്രിസ്‌മസ് രാത്രിയിൽ ഹോട്ടലുകളിലേക്ക് എത്തുമോയെന്ന ആശങ്ക ഇവർക്കുണ്ട്.ഹൊറൈസൺ,ഹൈസിന്ത്, എസ്.പി.ഗ്രാൻഡ് ഡേയ്‌സ് ഉൾപ്പെടെയുള്ള വൻകിട ഹോട്ടലുകളും ധാരാളം ചെറിയ ഹോട്ടലുകളും ഇവിടെയുണ്ട്. പുതുവത്സരം കഴിഞ്ഞ് മാത്രമേ റോഡ് തുറക്കുകയുള്ളൂവെന്നതാണ് ഹോട്ടലുകാരെ ധർമ്മസങ്കടത്തിലാക്കുന്നത്.
ക്രിസ്‌മസിനോടനുബന്ധിച്ച് പ്രമുഖ ഹോട്ടലുകളിലെല്ലാം വിപുലമായ ഡിന്നർ പാർട്ടിയാണ് ഇന്ന് രാത്രി ഒരുക്കിയിരിക്കുന്നത്.അപ്പോളോ ഡീമോറയിൽ ഡി.ജെ പാർട്ടിയ്‌ക്കൊപ്പം വിശാലമായ ഡിന്നറും കുടുംബങ്ങൾക്ക് വേണ്ടിയുള്ള മത്സരങ്ങളുമുണ്ടാകും.വിൻസർ രാജധാനി, മൗര്യ രാജധാനി ഉൾപ്പെടെ രാജാധാനി ഗ്രൂപ്പിന്റെ കീഴിലുള്ള ഹോട്ടലുകളിലും ചിരാഗിലും പങ്കജിലും വിപുലമായ ക്രിസ്‌മസ് ഡിന്നർ ക്രമീകരിച്ചിട്ടുണ്ട്.നഗരതിരക്കുകളിൽ നിന്ന് മാറി കോവളത്തും വർക്കലയിലും ക്രിസ്‌മസ് ആഘോഷങ്ങൾക്കായി കുടുംബസമേതം ആയിരക്കണക്കിന് പേരെത്തും. സന്ദർശകരെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് ഇവിടങ്ങളിലെ ഹോട്ടലുകാരും.