
തിരുവനന്തപുരം: നഗരത്തിലെ ക്രമസമാധാന പാലനത്തിലും കുറ്റാന്വേഷണത്തിലും മികച്ച പ്രകടനം കാഴ്ചവച്ചതിന്റെ ചാരിതാർത്ഥ്യത്തോടെയാണ് സിറ്റി പൊലീസ് കമ്മിഷണർ സ്‌പർജൻകുമാറിന്റെ പടിയിറക്കം. അഞ്ച് പൊലീസ് ജില്ലകളുടെ ചുമതലയുള്ള റേഞ്ച് ഐ.ജി പദവിയിലേക്കുള്ള സ്ഥാനക്കയറ്റം അർഹതയ്ക്കുള്ള അംഗീകാരമാണ്.
കഴിഞ്ഞ ഒരു വർഷമായി സിറ്റി കമ്മിഷണർ പദവിയിലിരിക്കെ നഗരത്തിൽ നടന്ന പ്രമാദമായ എല്ലാ കൊലപാതകങ്ങളിലും കവർച്ചകളിലും മറ്റ് കുറ്റകൃത്യങ്ങളിലും കുറ്റവാളികളെ മണിക്കൂറുകൾക്കകം പിടികൂടാനും നിയമത്തിനുമുന്നിലെത്തിക്കാനും കഴിഞ്ഞതാണ് പ്രധാനനേട്ടം. പേരൂർക്കടയിൽ നഴ്സറി ജീവനക്കാരിയെ തമിഴ്നാട് സ്വദേശി രാജേന്ദ്രനും, കേശവദാസപുരത്ത് മനോരമയെന്ന വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിൽ അന്യസംസ്ഥാന തൊഴിലാളി ആദമിനെയും ഉൾപ്പെടെ നഗരത്തിൽ നടന്ന അഞ്ച് കൊലപാതകക്കേസുകളും മണിക്കൂറുകൾക്കകം തെളിയിക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്‌തത് സ്‌പർജൻകുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ അന്വേഷണ മികവാണ്.
തമ്പാനൂർ ഓവർബ്രിഡ്ജിൽ ഹോട്ടൽ റിസപ്ഷനിസ്റ്റ് അയ്യപ്പനെ വെട്ടിക്കൊലപ്പെടുത്തിയതും തമ്പാനൂരിൽ ഗായത്രിയെന്ന പെൺകുട്ടിയെ ഹോട്ടലിൽ കഴുത്ത് ഞെരിച്ച് കൊന്നതും വലിയതുറയിൽ തമിഴ്നാട് സ്വദേശിയെ കൊലപ്പെടുത്തി മാലിന്യക്കൂനയിൽ ഉപേക്ഷിച്ചതുമുൾപ്പെടെ നഗരം നടുങ്ങിയ കേസുകളിലായിരുന്നു പൊലീസിന്റെ ചടുലനീക്കങ്ങൾ കുറ്റവാളികളെ അഴിക്കുള്ളിലാക്കിയത്. മാസങ്ങൾ നീണ്ട വിഴിഞ്ഞം സമരത്തിൽ പൊലീസ് അങ്ങേയറ്റം സമചിത്തത പാലിച്ചതിലും പ്രകോപനങ്ങൾക്ക് ഇരയായി സാഹചര്യം വഷളാക്കാതെ അനുരഞ്ജനത്തിന്റെ അന്തരീക്ഷം സംജാതമാക്കിയതിലും കമ്മിഷണർ പദവി വഹിച്ചിരുന്ന സ്‌പജൻ കുമാറിന് പങ്കുണ്ട്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി നിയമസഭയിൽ നൽകിയ മറുപടിയിലും പൊലീസിനെ പ്രശംസിച്ചിരുന്നു.