k-p-sasi

അറുപതുകളുടെ ആദ്യകാലത്ത് സഖാവ് കെ.ദാമോദരന്റെ കുടുംബം തിരുവനന്തപുരത്ത് ഞങ്ങളുടെ വീട്ടിൽനിന്ന് നടക്കാവുന്ന ദൂരത്തിലായിരുന്നു താമസിച്ചിരുന്നത്. പദ്മേടത്തിയും (ദാമോദരന്റെ ഭാര്യ) കുട്ടികളും ആഴ്ചയിൽ രണ്ടുമൂന്നു തവണയെങ്കിലും വീട്ടിൽ വരുമായിരുന്നു; തിരിച്ചും. അന്ന് മോഹനേട്ടൻ (ഡോ.കെ.പി.മോഹനൻ) കോളേജിലും ഉഷയും മധുവും സ്കൂളിലും പഠിക്കുകയായിരുന്നു എന്നു തോന്നുന്നു. ഞാൻ പ്രൈമറിക്ലാസിലായിരുന്നു. ഇളയകുട്ടികളായ രഘുവും ശശിയും സ്കൂളിൽ പോയിത്തുടങ്ങിയിട്ടില്ലായിരുന്നു എന്നാണ് എന്റെ ഓർമ്മ. അന്നത്തെ ശശി എപ്പോഴും പ്രസന്നവദനനായ ഓമനത്തമുള്ള ഒരു കുഞ്ഞായിരുന്നു.

പിന്നീട് ദാമോദരേട്ടൻ രാജ്യസഭാംഗമായപ്പോൾ അവർ ദില്ലിയിലേക്ക് താമസം മാറ്റി. രഘുവും ശശിയുമൊക്കെ അവിടെയാണു പഠിച്ചുവളർന്നത്. അതുകൊണ്ടുതന്നെ തമ്മിൽ കാണുന്നത് വിരളമായി. വർഷങ്ങൾക്കുശേഷമാണ് ശശിയെ പിന്നെ കണ്ടുമുട്ടുന്നത്. അപ്പോഴേക്കും കെ.പി.ശശി ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന നിലയിലേക്ക് വളർന്നിരുന്നു.

ഇന്ത്യകണ്ട മഹാവിപ്ളവകാരിയുടെ മകന് അനീതികളോട് പൊരുത്തപ്പെടാൻ കഴിയുമായിരുന്നില്ല എന്നതിൽ അദ്ഭുതമില്ല. രാജ്യത്തെവിടെയും ഭരണകൂടങ്ങൾക്കെതിരെയും അവരുടെ ഇരകൾക്കുവേണ്ടിയും ശബ്ദിക്കാൻ ശശി ഉണ്ടായിരുന്നു. കന്ധമാളിലെ ക്രിസ്ത്യാനികളായാലും ഛത്തീസ്ഗഢിലെ ആദിവാസികളായാലും ചാലിയാർ മലിനീകരണത്തിനെതിരെയുള്ള ചെറുത്തുനിൽപ്പായാലും നർമ്മദാ പ്രോജക്ടിനുവേണ്ടി കുടിയൊഴിക്കപ്പെട്ട ഗ്രാമീണരായാലും വിചാരണകൂടാതെ തടങ്കലിലായ മദനിയായാലും എയ്ഡ്സിന്റെ ഇരകളായാലും അവർക്കൊപ്പം ശശിയുണ്ടായിരുന്നു. എഴുത്താവട്ടെ കാർട്ടൂണാവട്ടെ, ഫിലിമാകട്ടെ പ്രക്ഷോഭമാകട്ടെ തന്റെ പക്കലുള്ള എല്ലാ ആയുധങ്ങളും ശശി അവർക്കെല്ലാം വേണ്ടി എടുത്തുപയോഗിച്ചു.

ഒന്നാന്തരം കാർട്ടൂണിസ്റ്റായിരുന്ന ശശി ആ രംഗത്ത് തുടർന്നിരുന്നെങ്കിൽ ഇന്ത്യ അറിയുന്ന പൊളിറ്റിക്കൽ കാർട്ടൂണിസ്റ്റായേനെ. എന്നാൽ ശശി പിന്നീട് ഫിലിം നിർമ്മിതിയിലേക്ക് തിരിഞ്ഞു. നർമ്മദാ ആന്ദോളനെക്കുറിച്ചുള്ള ഡോക്യുമെന്ററിയും ‘ഇലയും മുള്ളും’, ‘ഏക്‌ അലഗ്‌ മൗസം' തുടങ്ങിയ ഫീച്ചർ ചിത്രങ്ങളും സംവിധാനം ചെയ്തു. പൊതുജനാരോഗ്യ വിദ്യാർത്ഥികളെ ലിംഗനീതിയെക്കുറിച്ച് പഠിപ്പിക്കാൻ ഞങ്ങൾ കുറെക്കാലം ഉപയോഗിച്ചിരുന്നത് ശശിയുടെ ‘ഇലയും മുള്ളും’ ആയിരുന്നു; അതിലും നല്ല ഒരു ടെക്സ്റ്റ്ബുക്ക് ആ വിഷയത്തിൽ കിട്ടാനില്ലായിരുന്നു. എയ്ഡ്സിനെക്കുറിച്ചുള്ള ചിത്രം, എയ്ഡ്സ് ബാധിച്ചവരുടെ ഒറ്റപ്പെടലിനെക്കുറിച്ചുള്ള ഹൃദയസ്പർശിയായ ചലച്ചിത്രകാവ്യം തന്നെയായിരുന്നു. ശശി ചിത്രം നിർമ്മിച്ചത് സമൂഹമനസാക്ഷിയെ ഉണർത്താൻ വേണ്ടിയായിരുന്നു; ശശിക്ക് വലിയ ഡയറക്ടറാകാൻ വേണ്ടിയായിരുന്നില്ല. നർമ്മദയെക്കുറിച്ചുള്ള ഡോക്യുമെന്ററി വീട്ടിൽ കൊണ്ടുവന്ന് എന്റെ അച്ഛനെ (മുൻ മുഖ്യമന്ത്രി സി.അച്ചുതമേനോൻ) പിടിച്ചിരുത്തി നിർബന്ധമായി കാണിച്ചത് ഓർക്കുന്നു. പരിസ്ഥിതിവിഷയങ്ങളോട് ഒരു പുതിയ സമീപനത്തിലേക്കെത്താൻ അദ്ദേഹത്തെ അത് സഹായിച്ചു എന്നാണ് എന്റെ വിശ്വാസം.

മറ്റുള്ളവർക്കു വേണ്ടി പ്രവർത്തിക്കുന്നതിനിടയിൽ സ്വന്തം കാര്യം ശ്രദ്ധിക്കാൻ അദ്ദേഹം മറന്നുപോയി. സാമ്പ്രദായിക രാഷ്ട്രീയപ്രസ്ഥാനങ്ങൾക്ക് ഉൾക്കൊള്ളാനാകുന്നതായിരുന്നില്ല ശശിയുടെ പ്രതിഷേധരീതികൾ; അവർക്ക് അദ്ദേഹത്തെ മനസിലായതുമില്ല. എങ്കിലും അവരോടൊക്കെയും കലഹിച്ചുകൊണ്ടുതന്നെ ഒരുമിച്ചു പ്രവർത്തിച്ചു എന്നുള്ളതാണ് ശശിയുടെ മഹത്വം. രാജ്യം നേരിടുന്ന മഹാവിപത്തുകൾക്കുമുന്നിൽ ചില്ലറ അഭിപ്രായവ്യത്യാസങ്ങൾ പ്രതിബന്ധമാകരുത് എന്നതായിരുന്നു ശശിയുടെ കാഴ്ചപ്പാട്. യോജിക്കാവുന്നരോട് യോജിച്ചുകൊണ്ട് ഒരു യഥാർത്ഥ പടയാളിയെപ്പോലെ അനീതിക്കെതിരെ ശശി പൊരുതി. ഒറ്റയാനായിരുന്നെങ്കിലും ശശി പക്ഷേ ഒറ്റക്കായിരുന്നില്ല. വിപുലമായ ഒരു സുഹൃദ് വലയം , ഇന്ത്യക്കും പുറത്തും നിറഞ്ഞുനിൽക്കുന്ന ഒരു സുഹൃദ് വലയം, അദ്ദേഹത്തിനുണ്ടായിരുന്നു. അതിൽ ആൺ-പെൺ, പ്രായ വ്യത്യാസങ്ങളൊന്നുമില്ലായിരുന്നു. ദീനക്കിടക്കയിൽപോലും ശശി പുതിയ സൗഹൃദങ്ങൾ കണ്ടെത്തിക്കൊണ്ടിരുന്നു. യാതൊരു മുൻവിധികളുമില്ലാതെ മനുഷ്യരെ സ്നേഹിക്കുന്നവർക്കുമാത്രം കഴിയുന്ന ഒന്നായിരുന്നു അത്. ഒന്നും സമ്പാദിച്ചില്ലെങ്കിലും സൗഹൃദങ്ങളുടെയും സ്നേഹത്തിന്റെയും കാര്യത്തിൽ ശശി ഒരു വലിയ ധനികൻ തന്നെയായിരുന്നു. എഫ്.ബിയിൽ തന്നെ അദ്ദേഹത്തെ ഓർമ്മിക്കുന്ന കുറിപ്പുകളുടെ എണ്ണം അതിനു സാക്ഷ്യമാണ്. അവയിൽ കൂടുതലും ചെറുപ്പക്കാരുടേതായിരുന്നു എന്നതാണ് മറ്റൊരു വലിയ പ്രത്യേകത. ശശിയുടെ മനോഹരമായ വ്യക്തിത്വത്തിലേക്ക് ഒരു ചൂണ്ടു പലകയാണത്.

തമ്മിൽ കാണുന്നത് വിരളമായിരുന്നെങ്കിലും ഒരു സഹോദരനെപ്പോലെ ശശി ഹൃദയത്തിലുണ്ടായിരുന്നു. അദ്ദേഹം നിർബന്ധിച്ചതുകൊണ്ട് എന്റെ അച്ഛനെക്കുറിച്ച് ഇംഗ്ലീഷിൽ രാഷ്ട്രീയകാഴ്‌ചപ്പാടുള്ള ഒരു ഓർമ്മക്കുറിപ്പ് ശശിയുമായി ബന്ധപ്പെട്ടിരുന്ന ‘കൗണ്ടർ കറന്റ്സ്’ എന്ന നവമാദ്ധ്യമ പ്ലാറ്റ്ഫോമിൽ ഞാൻ എഴുതിയിരുന്നു. ബാബുവിന്റെ (സ:ഉണ്ണിരാജയുടെ മകൻ) മകന്റെ കല്യാണത്തിനു തിരുവനന്തപുരത്തു വന്നപ്പോൾ തമ്മിൽ കണ്ടു. ശശിയും ബാബുവും വലിയ സുഹൃത്തുക്കളായിരുന്നു. ശശിയുടെ ചിത്രങ്ങൾക്ക് പലതിനും കാമറ ചലിപ്പിച്ചത് ബാബുവായിരുന്നു. അവസാന ദിവസങ്ങളിൽ തൃശൂർ ഉണ്ടായിരുന്നതുകൊണ്ട് അദ്ദേഹത്തെ സന്ദർശിക്കാനും സാധിച്ചു. പക്ഷേ അപ്പോഴേക്കും ശശി സംവദിക്കാൻ സാധിക്കാത്ത നിലയിലായിക്കഴിഞ്ഞിരുന്നു.

പ്രായം കൊണ്ട് അനിയനാണെങ്കിലും കർമ്മം കൊണ്ട് ഒരുപാട് ബഹുമാനം ശശി നേടിയിരുന്നു. ശശിയുടെ ജീവിതം ഇന്ത്യയിൽ സാമൂഹ്യനീതി ആഗ്രഹിക്കുന്നവർക്ക് എന്നും ഒരു പ്രചോദനമായിരിക്കും.