
ആലപ്പുഴ: ആധുനിക കേരളത്തിന്റെ ശില്പികളിൽ ഒരാളായ കെ.ആർ.ഗൗരിഅമ്മയുടെ സ്മരണാർത്ഥം ഗൗരിഅമ്മ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ അന്തർദ്ദേശീയ പുരസ്കാരം ക്യൂബൻ സാമൂഹ്യ പ്രവർത്തകയായ ഡോ.അലീഡാ ഗുവേരയ്ക്ക് ജനുവരി 5ന് 11.30 ന് തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ ഒളിമ്പിയാ ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നൽകും.
മാനസികവും ശാരീരികവുമായ വെല്ലുവിളികൾ നേരിടുന്ന ഭിന്നശേഷിക്കാരായ കുട്ടികളുടെ വളർച്ചയ്ക്കും വികാസത്തിനും പുനരധിവാസത്തിനുമായി ഒട്ടേറെ പ്രയത്നിച്ച അവർക്ക് ഈയൊരു മേഖലയിൽ പുരോഗമനാത്മകമായ മാറ്റങ്ങൾ നേടിക്കൊടുക്കാനായിട്ടുണ്ടെന്ന് ജൂറി വിലയിരുത്തി. ലാറ്റിനമേരിക്കയിലെ കുട്ടികളുടെ ആരോഗ്യനിലവാരം ഉയർത്താൻ ലക്ഷ്യമിടുന്ന ക്യൂബൻ മെഡിക്കൽ മിഷനിലെ സജീവാംഗമാണ് ഡോ. അലിഡാ ഗുവേര.
ആലപ്പുഴ പ്രസ്‌ക്ലബ്ബിൽ നടത്തിയ പത്രസമ്മേളനത്തിൽ എം.എ.ബേബി, ബിനോയ് വിശ്വം, ഡോ.പി.സി.ബീനാകുമാരി, ആർ.നാസർ, ആഞ്ചലോസ്, അഡ്വ.പി.ആർ.ബാനർജി, അഡ്വ.പി.ആർ.പവിത്രൻ, ജി.എൻ. ശിവാനന്ദൻ, സി.എം.അനിൽകുമാർ എന്നിവർ സംബന്ധിച്ചു.