വർക്കല: ശിവഗിരി തീർത്ഥാടനം - ന്യൂയർ - ക്രിസ്‌മസ് ആഘോഷം എന്നിവ പ്രമാണിച്ച് വർക്കലയിൽ പൊലീസ് സുരക്ഷ ഊർജിതപ്പെടുത്തിയതായി വർക്കല ഡിവൈ.എസ്.പി. പി. നിയാസ്, എസ്.എച്ച്.ഒ സനോജ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വർക്കലയിലും പാപനാശത്തും പ്രത്യേക നിരീക്ഷണവും പരിശോധനയും നടത്തും.
മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരെ ലൈസൻസ് റദ്ദ് ചെയ്യുന്നത് ഉൾപ്പെടെയുള്ള നിയമ നടപടികൾ സ്വീകരിക്കും. ഡി.ജെ പാർട്ടികൾക്ക് കർശനമായ നിയന്ത്രണം ഏർപ്പെടുത്തി. ബൈക്ക് പട്രോളിങ്, മഫ്തി പൊലീസ്, ഷാഡോ എന്നിവരുടെ പ്രത്യേക ടീം വർക്കലയിലും പാപനാശം വിനോദസഞ്ചാരമേഖലയിലും നിരീക്ഷണം നടത്തും. ആഭ്യന്തര-വിദേശവിനോദ സഞ്ചാരികളെയും സ്ത്രീകൾ ഉൾപ്പെടെയുള്ളവരുടെയും തിരക്ക് കണക്കിലെടുത്ത് പൊലീസിന്റെ പ്രത്യേക നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്.
അനധികൃത മദ്യം, കഞ്ചാവ് , മയക്കുമരുന്ന് എന്നിവയുടെ വില്പന തടയുന്നതിനായി വിനോദസഞ്ചാര മേഖലയിലുള്ള നിർണായക ഇടങ്ങളിൽ പൊലീസിന്റ പ്രത്യേക പരിശോധന ആരംഭിച്ചിട്ടുണ്ട്. ആഘോഷങ്ങളുടെ ഭാഗമായി ആൾക്കൂട്ട നിയന്ത്രണവും ഏർപ്പെടുത്തി. വാഹനങ്ങളുടെ അമിത വേഗത നിയന്ത്രിക്കുന്നതിനുള്ള സംവിധാനവും വർക്കലയിൽ ക്രമീകരിച്ചിട്ടുണ്ട്. വർക്കലയിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ സി.സി ടിവി കാമറകൾ സ്ഥാപിച്ച് കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ പിടികൂടുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. വഴിയോര കച്ചവടം ഭിക്ഷാടനം എന്നിവ കർശനമായി നിരോധിച്ചിട്ടുണ്ട്. പൊതുജനങ്ങളുടെ സുരക്ഷയ്ക്കായി വർക്കല ഡി.വൈ.എസ്. പി-9497940836, വർക്കല എസ്. എച്ച്. ഒ. എസ്. സനോജ് എസ് -9497987016 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. കുറ്റകൃത്യങ്ങൾ കണ്ടാൽ ബന്ധപ്പെട്ട നമ്പറുകളിൽ വിവരം അറിയിക്കണമെന്ന് ഡിവൈ.എസ്.പി അറിയിച്ചു.