മുടപുരം: നിറുത്തിവച്ച കെ.എസ്.ആർ.ടി.സി ബസ്‌ സർവീസുകൾ പുനരാരംഭിക്കാത്തതിനാൽ ചിറയിൻകീഴ്, അഴൂർ, പെരുങ്ങുഴി, നാലുമുക്ക്, ചിലമ്പിൽ, പെരുമാതുറ, മാടൻവിള തുടങ്ങിയ വിവിധ പ്രദേശങ്ങളിൽ യാത്ര ക്ലേശം രൂക്ഷം. കൊവിഡ് മൂലം നിറുത്തിവച്ച ബസ് സർവീസിന്റെ സിംഹഭാഗവും പുനരാരംഭിക്കാൻ കെ.എസ്.ആർ.ടി.സി തയ്യാറായിട്ടില്ലെന്നാണ് പൊതുവായ ആക്ഷേപം. ഇതുമൂലവും നാട്ടുകാർ അനുഭവിക്കുന്ന യാത്ര ദുരിതം ചില്ലറയല്ല. പതിറ്റാണ്ടുകൾക്ക് മുൻപ് കെ.എസ്.ആർ.ടി.സി ആറ്റിങ്ങൽ ഡിപ്പോയിൽ ഏറ്റവും കൂടുതൽ കളക്‌ഷൻ നൽകിയിരുന്ന റൂട്ടായിരുന്നു ചിറയിൻകീഴ് -തിരുവനന്തപുരം. ഈ റൂട്ട്, ദേശസാത്കരിച്ചതിനാൽ സ്വകാര്യ ബസ്സുകൾക്ക് സർവീസ് നടത്താനും കഴിയില്ല. ഫാസ്റ്റ് ഉൾപ്പെടെ നിരവധി സർവീസുകൾ ഉണ്ടായിരുന്ന ഈ റൂട്ട് ഇന്ന് ആർക്കും ബസ്സിനെ ആശ്രയിക്കാൻ കഴിയാത്ത വിധമായി. സർക്കാർ -അർദ്ധസർക്കാർ ജീവനക്കാർ വിവിധ തരം തൊഴിലാളികൾ ഉൾപ്പടെ നൂറുകണക്കിന് യാത്രക്കാർക്ക് തിരുവനന്തപുരം ഉൾപ്പടെ വിവിധ പ്രദേശങ്ങളിലേക്ക് പോകേണ്ടതുണ്ട്. എന്നാൽ ബസ്സിന്റെ അപര്യാപ്‌തതമൂലം സ്വകാര്യ ടെമ്പോകളെ അവർക്ക് ആശ്രയിക്കേണ്ടി വരുന്നു.

 നട്ടംതിരിഞ്ഞ് നാട്ടുകാർ
ചിറയിൻകീഴ് - മാടൻവിള -പെരുമാതുറ കെ.എസ്.ആർ.ടി .സി ബസ് സർവീസ് നിലച്ചിട്ട് അഞ്ചു മാസത്തിലേറെയായി. 2003 ലാണ് ചിറയിൻകീഴ് നിന്ന് അഴൂർ കടവിലേക്ക് കെ.എസ്.ആർ.ടി.സി ബസ് ആരംഭിച്ചത്. പിന്നെ അഴൂർ കടവ് പാലംപണി പൂർത്തിയായി 2009 ൽ അതിന്റെ ഉദ്‌ഘാടന വേളയിൽ തന്നെ ചിറയിൻകീഴ് - മാടൻവിള -പെരുമാതുറ ബസ്‌ സർവീസിന്റെ ഉദ്‌ഘാടനവും നടന്നു. എന്നാൽ ഇപ്പോൾ ബസ് സർവീസ് നിലച്ചത് നാട്ടുകാരെ കഷ്ടത്തിലാക്കി.

 ആവശ്യങ്ങൾ ഇങ്ങനെ

രാവിലെ കോളേജുകളിലേക്ക് പോകുന്ന നാല് ബസ്സുകൾ ഒഴിച്ചാൽ പിന്നെ അപൂർവമായേ സർവീസുള്ളൂ എന്നാണ് നാട്ടുകാർ പറയുന്നത്. അതിനാൽ യാത്രാക്ലേശം പരിഹരിക്കാൻ സർവീസുകൾ പുനരാരംഭിക്കണമെന്നും ഒപ്പം ചിറയിൻകീഴ് നിന്ന് കണിയാപുരം വരെ ഷട്ടിൽ സർവീസ് ആരംഭിക്കണമെന്നും യാത്രക്കാർ ആവശ്യമുന്നയിച്ചു. കണിയാപുരത്തെത്തിയാൽ അവിടെനിന്ന് നാഷണൽ ഹൈവേ വഴി വരുന്ന ബസ്സുകളെ ആശ്രയിക്കാൻ കഴിയുമെന്ന് അവർ പറയുന്നു. അല്ലെങ്കിൽ ദേശസാത്കരണം പിൻവലിച്ച് സ്വകാര്യ ബസ്സുകൾക്ക് സർവീസ് നടത്താൻ അനുമതി നൽകണമെന്നും നാട്ടുകാർ ആവശ്യം ഉന്നയിച്ചു.