p

തിരുവനന്തപുരം: ഐ.ജിമാരെയും സിറ്റി പൊലീസ് കമ്മിഷണർമാരെയും ഇളക്കി പ്രതിഷ്ഠിച്ച് സംസ്ഥാന പൊലീസിൽ സമഗ്ര അഴിച്ചുപണി. ഐ.ജിമാരായിരുന്ന തുമ്മല വിക്രം, ദിനേന്ദ്രകശ്യപ്, ഗോപേഷ്കുമാർ അഗർവാൾ, എച്ച്. വെങ്കിടേഷ്,​ അശോക് യാദവ് എന്നിവർക്ക് എ.ഡി.ജി.പിമാരായി സ്ഥാനക്കയറ്റം നൽകി കഴിഞ്ഞ ദിവസമിറക്കിയ ഉത്തരവിലാണ് ഇക്കാര്യമുള്ളത്. ദക്ഷിണ, ഉത്തരമേഖല, വിജിലൻസ് ഐ.ജിമാരെയും തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കമ്മിഷണർമാരെയുമുൾപ്പെടെ മാറ്റിയിട്ടുണ്ട്.

സൈബർ കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുന്നതിന് പുതുതായി സൃഷ്ടിച്ച സൈബർ ഓപ്പറേഷൻ എ.ഡി.ജി.പിയായി തുമ്മല വിക്രത്തെ നിയമിച്ചു. ഗോപേഷ് അഗർവാൾ പൊലീസ് അക്കാഡമി ഡയറക്ടറും എച്ച്. വെങ്കിടേഷ് ആംഡ് പൊലീസ് ബറ്റാലിയൻ എ.ഡി.ജി.പിയുമായി. ദിനേന്ദ്രകശ്യവും അശോക് യാദവും ഡെപ്യൂട്ടേഷനിൽ തുടരുകയാണ്.

ഡി.ഐ.ജിമാരായിരുന്ന നീരജ്കുമാർ ഗുപ്തയെ ഉത്തരമേഖലാ ഐ.ജിയായും കോഴിക്കോട് കമ്മിഷണറായിരുന്ന എ. അക്ബറിനെ ട്രാഫിക് ഐ.ജിയായും നിയമിച്ചു. ഈ പദവി വഹിച്ചിരുന്ന അനൂപ് കുരുവിള ജോൺ ഡെപ്യൂട്ടേഷനിൽ പോയ ഒഴിവിലാണ് നിയമനം. പൊലീസ് ഹൗസിംഗ് കൺസ്ട്രക്ഷൻ ലിമിറ്റഡ് എം.ഡിയുടെ അധികച്ചുമതലയും അക്ബറിനുണ്ട്.

തിരുവനന്തപുരം സിറ്റി കമ്മിഷണറായിരുന്ന ജി. സ്പർജൻകുമാറിനെ പി.പ്രകാശിന് പകരം ദക്ഷിണ മേഖലാ റേഞ്ച് ഐ.ജിയാക്കി. ഇന്റലിജൻസ് ഐ.ജിയായാണ് പ്രകാശിന് നിയമനം. തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജിയായിരുന്ന ഹർഷിത അട്ടല്ലൂരിയെ വിജിലൻസ് ഐ.ജിയാക്കി. എച്ച്. വെങ്കിടേഷിന് സ്ഥാനക്കയറ്റം ലഭിച്ച ഒഴിവിലാണിത്. കൊച്ചി സിറ്റി കമ്മിഷണർ സി.എച്ച്. നാഗരാജുവിനെ തിരുവനന്തപുരത്ത് നിയമിച്ചതോടെ പൊലീസ് ട്രെയിനിംഗ് വിഭാഗം ഐ.ജി സേതുരാമനെ കൊച്ചി കമ്മിഷണറാക്കി.

ആംഡ് പൊലീസ് ബറ്റാലിയൻ ഡി.ഐ.ജി രാജ്പാൽ മീണയാണ് കോഴിക്കോട് കമ്മിഷണർ. സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചിൽ അഡ്മിനിസ്ട്രേഷൻ എസ്.പിയായിരുന്ന കെ.ഇ. ബൈജുവിനെ കോഴിക്കോട് ഡെപ്യൂട്ടി കമ്മിഷണറാക്കി. എസ്.പിമാരായ തോംസൺ ജോസ്, ഡോ. എ. ശ്രീനിവാസ്, മഞ്ജുനാഥ് എന്നിവരെ ഡി.ഐ.ജിമാരാക്കി. ഡോ. എ. ശ്രീനിവാസന് എറണാകുളം റേഞ്ചിലാണ് നിയമനം. തൃശൂർ റേഞ്ച് ഡി.ഐ.ജി പദവിയിൽ നിന്ന് പുട്ട വിമലാദിത്യയെ ഭരണവിഭാഗത്തിലും സീനിയർ എസ്.പിമാരായ അനൂജ് പാലിവാളിനെ റാപ്പിഡ് റെസ്പോൺസ് ബറ്റാലിയൻ കമൻഡാന്റായും നിഥിൻ രാജിനെ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് എസ്.പിയായി ജയ്ദേവിന് പകരവും നിയമിച്ചു. ആംഡ് ബറ്റാലിയൻ കമൻഡാന്റായാണ് ജയദേവിന് നിയമനം.

പൊലീസ് ഹൗസിംഗ് കോർപ്പറേഷൻ ലിമിറ്റഡിലായിരുന്ന ആർ. ഇളങ്കോയെ സ്പെഷ്യൽ ബ്രാഞ്ചിൽ ടെക്നിക്കൽ എസ്.പിയാക്കി. ആംഡ് നാലാം ബറ്റാലിയൻ കമൻഡാന്റ് ഹേമലതയെ കണ്ണൂർ റൂറലിലും ഇന്റലിജൻസിൽ ടെക്നിക്കൽ എസ്.പി സാബുമാത്യുവിനെ എറണാകുളം ക്രൈംബ്രാഞ്ചിലും എസ്.പി മാരാക്കി. റാപ്പിഡ് റസ്പോൺസ് റസ്ക്യൂ ഓപ്പറേഷൻ ഫോഴ്സ് ബറ്റാലിയൻ കമൻഡാന്റ് പ്രശാന്തൻ കാണിയെ കെ.എസ്.ഇ.ബി വിജിലൻസ് ഓഫീസറാക്കി. കണ്ണൂർ റൂറൽ എസ്.പിയായിരുന്ന ആർ. മഹേഷിനെ സ്പെഷ്യൽ ബ്രാഞ്ചിൽ ഭരണവിഭാഗം എസ്.പിയായും മാറ്റി നിയമിച്ചു.