
തിരുവനന്തപുരം: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിൽ നിലവിൽ ആഴ്ചയിൽ ആറ് പ്രവൃത്തി ദിനങ്ങളുണ്ടായിരുന്നത് അഞ്ചാക്കി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. പിരിയഡുകളുടെ ദൈർഘ്യം ഒരു മണിക്കൂറെന്നത് നിലനിറുത്തി. പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിൽ ശനിയാഴ്ചയും പ്രവൃത്തി ദിനമായിരുന്ന ഏക വിഭാഗമായിരുന്നു വി.എച്ച്.എസ്.ഇ.
വി.എച്ച്.എസ്.ഇ കോഴ്സുകളുടെ അദ്ധ്യയന സമയം 1120 മണിക്കൂറിൽ നിന്ന് 600 മണിക്കൂറായി കേന്ദ്രം കുറച്ചിരുന്നു. പുതിയ ക്രമീകരണമനുസരിച്ച് തൊഴിൽ വിഷയങ്ങളുടെ തിയറി അദ്ധ്യാപകരും പ്രായോഗിക പ്രവർത്തനങ്ങൾ അദ്ധ്യാപകരും ഇൻസ്ട്രക്ടർമാരും ചേർന്നും പഠിപ്പിക്കണം. ഫീൽഡ് വിസിറ്റ്/ ഇൻഡസ്ട്രിയൽ വിസിറ്റ് തുടങ്ങിയവ വൊക്കേഷണൽ വിഭാഗം ജീവനക്കാർ സഹകരിച്ച് ക്രമീകരിക്കണം. പ്രവൃത്തി ദിനം അഞ്ചാക്കിയുള്ള ടൈംടേബിൾ പൊതുവിദ്യാഭ്യാസ ഡയറക്ടർ പുനഃക്രമീകരിക്കും.