തിരുവനന്തപുരം: നഗരസഭയിലെ കത്ത് വിവാദത്തിൽ അന്വേഷണ കമ്മിഷനെ നിയോഗിച്ച് സി.പി.എം. മുൻ മേയറും സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ സി. ജയൻബാബു അദ്ധ്യക്ഷനായ മൂന്നംഗ സംഘമാണ് അന്വേഷിക്കുക. ഡി.കെ. മുരളി എം.എൽ.എ, ആർ. രാമു തുടങ്ങിയ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളും സംഘത്തിലുണ്ട്.

കത്ത് വിവാദത്തിൽ പ്രതിച്ഛായ മങ്ങി നിൽക്കുന്ന പാർട്ടി തത്കാല പ്രതിരോധമെന്ന നിലയിലാണ് അന്വേഷണ കമ്മിഷനെ നിയോഗിച്ചത്. കത്തില്ലെന്ന് പാർട്ടിക്കാരുൾപ്പെടെ പറയുമ്പോഴും കത്ത് കണ്ടെത്താൻ അന്വേഷണ കമ്മിഷനെ നിയോഗിച്ചതും വിവാദമായി. പാർട്ടി വാട്സാപ്പ് ഗ്രൂപ്പിൽ നിന്ന് ഏരിയാ കമ്മിറ്റി അംഗം ഷെയർ ചെയ്‌ത കത്ത് ലോക്കൽ സെക്രട്ടറി വഴി പുറത്തായതാണ് പാർട്ടി അന്വേഷിക്കുന്നത്.

മൂന്നാഴ്ചയ്‌ക്കുള്ളിൽ കമ്മിഷൻ റിപ്പോർട്ട് സമർപ്പിക്കണം. തുടർന്ന് ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചേർന്ന് അന്വേഷണ റിപ്പോർട്ട് ച‌ർച്ച ചെയ്‌തശേഷം സംസ്ഥാന കമ്മിറ്റിയെ അറിയിക്കും. വിവാദം പാർട്ടിക്ക് ക്ഷീണമുണ്ടാക്കിയ സാഹചര്യത്തിൽ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റ് ചർച്ച ചെയ്‌താണ് വിഷയത്തിൽ തുടർനടപടി സ്വീകരിക്കുക.