vincent

 അറസ്റ്റിലായത് തമിഴ്‌നാട്ടുകാരൻ വിൻസന്റ് ജോൺ

 200ലേറ തട്ടിപ്പ് കേസിൽ പ്രതി

തിരുവനന്തപുരം: കോട്ടും സ്യൂട്ടുമിട്ട്, ചറപറാ ഇംഗ്ളീഷ് സംസാരിച്ച് ഇവന്റ് മാനേജരെന്ന് പരിചയപ്പെടുത്തിയപ്പോൾ തലസ്ഥാന നഗരത്തിലെ സ്റ്റാർഹോട്ടൽ ജീവനക്കാർ വീണു. എ.സി സ്വീറ്റിൽ മൂന്നൂനാൾ ഓസിന് ഉണ്ടും ഉറങ്ങിയും സ്കോച്ചടിച്ചും അർമാദിച്ച ശേഷം ലാപ്ടോപ്പ് അടിച്ചുമാറ്റി മുങ്ങിയ കുപ്രസിദ്ധ തട്ടിപ്പുകാരൻ പൊലീസ് വലയിൽ കുടങ്ങി. തമിഴ്‌നാട് തൂത്തുക്കുടി നടരാജപുരം സ്വദേശി വിൻസന്റ് ജോണാണ് (63) കന്റോൺമെന്റ് പൊലീസിന്റെ പിടിയിലായത്.

ആന്ധ്രപ്രദേശ്, തമിഴ്നാട്, ഗുജറാത്ത്, കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ ഇരുന്നൂറിലേറെ തട്ടിപ്പ് കേസുകളിൽ പ്രതിയാണ്. തൃശൂരിൽ മുമ്പൊരിക്കൽ പിടിയിലായി കുറച്ചുനാൾ ജയിലിൽ കിടന്നിട്ടുണ്ട്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച മുങ്ങിയ വിൻസന്റിനെ സൈബർ പൊലീസ് സഹായത്തോടെയാണ് ഞായറാഴ്ച വലയിലാക്കിയത്. തട്ടിപ്പ് പരാതിയിൽ ഹോട്ടലിലെ സിസി ടി.വി പരിശോധിച്ചപ്പോഴാണ് പിന്നിൽ വിൻസന്റാണെന്ന് തിരിച്ചറിഞ്ഞത്. മൊബൈൽ ടവർ ലൊക്കേഷൻ പിന്തുടർന്ന് കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്ന് പിടികൂടുകയായിരുന്നു. അരലക്ഷം രൂപ വിലയുള്ള ലാപ്ടോപ്പ് കൊല്ലത്ത് വിറ്റെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്.

വ്യാജ പേരും വിലാസവും നൽകിയാണ് റൂമെടുക്കുന്നത്. തിരുവനന്തപുരത്ത് നൽകിയ പേര് വിൻസന്റ് ജയൻ. തേരിനാഥൻ, മിഖായേൽ ജോസഫ്, ദിലീപ് സ്റ്റീഫൻ, മിഖായേൽ ഫെ‌‌‌ർണാ‌ണ്ടോ, വിജയ് കരൺ, രാജീവ് ദേശായി തുടങ്ങി ഒരു ഡസനിലധികം പേരുകളും തട്ടിപ്പിനായി ഉപയോഗിച്ചിട്ടുണ്ട്. ഈ പേരുകളിലെ വിസിറ്റിംഗ് കാർഡുകളും എ.ടി.എം കാർഡുകളും ഇയാളിൽ നിന്ന് പിടിച്ചെടുത്തു.

കോടതി റിമാൻഡ് ചെയ്ത വിൻസന്റ് ജോണിനെ വിശദാന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങുമെന്ന് കന്റോൺമെന്റ് സി.ഐ മുഹമ്മദ് ഷാഫി പറഞ്ഞു. ഇയാളുടെ കൂടുതൽ വിവരങ്ങൾ അപ്പോഴേ ലഭ്യമാകൂ.

ബിസിനസ് മീറ്റ്,

ലാപ്പ് തകരാർ...

വിൻസന്റ് ജോൺ സ്റ്റാർ ഹോട്ടൽ മാത്രമേ തട്ടിപ്പിന് തിരഞ്ഞെടുക്കൂ. കോടീശ്വരനെന്ന് പരിചയപ്പെടുത്തുന്ന ഇയാളുടെ വാക്ചാതുരിൽ ഹോട്ടൽ ജീവനക്കാർ വീഴും. ചെറിയൊരു അഡ്വാൻസ് കൊടുത്ത ശേഷം ഭക്ഷണബില്ലുൾപ്പെടെ മുറി ഒഴിയുന്നദിവസം അടയ്ക്കാമെന്ന് പറയും. മുന്തിയ മുറിയിൽ മൂന്നോ നാലോ നാൾ അടിച്ചുപൊളി. പിന്നെ മുങ്ങാനുള്ള തന്ത്രം മെനയാലായി. നഗരത്തിലെ ഹോട്ടലിൽ ബിസിനസ് മീറ്റിനായി കോൺഫറൻസ് ഹാൾ ആവശ്യപ്പെട്ടു. തന്റെ ലാപ്‌ടോപ്പ് തകരാറിലായെന്നും മീറ്റിംഗിൽ വിഷയം അവതരിപ്പിക്കാൻ പകരമൊന്ന് വേണമെന്നും അഭ്യർത്ഥിച്ചു. ബിസിനസ് വമ്പനെന്ന് വിശ്വസിച്ച് ഹോട്ടലുകാർ നൽകിയ ലാപ്പുമായി തന്ത്രത്തിൽ മുങ്ങുകയായിരുന്നു.