ചിറയിൻകീഴ് : ചിറയിൻകീഴ് റെയിൽവേ ഓവർബ്രിഡ്ജ് നിർമ്മാണത്തോടനുബന്ധിച്ചുണ്ടായ ഗതാഗതക്കുരുക്ക് മാറ്റുന്നതിനായി ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ യോഗം ചേർന്നു. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായുള്ള യോഗ നിർദ്ദേശങ്ങൾ:

ആറ്റിങ്ങലിൽ നിന്ന് ചിറയിൻകീഴിലേക്ക് വരുന്ന ബസുകൾ വലിയകട ജംഗ്ഷനിൽ യാത്രക്കാരെ ഇറക്കാൻ പാടില്ല. പകരം താത്കാലിക ബസ് സ്റ്റാൻഡിൽ ആളെ ഇറക്കേണ്ടതാണ്.ചിറയിൻകീഴ് നിന്ന് അഴൂർ ഭാഗത്തേക്ക്‌ പോകേണ്ട വാഹനങ്ങൾ വലിയകട ജംഗ്ഷനിലുള്ള ബസ് സ്റ്റോപ്പിൽ നിന്ന് യാത്രക്കാരെ കയറ്റാൻ പാടില്ല. യാത്രക്കാർ താത്കാലിക ബസ് സ്റ്റാൻഡിൽ നിന്ന് അഴൂർ ഭാഗത്തേക്കുള്ള വാഹനങ്ങളിൽ കയറണം. വലിയകട നിന്ന് ശാർക്കര, പണ്ടകശാല ഭാഗത്തേക്ക്‌ പോകേണ്ട ചെറിയ വാഹനങ്ങൾ മഞ്ചാടിമൂട് റെയിൽവേ ഗേറ്റ് വഴി കടകം ജംഗ്ഷൻ വഴി ശാർക്കര ജംഗ്ഷനിൽ എത്തി ഇടത്തോട്ടു തിരിഞ്ഞുപോകണം. പണ്ടകശാല നിന്ന് ശാർക്കര ക്ഷേത്രം റോഡ് വഴി വലിയകടയിലേക്കും അഴൂരേക്കും പോകേണ്ട വാഹനങ്ങൾ ശാർക്കര ജംഗ്ഷനിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് ശാർക്കര റെയിൽവേ ഗേറ്റ് വഴി പോകണം.ശാർക്കര ക്ഷേത്രത്തിനെ ചുറ്റി പണ്ടകശാല ഭാഗത്തു പോകേണ്ട സ്കൂൾ ബസ് ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങളുടെ യാത്ര താത്കാലികമായി നിരോധിച്ചു. യാത്രക്കാരും ജനങ്ങളും കർശനമായി നിർദേശങ്ങൾ പാലിച്ചു താത്കാലിക ക്രമീകരണത്തോട് സഹകരിക്കണമെന്ന് യോഗം അഭ്യർത്ഥിച്ചു. ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.മുരളി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, ജില്ലാപഞ്ചായത്ത് മെമ്പർ, ചിറയിൻകീഴ് എസ്.എച്ച്.ഒ, പഞ്ചായത്ത് മെമ്പർമാർ,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.