vivadavela

സി.പി.എം സംസ്ഥാന കമ്മിറ്റി യോഗം കഴിഞ്ഞാഴ്ച രണ്ട് ദിവസം ചേർന്നത് അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനെ മുന്നിൽക്കണ്ടാണ്. കഴിഞ്ഞ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിന്റെയും ഇടതുപക്ഷത്തിന്റെയും ഇന്ത്യയിലെതന്നെ അവശേഷിച്ച പച്ചത്തുരുത്തായ കേരളത്തിൽ പാർട്ടിയും മുന്നണിയും തകർന്നടിഞ്ഞു. ശബരിമലയാണ് വില്ലനായത്. അതിൽനിന്ന് തിരിച്ചു കയറിയാണ് 2021ലെ തിരഞ്ഞെടുപ്പിൽ വലിയ തിളക്കത്തോടെ തുടർഭരണം നേടിയെടുത്തത്.

2016ൽ ഒന്നാം പിണറായി സർക്കാരിനെ അധികാരത്തിലെത്തിച്ചത് തൊട്ടുമുമ്പത്തെ യു.ഡി.എഫ് സർക്കാരിനെതിരെ ഉയർന്നുവന്ന വലിയ അഴിമതിയാരോപണങ്ങളും നാണക്കേടുണ്ടാക്കുന്ന വിവാദങ്ങളുമൊക്കെയായിരുന്നു. വി.എസ്. അച്യുതാനന്ദൻ ആയിരുന്നു 2011-16 കാലത്ത് പ്രതിപക്ഷനേതാവ്. അദ്ദേഹത്തിന്റെ ജനകീയപരിവേഷവും അദ്ദേഹമുയർത്തിയ പോരാട്ടങ്ങളുടെ ആത്മാർത്ഥതയുമെല്ലാം കേരളീയജനത ഉൾക്കൊള്ളാറുണ്ട്. 2006ൽ അദ്ദേഹത്തിന്റെ നേതൃത്വത്തിലുണ്ടായിരുന്ന സർക്കാർ മികച്ച ഇടതുഭരണമാതൃകയായിരുന്നു. പരിസ്ഥിതിസംരക്ഷണ പോരാട്ടത്തിന്റെ ഉജ്വല മാതൃകയായ ഭരണാധികാരിയെന്ന നിലയ്ക്ക് മൂന്നാർ ഓപ്പറേഷനിലൂടെ വി.എസ് ചരിത്രത്തിലിടം നേടി. 2011ൽ നിർഭാഗ്യവശാൽ തുടർഭരണം കൈയകലത്തിൽ ഇടതുപക്ഷത്തിന് നഷ്ടപ്പെട്ടു.

2016ലെ തിരഞ്ഞെടുപ്പിലും വി.എസ് തന്നെയായിരുന്നു ഇടതിന്റെ മുഖ്യ പ്രചരാണതേരാളിയെങ്കിലും പാർട്ടി മുഖ്യമന്ത്രിയായി നിശ്ചയിച്ചത് മുതിർന്ന പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയനെയാണ്. വൻകിട വികസന പദ്ധതികളേറ്റെടുത്ത് നാടിനെ പുരോഗതിയിലേക്ക് നയിക്കണമെന്ന പരിഷ്കരണ നിലപാടാണ് അദ്ദേഹം കൈക്കൊണ്ടത്. മുഖ്യമന്ത്രിപദം ഏറ്റെടുക്കുന്നതിന് തൊട്ടുമുമ്പായി പിണറായി വിജയൻ എ.കെ.ജി സെന്ററിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞത് അവതാരങ്ങൾ വേണ്ടെന്നാണ്. തന്നെപ്രതി അവതാരങ്ങൾ വേഷംകെട്ടി നാറ്റക്കേസുണ്ടാക്കരുതെന്ന മുന്നറിയിപ്പാണ് അദ്ദേഹം നൽകിയത്. അതൊരു പ്രതീക്ഷയുള്ള തുടക്കമായി വിലയിരുത്തപ്പെട്ടു. പക്ഷേ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടും മറ്റുമുയർന്ന ആരോപണങ്ങളും വിവാദങ്ങളും വലതുപക്ഷ ബൂർഷ്വാ സ്വാധീനങ്ങളെ ഓർമ്മിപ്പിക്കുന്നതായിരുന്നു. ജനക്ഷേമപരിപാടികൾ വീഴ്ചയില്ലാതെ നടപ്പാക്കിയും വെളിച്ചം പകരുന്ന ഇടതുബദൽ മാതൃക നടപ്പാക്കാൻ ശ്രമിച്ചും മുന്നേറിയാണ് തുടർഭരണം ഉറപ്പാക്കിയത്. ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി നടപ്പാക്കുന്നതിനോട് പിണറായി വിജയൻ സ്വീകരിച്ച സമീപനവും കേരളത്തിന്റെ നവോത്ഥാന പാരമ്പര്യത്തിന് കരുത്ത് പകരുന്നതായിരുന്നു. അത് തിരഞ്ഞെടുപ്പ് ഗോദയിൽ തിരിച്ചടിയായെന്നത് വേറെ കാര്യം.

പ്രവർത്തകരിൽ അധികാര ദുഷ്പ്രഭുത്വം കൂടി തിരിച്ചടിയാവുന്ന അവസ്ഥ മാറ്റിയെടുക്കാൻ പിണറായി സർക്കാരിന്റെ തുടക്കം തൊട്ടേ സി.പി.എം ശ്രദ്ധിച്ചിരുന്നു. പാർട്ടിയും ഭരണവും ഒരുമിച്ച് നീങ്ങുന്ന സുഖകരമായ അന്തരീക്ഷവുമുണ്ടായി. പ്രവർത്തകർ വിനയാന്വിതരാകണമെന്നും ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ ആത്മാർത്ഥതയോടെ ഇടപെടണമെന്നും അഹങ്കാരം പാടില്ലെന്നും സി.പി.എമ്മിന്റെ തെറ്റുതിരുത്തൽ രേഖ മുന്നോട്ടുവച്ചു.

രണ്ടാം പിണറായി സർക്കാർ അധികാരത്തിലേറിയപ്പോഴും ഈ തെറ്റുതിരുത്തൽ രേഖ പാർട്ടി അണികളെ ഓർമ്മിപ്പിച്ചു. വൻകിട വികസനപദ്ധതികൾ ത്വരിതപ്പെടുത്താനും തീരുമാനിച്ചു. തെക്കു-വടക്ക് സിൽവർലൈൻ പോലുള്ള പദ്ധതികൾ വ്യാപകമായ പ്രതിഷേധങ്ങൾക്കിടയിലും നടപ്പാക്കണമെന്ന നിലപാടുമായി സർക്കാർ മുന്നോട്ടുപോയി. പാർട്ടി മാറുന്നുവെന്ന സൂചന നൽകുന്നതായിരുന്നു കൊച്ചി സംസ്ഥാനസമ്മേളനത്തിൽ അവതരിപ്പിച്ച വികസന നയരേഖ.

അതിനിടയിൽ സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ അസുഖബാധിതനായി വിടവാങ്ങി. എം.വി. ഗോവിന്ദൻ പുതിയ സെക്രട്ടറിയായി. വിഭാഗീയതയുടെ അല്ലലില്ലാതെ മുന്നോട്ടുപോയിരുന്ന സംസ്ഥാന നേതൃത്വത്തിൽ പുതിയ അസ്വാരസ്യങ്ങൾ കേട്ടുതുടങ്ങി. ഇടതുമുന്നണി കൺവീനറായ സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജൻ ദീർഘ അവധിയെടുത്ത് ദുരൂഹമൗനമാണ്ടു. തഴയപ്പെട്ടതിലെ പ്രതിഷേധമുണ്ടെന്ന വാർത്തകൾ പ്രചരിച്ചു. അദ്ദേഹം പേരിന് അത് നിഷേധിച്ചതിനപ്പുറം കാര്യമായൊന്നും പറഞ്ഞില്ല. എൽ.ഡി.എഫ് കൺവീനർപദം പോലെ സുപ്രധാനസ്ഥാനത്തിരുന്ന് ഇത്തരത്തിൽ കുട്ടിക്കളി കളിക്കുന്നത് ശരിയോയെന്ന ചിന്ത മുഖ്യമന്ത്രി പിണറായി വിജയനിലുമുണ്ടായിട്ടുണ്ടെന്ന സംസാരം ശക്തം. അതിന്റെയെല്ലാം ബഹിർസ്ഫുരണമായിരുന്നോ ഇക്കഴിഞ്ഞ സംസ്ഥാന കമ്മിറ്റി യോഗത്തിൽ സംഭവിച്ചത്? അത് മാത്രമല്, പാർട്ടിയിൽ തുടർച്ചയായ അധികാരത്തിന്റെ ഹാങോവർ സ്വഭാവദൂഷ്യം വരുത്തി വച്ചിരിക്കുന്നു എന്നതുകൂടിയാണ്. തിരുവനന്തപുരമടക്കം പല ജില്ലകളിലും താഴെത്തട്ടിലെ പാർട്ടി കേഡർമാർക്കിടയിൽ പാർട്ടിക്ക് നിരക്കാത്ത വലതുപക്ഷ ബൂർഷ്വാ വ്യതിയാനങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നു. അതിന്റെ ഭാഗമായി മാലിന്യങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു. കേഡർ പാർട്ടിയായ സി.പി.എമ്മിൽ ഒരിക്കലും കേട്ടുകേൾവിയില്ലാത്തതാണല്ലോ, ഒരു ജില്ലയ്ക്ക് പുതിയ സെക്രട്ടറിയെ നിശ്ചയിക്കാൻ നേതൃത്വത്തിന് അറച്ചുനിൽക്കേണ്ടി വരുന്നത്. തലസ്ഥാന ജില്ലയിൽ അതും സി.പി.എമ്മിലുണ്ടായിരിക്കുന്നു. സാധാരണയായി ജില്ലാ സെക്രട്ടറിസ്ഥാനത്തിരിക്കുന്ന ഒരാൾ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് ഉയർത്തപ്പെട്ടാൽ ഉടനേ പുതിയ ജില്ലാ സെക്രട്ടറിയെ കണ്ടെത്തും. സെക്രട്ടേറിയറ്റംഗമായാൽ അദ്ദേഹം സംസ്ഥാന സെന്ററിന്റെ ഭാഗമാണ്. അവിടെ ഉയർന്ന ജോലിഭാരമാണ്. എന്നാൽ തിരുവനന്തപുരത്തെ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ സംസ്ഥാന സെക്രട്ടേറിയറ്റംഗവും ജില്ലാ സെക്രട്ടറിയുമായി തുടരുന്നു. ചോദ്യം ചെയ്യാനാരുമില്ലാത്ത സ്ഥിതി. കോടിയേരിയുടെ അസുഖബാധ ഒരു പരിധിവരെ സംഘടനാകാര്യത്തെ ബാധിച്ചിരുന്നു എന്നത് നേരാണ്. അത് ആനാവൂരിന് സൗകര്യമാവുന്ന സ്ഥിതി.

സംസ്ഥാന സെക്രട്ടറിയായി എം.വി. ഗോവിന്ദൻ വന്നശേഷം ഇത്തരം വഴിവിട്ട പ്രവണതകളൊന്നും വച്ചുപൊറുപ്പിക്കില്ലെന്ന ഉറച്ച നിലപാടിലാണ്. ഇ.പി. ജയരാജന്റെ കുട്ടിക്കളി തൊട്ട് ആനാവൂരിന്റെ കസേരകളി വരെ ലൈസൻസില്ലാതെ കൊണ്ടുപോകാനാവില്ലെന്ന നിലപാട് അദ്ദേഹമെടുത്തത് ഒറ്റയ്ക്കാണെന്ന് ആരും കരുതില്ല. അതിന് സാക്ഷാൽ പിണറായി വിജയന്റെ ആശീർവാദമുണ്ടെന്നതാണ് ശരി.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപ് മുഖം മിനുക്കണം. ഇടതുപക്ഷത്തിന് ഏറ്റവുമധികം അംഗങ്ങളെ പാർലമെന്റിലെത്തിക്കേണ്ട ബാദ്ധ്യത കേരളഘടകത്തിനുണ്ട്. പക്ഷേ, തുടർഭരണത്തിന്റെ ആലസ്യവും ആകുലതകളും പാർട്ടിയെ വല്ലാതെ വേട്ടയാടുന്നുണ്ട്. മൂലധനശക്തികൾ പാർട്ടിക്കുള്ളിലും അധീശത്വം സ്ഥാപിക്കുന്നുണ്ടോ?

പുതിയ തെറ്റ്

തിരുത്തൽ രേഖ

സമകാലിക രാഷ്ട്രീയ സംഭവങ്ങളും സംഘടനാരംഗത്തെ അടിയന്തര കടമയും എന്ന തെറ്റുതിരുത്തൽ രേഖയാണ് ഇക്കഴിഞ്ഞ സംസ്ഥാനകമ്മിറ്റിയോഗം ചർച്ച ചെയ്തത്. രേഖയിന്മേൽ നടന്ന ചർച്ചയെപ്പറ്റി വാർത്താസമ്മേളനത്തിൽ വിശദീകരിക്കവേ, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, പല യാഥാർത്ഥ്യങ്ങളും തുറന്ന് സമ്മതിച്ചു.

"വെള്ളം കടക്കാത്ത അറകളുള്ള സംവിധാനമല്ല പാർട്ടി. ബൂർഷ്വാ സമൂഹത്തിന്റെ ജീർണതകൾ പാർട്ടി ശരീരത്തിലേക്കും അരിച്ചു കയറാനുള്ള സാദ്ധ്യതയുണ്ട്. അവിടെ മൂല്യങ്ങളുയർത്തിപ്പിടിച്ച് ഫലപ്രദമായ തിരുത്തലിന് എല്ലാവരും വിധേയമാകണം. തെറ്റ് തിരുത്തൽ പ്രക്രിയയെന്നത് ഏതെങ്കിലുമൊരു ദിവസം സംഭവിക്കേണ്ടതല്ല. പാർട്ടി ജീവിതത്തിലുടനീളം ഫലപ്രദമായി അതുണ്ടാവേണ്ടതുണ്ട് "- എം.വി. ഗോവിന്ദൻ വ്യക്തമാക്കി.

ജനങ്ങൾക്ക് എതിരായതോ ജനോപകാരപ്രദമല്ലാത്തതോ ആയ ഒരു നടപടിയും പാർട്ടിയിൽ വച്ചുപൊറുപ്പിക്കില്ലെന്നാണ് തെറ്റുതിരുത്തൽ രേഖയിലെ കാതലായ അംശമായി സി.പി.എം സംസ്ഥാനസെക്രട്ടറി മുന്നോട്ടുവച്ചത്. തെറ്റായ പ്രവണതകളോട് വിട്ടുവീഴ്ചയില്ല. ജനവിരുദ്ധമായോ ജനങ്ങൾക്ക് തെറ്റെന്ന് തോന്നുന്നതോ ആയ ഒന്നിനും പാർട്ടി കൂട്ടുനിൽക്കില്ല. ഏത് രംഗത്തായാലും പാർട്ടി കേഡർമാരുടെ പ്രവർത്തനം ഗൗരവമായി പരിശോധിക്കേണ്ടി വരും. പാർട്ടി നേതാക്കൾക്കും വർഗ, ബഹുജനസംഘടനകളുടെ നേതാക്കൾക്കും കൂടുതൽ ഉത്തരവാദിത്വത്തോടെ പാർട്ടി പ്രവർത്തനം നടത്താനാവണം. പാർട്ടിയുടെ എല്ലാ നിലപാടുകളും ജനോപകാരപ്രദമായി അംഗീകാരം നേടിയെടുക്കുന്നതാവണം. പ്രാദേശികപ്രവർത്തകരുൾപ്പെടെ പാർട്ടിയുടെ ആൾരൂപങ്ങളാണ്. അവർ കമ്യൂണിസ്റ്റ് മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണം-

രേഖയിലെ ഇത്രയും ഭാഗങ്ങൾ വിശദീകരിച്ച എം.വി. ഗോവിന്ദൻ ഇതിലൂടെ ചില മുനവച്ച സൂചനകൾ നൽകി എന്നത് ആ ഘട്ടത്തിൽ ആരും മനസിലാക്കിയെന്ന് തോന്നുന്നില്ല. എന്നാൽ രണ്ട് ദിവസത്തിന് ശേഷം സംസ്ഥാനകമ്മിറ്റി യോഗത്തിൽ ഈ രേഖയിന്മേൽ നടന്ന ചർച്ചയിലെ ഒരുഭാഗം ചോർന്നത് വൻ കോളിളക്കം സൃഷ്ടിച്ചു. അത് കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജനെതിരെ പി. ജയരാജൻ ഉന്നയിച്ച ആരോപണമാണ്. കണ്ണൂർ തട്ടകമാക്കിയ നേതാക്കളാണ് ഇരുവരും. മുതിർന്ന നേതാവിനെതിരെ വെടിപൊട്ടിച്ച ജയരാജൻ ഗുരുതരമായ സാമ്പത്തിക ആരോപണമാണ് ഉന്നയിച്ചതെന്നത് ശ്രദ്ധേയം. കണ്ണൂരിൽ വൈദേകം എന്ന പേരിൽ ആയുർവേദ വില്ലേജും റിസോർട്ടും കെട്ടിപ്പൊക്കിയത് 30 കോടിയോളം രൂപയുടെ അനധികൃതസ്വത്ത് സമ്പാദിച്ചിട്ടാണെന്നാണ് ആരോപണം. ഇ.പി. ജയരാജന്റെ മകനാണ് ഇതിലെ ഏറ്റവും വലിയ ഓഹരിയുള്ള ഡയറക്ടർ. ഭാര്യയും ഡയറക്ടർബോർഡിലാണ്.

റിസോർട്ടിനെച്ചൊല്ലിയുള്ള വിവാദങ്ങൾ നേരത്തേയുണ്ട്. പാരിസ്ഥിതികപ്രശ്നമുയർത്തി ശാസ്ത്രസാഹിത്യ പരിഷത്ത് ഉൾപ്പെടെ രംഗത്ത് വന്നതാണ്. എം.വി. ഗോവിന്ദന്റെ നാടായ മൊറാഴയിൽ കുന്നിടിച്ച് നിരത്തിയാണ് ഇത് കെട്ടിപ്പൊക്കിയത്. അതിനെതിരെ പ്രാദേശിക പാർട്ടി ഘടകത്തിൽ നിന്നടക്കം എതിർപ്പുകളുമുയർന്നു. കണ്ണൂരിലെ ആന്തൂർ നഗരസഭാ പരിധിയിൽ പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്തത് പാർട്ടിക്ക് ക്ഷീണമുണ്ടാക്കിയത് വാർത്തയായിരുന്നു. സാജന്റെ സംരംഭം തഴയപ്പെട്ടത് ഇപ്പോൾ വിവാദമുയർത്തുന്ന ആയുർവേദ റിസോർട്ടിന് വേണ്ടിയാണെന്ന ആക്ഷേപവും ഒരു വശത്തുണ്ട്. സി.പി.എമ്മിന്റെ കണ്ണൂർ ജില്ലാക്കമ്മിറ്റിയിൽ നേരത്തേ പി. ജയരാജൻ തന്നെ വിഷയം ഉയർത്തിയിരുന്നുവെന്ന് പറയുന്നു. എന്നാൽ വിവാദ റിസോർട്ടുമായി ബന്ധമില്ലെന്ന നിലപാടാണ് ഇ.പി. ജയരാജൻ ആവർത്തിക്കുന്നത്. നേരത്തേ മുതൽ ചർച്ച ചെയ്യപ്പെടുന്ന, വിവാദത്തിരയുള്ള ഈ മൂലധനസ്വരൂപം ഇപ്പോൾ ചർച്ചയാക്കപ്പെടുന്നത് പാർട്ടിക്കുള്ളിലെ ചില ഗൂഢനീക്കങ്ങളുടെ ഭാഗമാണോ എന്ന സംശയം ജയരാജനുമായി ബന്ധപ്പെട്ടവർക്കുണ്ട്. പ്രത്യേകിച്ചും അദ്ദേഹം നിഷേധാത്മകമായി പാർട്ടിയിൽനിന്ന് വിട്ടുനിൽക്കുമ്പോൾ. ആരോഗ്യപ്രശ്നത്താലാണ് വിട്ടുനിൽക്കൽ എന്നദ്ദേഹം ആവർത്തിക്കുന്നു. അങ്ങനെയെന്തെങ്കിലും സ്ഥാപിത താത്‌പര്യത്തോടെ കുത്തിപ്പൊക്കി ചർച്ചയാക്കുന്ന ആരോപണമായാൽ തന്നെയും, കമ്മ്യൂണിസ്റ്റ് മൂല്യങ്ങളുയർത്തിപ്പിടിക്കേണ്ട ഉന്നത നേതാവ് മൂലധനശക്തിക്ക് അടിപ്പെട്ട് വഴിതെറ്റിപ്പോകുന്നുവെന്ന ആക്ഷേപം സി.പി.എമ്മിന്റെ തിളക്കം കുറയ്ക്കുന്നത് തന്നെയാണ്.

തിരുവനന്തപുരം ജില്ലയിലെ ചില യുവജന, വിദ്യാർത്ഥി നേതാക്കൾ വഴിതെറ്റിപ്പായുന്നത് ജില്ലാ സെക്രട്ടറിയുടെ തണലിലാണെന്ന ആക്ഷേപവും സി.പി.എമ്മിന് ഭൂഷണമല്ലാത്തതാണ്. സംസ്ഥാനത്താകെ യുവജന, വിദ്യാർത്ഥി നേതാക്കളുൾപ്പെടെ ആഡംബരപ്രിയരും സ്ഥാനമോഹികളും ധനമോഹികളുമാകുന്നുവെന്ന നിലവാരത്തകർച്ച സി.പി.എം അഭിമുഖീകരിക്കുന്നുണ്ട്. തുടർഭരണവും ഇതിനൊരു കാരണമായിട്ടുണ്ടാകാം. ഡി.വൈ.എഫ്.ഐ നേതാക്കൾ ഡൽഹിയിലേക്ക് തൊഴിലില്ലായ്മ മാർച്ചിന് പോയ സംഭവവും കഴിഞ്ഞ സംസ്ഥാനകമ്മിറ്റി യോഗത്തിൽ ചർച്ചയായതായാണ് വിവരം. ഡൽഹിയിൽ സമരത്തിന് ആഡംബരത്തോടെ യാത്ര ചെയ്യേണ്ടതുണ്ടോയെന്ന ചോദ്യം സംസ്ഥാനസെക്രട്ടറി തന്നെയാണ് ഉയർത്തിയതെന്ന് അറിയുന്നു.

ബംഗാളിൽ കണ്ടത്

മൂന്നരപ്പതിറ്റാണ്ട് നീണ്ട ഇടത് തുടർഭരണത്തിന് ബംഗാൾജനത താഴിട്ടത് 2011ലാണ്. അധികാരത്തിന്റെ ദുഷിപ്പുകൾ സി.പി.എമ്മിനെ വേട്ടയാടിയത് പതനമായി. നന്ദിഗ്രാമിലും സിംഗൂരിലും വൻകിട വ്യവസായങ്ങൾക്കായി ഭൂമിയേറ്റെടുക്കലുകൾ സൃഷ്ടിച്ച കലാപങ്ങളാണ് വിനയായതെങ്കിലും ആത്യന്തികമായി ഇടതുഭരണത്തിനെതിരെ ജനങ്ങൾക്കിടയിലുയർന്നു വന്ന അവമതിപ്പ് കൂടിയാണ് പ്രശ്നമായത്. പ്രവർത്തകരുടെ ധാർഷ്ഠ്യവും അധികാരപ്രമത്തതയും ജനങ്ങൾക്ക് പേടിസ്വപ്നമായി. പതനത്തിൽ നിന്ന് തിരിച്ചുകയറാനായിട്ടില്ല സി.പി.എമ്മിന്.

താഴെത്തട്ടിൽ സി.പി.എം ഇന്ന് അവിടെ നേരിടുന്നത് കൊടിയ വെല്ലുവിളികളാണ്. തൃണമൂൽ അഴിച്ചുവിടുന്ന ക്ലബ്ബ്, ഗുണ്ടാ രാഷ്ട്രീയത്തിൽ നിന്ന് ബംഗാൾജനത മോചനം ആഗ്രഹിക്കുന്നുണ്ട്. സി.പി.എമ്മിന് താഴെത്തട്ടിൽ സ്വീകാര്യതയൊക്കെ തിരിച്ചുകിട്ടുന്നുണ്ട്. എന്നിരുന്നാലും ഇടതുപക്ഷം തകർന്നടിഞ്ഞ വിടവിലേക്ക് സംഘപരിവാർശക്തികളിപ്പോൾ നുഴഞ്ഞുകയറി ശക്തി പ്രാപിച്ചുവരുന്നു. കോൺഗ്രസും ഇടതിനെപ്പോലെ ദുർബലമാണ്. ബംഗാളിലെ അനുഭവം കേരളത്തിന് വരാതിരിക്കട്ടെ.