photo

കൊവിഡ് കാലത്ത് സർവീസ് നിറുത്തിവച്ചെങ്കിലും പിന്നീട് തുടങ്ങിയപ്പോൾ റെയിൽവേ അതുവരെ നൽകിയിരുന്ന എല്ലാ സൗജന്യങ്ങളും വെട്ടിക്കുറയ്ക്കുകയാണ് ചെയ്തത്.

അതിന് പുറമേ പാസഞ്ചർ ട്രെയിനുകൾ എക്സ്‌പ്രസ് ട്രെയിനുകളാക്കിമാറ്റി കൂടിയ ടിക്കറ്റ് നിരക്ക് ഈടാക്കുകയും ചെയ്തു. പാസഞ്ചറുകൾ എക്സ്‌‌പ്രസുകളായതോടെ ചെറിയദൂരം സഞ്ചരിക്കേണ്ടവർ പോലും എക്സ്‌പ്രസ് നിരക്ക് നൽകേണ്ടിവന്നു.

യാത്രക്കാരോടുള്ള റെയിൽവേയുടെ സമീപനത്തെ കൊവിഡിന് മുമ്പും ശേഷവുമെന്നും കൃത്യമായി വേർതിരിക്കാം. ഒരു സേവന മേഖലയാണെന്നത് പാടെ അവഗണിച്ചുകൊണ്ടുള്ള തീരുമാനങ്ങളാണ് കൊവിഡിന് ശേഷം റെയിൽവേയുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. കൊവിഡിന് മുൻപ് മുതിർന്ന പൗരന്മാർക്ക് റെയിൽവേ യാത്രാഇളവുകൾ നൽകിയിരുന്നു. കൊവിഡിനുശേഷം അത് പുനഃസ്ഥാപിച്ചില്ല. ഇളവുകൾ നൽകാനാവില്ലെന്ന സമീപനമാണ് കേന്ദ്രമന്ത്രി സ്വീകരിച്ചിരിക്കുന്നത്. 2020 മാർച്ച് 20 മുതൽ 2022 മാർച്ച് 31 വരെയുള്ള കണക്ക് പ്രകാരം 7.31 കോടി മുതിർന്ന പൗരന്മാരാണ് ട്രെയിനിൽ യാത്ര ചെയ്തത്. ഇക്കാലയളവിൽ മുതിർന്ന പൗരന്മാരിൽ നിന്നുള്ള ആകെ വരുമാനം 3,464 കോടി രൂപയാണ്. ഇതിൽ യാത്രാ ഇളവ് ഒഴിവാക്കിയതിലൂടെ അധികമായി ലഭിച്ചത് 1500 കോടിയോളം രൂപയാണ്. കൊവിഡിന് ശേഷം രാജ്യത്തെ ജനങ്ങൾ സാമ്പത്തികമായും മറ്റും ബുദ്ധിമുട്ടുമ്പോൾ അവരെ സഹായിക്കുന്നതിന് പകരം കൊള്ളയടിക്കുന്ന സമീപനം പൊതുമേഖലാ സ്ഥാപനമായ റെയിൽവേ കൈക്കൊള്ളുന്നത് ശരിയല്ല. വന്ദേഭാരത് ഉൾപ്പെടെ നിരവധി മാറ്റങ്ങളിലൂടെയും പരിഷ്കാരങ്ങളിലൂടെയും കടന്നുപോകുന്ന റെയിൽവേ ഇവിടത്തെ സാധാരണക്കാരായ യാത്രക്കാരെ മറക്കുന്ന സമീപനം സ്വീകരിക്കുന്നത് ഒരിക്കലും ന്യായീകരിക്കാനാവില്ല.

മുതിർന്ന പൗരന്മാർക്കുള്ള യാത്രാ ഇളവ് അടിയന്തരമായി പുനഃസ്ഥാപിക്കാൻ പ്രധാനമന്ത്രി ഇടപെടുകയാണ് വേണ്ടത്. തിരക്കിന് അനുസരിച്ച് നിരക്ക് ഉയർത്തുന്ന ഫ്ലക്‌സി രീതി സ്വീകരിച്ചതിലൂടെ 2019 മുതൽ 2022 ഒക്ടോബർ വരെ റെയിൽവേയുടെ അക്കൗണ്ടിലെത്തിയത് 2442 കോടി രൂപയാണ്. ഈ വർഷം ഒക്ടോബർ വരെ ഫ്ളക്‌സി നിരക്കിലൂടെ റെയിൽവേയ്ക്ക് ലഭിച്ചത് 680 കോടി രൂപയാണെന്ന് റെയിൽവേ മന്ത്രാലയം തന്നെ വ്യക്തമാക്കുന്നു. 2021നെ അപേക്ഷിച്ച് 2022ൽ 76 ശതമാനമാണ് ടിക്കറ്റ് ഇനത്തിലെ വരുമാന വർദ്ധന. 2021 ഏപ്രിൽ മുതൽ നവംബർ 30 വരെ 23,483.87 കോടിയായിരുന്നു ടിക്കറ്റ് വരുമാനം. എന്നാൽ 2022ലെ ഇതേ കാലയളവിൽ വരുമാനം 41,335.16 കോടിയായി. അധിക വരുമാനമായി ലഭിച്ചത് 17,851.29 കോടി രൂപയാണ്. എന്നാൽ പ്രത്യക്ഷത്തിൽ ടിക്കറ്റ് നിരക്ക് കൂട്ടിയതായി പ്രഖ്യാപിച്ചിട്ടുമില്ല. ഇത് യാത്രക്കാരെ വഞ്ചിക്കുന്ന ഏർപ്പാടാണ്. ഗ്യാസിന്റെയും പെട്രോളിന്റെയും മറ്റും വില നാൾക്കുനാൾ ഉയരുന്നു. അവശ്യസാധനങ്ങളുടെ വിലവർദ്ധനവും പിടിച്ചാൽകിട്ടാത്ത മട്ടിലാണ്. ഇതിനിടയിൽ നട്ടംതിരിയുന്ന മനുഷ്യരെ കൂടുതൽ പിഴിയുന്ന ഏർപ്പാട് റെയിൽവേ അവസാനിപ്പിക്കേണ്ടതാണ്.