kadumoodiya-predesham

കല്ലമ്പലം: നാവായിക്കുളം ഡീസന്റ്മുക്ക് ജംഗ്ഷന് സമീപം ആളൊഴിഞ്ഞ പ്രദേശം കാട് മൂടി ഇഴ ജന്തുക്കളുടെയും മറ്റും ആവാസ കേന്ദ്രമായി മാറി. തലമുറകളായി ഇവിടെ താമസിച്ചിരുന്ന പത്തോളം കുടുംബങ്ങളെ എക്സ് പാർട്ടി വിധിയിലൂടെ മൂന്ന് വർഷത്തിനു മുൻപ് കുടിയൊഴിപ്പിച്ചതോടെയാണ് ഒന്നര ഏക്കറോളമുള്ള ഈ പ്രദേശം കാടുപിടിക്കാൻ തുടങ്ങിയത്.

ഉഗ്ര വിഷമുള്ള ഇഴജന്തുക്കൾ, കാട്ടുപന്നികൾ, മുള്ളൻപന്നികൾ, തെരുവ് നായ്ക്കൾ, മരപ്പട്ടി തുടങ്ങിയവ പെറ്റുപെരുകി യാത്രക്കാർക്കും സമീപവാസികൾക്കും പേടി സ്വപ്നമായി മാറിയിരിക്കുകയാണിവിടം. ഇഴ ജന്തുക്കൾ റോഡിലിറങ്ങുന്നതും സമീപ വീടുകളിൽ ഇഴഞ്ഞു ചെല്ലുന്നതും പതിവ് സംഭവമാണ്. ഈ പുരയിടത്തിന്റെ ഇരുവശവും റോഡായതിനാൽ മരപ്പട്ടിയും മറ്റും റോഡിലിറങ്ങി വാഹനത്തിനടിയിൽ പെടുന്നതും പതിവാണ്. കാട് വളർന്ന് റോഡും കുഴിയും തിരിച്ചറിയാൻ കഴിയാതായതോടെ രണ്ട് മാസം മുൻപ് നാട്ടുകാർ സംഘടിച്ച് കുറെ ഭാഗം വൃത്തിയാക്കിയെങ്കിലും വീണ്ടും കാട്ടുചെടികൾ വളർന്ന് പഴയതുപോലെയായി. പഞ്ചായത്തിൽ നാട്ടുകാർ നിരവധി തവണ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ല.

 കൃഷിനാശവും പതിവ്

ആടുവളർത്തലും കോഴി വളർത്തലും കൃഷിയും പതിവാക്കിയവരാണ് ചുറ്റുവട്ടത്തെ താമസക്കാരിൽ അധികവും. ഇവരുടെ കോഴികളെ കാണാതാവുന്നതും കോഴികളെയും ആടുകളെയും അജ്ഞാത ജീവികൾ കടിച്ചു കൊല്ലുന്നതും നിത്യ സംഭവമായതോടെ പലരും ഇതിൽനിന്നു പിന്മാറി. കാർഷിക വിളകൾ കാട്ടുപന്നികൾ കൂട്ടത്തോടെയെത്തി നശിപ്പിക്കുന്നതുകാരണം കൃഷി നടത്താനും കഴിയുന്നില്ല.

കാലാവസ്ഥ വ്യതിയാനത്തെ അതിജീവിച്ച് വെള്ളവും വളവും സമയാസമയങ്ങളിൽ നൽകി വിളവെടുക്കാറാകുമ്പോഴാണ്‌ പന്നികൾ കൃഷി വ്യാപകമായി നശിപ്പിക്കുന്നത്. സമീപ പ്രദേശങ്ങളിലും കാട്ടുപന്നി ശല്യം രൂക്ഷമാണ്.

 മാലിന്യനിക്ഷേപം രൂക്ഷം

പ്രദേശം കാടുമൂടി കിടക്കുന്നതിനാൽ ഇവിടെ മാലിന്യ നിക്ഷേപവും വ്യാപകമാണ്. രാത്രിയിൽ വാഹനങ്ങളിൽ കൊണ്ടുവന്ന് മാലിന്യം ഇവിടേക്ക് വലിച്ചെറിയുന്നതിനാലാണ് തെരുവുനായ്ക്കളും ഇഴ ജന്തുക്കളും പെരുകുന്നത്. ഇവ റോഡിലേക്ക് ഇറങ്ങുന്നത് പ്രഭാത സവരിക്കാർക്കും സ്കൂൾ കുട്ടികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. ഭീതിയോടെയാണ് ഇതുവഴി നാട്ടുകാർ സഞ്ചരിക്കുന്നത്.