തിരുവനന്തപുരം: ആവശ്യങ്ങളും പരാതികളുമായി എത്തുന്ന ഉപഭോക്താക്കളോട് പാറ്റൂർ ജല അതോറിട്ടി ഓഫീസിലെ ഉദ്യോഗസ്ഥർ മോശമായി പെരുമാറുന്നതായി പരാതി. മോശം പദപ്രയോഗങ്ങൾ നടത്തിയും തട്ടിക്കയറിയും ഉദ്യോഗസ്ഥർ ഭീഷണി മുഴക്കുന്നുവെന്നാണ് ആരോപണം. ഒരുമാസത്തിനിടെ അഞ്ച് പരാതികളാണ് ഉദ്യോഗസ്ഥർക്കെതിരെ ഉയർന്നത്.
വെള്ളക്കരത്തിന്റെ പേരിൽ ഇല്ലാത്ത കണക്ക് പെരുപ്പിച്ച് പണം തട്ടാനുള്ള ജല അതോറിട്ടിയുടെ തട്ടിപ്പ് ചോദ്യം ചെയ്‌ത ആനയറ സ്വദേശിയോടാണ് ഉദ്യോഗസ്ഥർ ഒടുവിൽ മോശമായി പെരുമാറിയത്. വീട്ടിലെ പൈപ്പ് ലൈൻ ചോർച്ചയെ തുടർന്ന് 24,000 രൂപയോളം അടയ്‌ക്കാനാണ് ജല അതോറിട്ടി ആവശ്യപ്പെട്ടത്. ചോർച്ച പരിഹരിച്ച ശേഷം അഞ്ച് തവണകളായി പണമടച്ച് വെള്ളയമ്പലത്തെ ജല അതോറിട്ടി ഓഫീസിൽ ബിൽ കൈപ്പറ്റാനായി പോയപ്പോൾ ഒരു മാസത്തിനകം ബിൽ ലഭിക്കുമെന്നായിരുന്നു മറുപടി.
ഇതുകഴിഞ്ഞ് രണ്ട് മാസത്തോളം മീറ്റർ റീഡിംഗിനായി ഉദ്യോഗസ്ഥർ വീട്ടിലെത്തിയിരുന്നില്ല. ഇക്കാര്യം അന്വേഷിക്കാൻ പാറ്റൂരിലെ ജല അതോറിട്ടി ഓഫീസിൽ പോയ ആനയറ സ്വദേശിയോട് 5000 രൂപ അടയ്‌ക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. ഇന്നലെ 5000 രൂപയുമായി ഓഫീസിലെത്തിയപ്പോൾ 10,000 രൂപ അടയ‌്ക്കണമെന്ന് പറഞ്ഞത് ചോദ്യം ചെയ്‌തതോടെയാണ് ഉദ്യോഗസ്ഥർ തട്ടിക്കയറിയത്. ഇവിടെ ഇങ്ങനെയൊക്കെ പറ്റുകയുള്ളൂവെന്നായിരുന്നു ശകാരം.