തിരുവനന്തപുരം: സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്ന് സ്ത്രീകൾ മാറ്റിനിറുത്തപ്പെടുന്നു എന്ന് മന്ത്രി വി.ശിവൻകുട്ടി.വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നിരീക്ഷ സ്ത്രീ നാടകവേദി സംഘടിപ്പിക്കുന്ന ദേശീയ സ്ത്രീ നാടകോത്സവത്തിൽ കുട്ടികളുടെ ദ്വിദിന നാടകക്കളരി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.മുഖ്യധാരയിൽ പുരുഷന്മാരാണെങ്കിലും നിരീക്ഷ പോലുള്ള കൂട്ടായ്മകൾ സ്ത്രീ മുന്നേറ്റം സാദ്ധ്യമാക്കുന്നു.ജീവിതം നാടകത്തിനായി മാറ്റിവച്ചവരാണ് നിരീക്ഷയിലെ സ്ത്രീകൾ.ജനുവരിയിൽ കോഴിക്കോട് നടക്കാനിരിക്കുന്ന സംസ്ഥാന കലോത്സവം കുറ്റമറ്റതാക്കാൻ സർക്കാർ സജ്ജമാണ്.മത്സരം കുട്ടികൾ തമ്മിലാകണമെന്നും മാതാപിതാക്കൾ മത്സരബുദ്ധിയോടെ പെരുമാറരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.നിരീക്ഷ നാടകവേദി അംഗം മിനി.എസ്.കെ അദ്ധ്യക്ഷയായി.കേരള മഹിള സമഖ്യ സൊസൈറ്റി അസിസ്റ്റന്റ് ഡയറക്ടർ രമാദേവി,സുധി ദേവയാനി,രാജരാജേശ്വരി,സുഷമ വിജയലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു.